Breaking News

Trending right now:
Description
 
May 31, 2015

ഇന്ന്‌ ലോക പുകവലി വിരുദ്ധദിനം: 74 ശതമാനം കുട്ടികളും പുകവലിക്കാര്‍; മൂന്നുമാസത്തെ പിഴ 52.42 ലക്ഷം രൂപ

image ലോക വിരുദ്ധദിനമായി ഇന്നു ആചരിക്കുമ്പോഴും സംസ്ഥാനത്ത്‌ 74 ശതമാനം കുട്ടികളും പുകയില ഉപഭോക്താക്കളാണെന്ന്‌ പഠനം. ദേശീയ മയക്കുമരുന്നു ചികിത്സാകേന്ദ്രം, ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ എന്നിവ ചേര്‍ന്ന്‌ കുട്ടികളിലെ പുകയില ഉപയോഗം സംബന്ധിച്ച്‌ നടത്തിയ പഠനത്തിലാണ്‌ ഈ വിവരം ഉള്ളത്‌. പുകയില്ലാത്ത പുകയില ഉപയോഗമാണ്‌ കുട്ടികളില്‍ വര്‍ധിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. ചവയ്‌ക്കുന്ന പുകയില ഉത്‌പന്നങ്ങളാണ്‌ കൂടുതല്‍ വിറ്റുപോകുന്നതെന്നും പഠനത്തില്‍ പറയുന്നു. എല്ലാവിഭാഗം ആളുകളിലും പുകയില ഉപഭോഗം വ്യാപകമാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌. പുകയില ഉപയോഗംമൂലമുള്ള രോഗങ്ങളും നൂറുശതമാനം വര്‍ധിച്ചു. കാന്‍സര്‍ രോഗികളില്‍ 100 ശതമാനത്തോളമാണ്‌ വര്‍ധന ഉണ്ടായിരിക്കുന്നത്‌. വായിലും അന്നനാളത്തിലും ശ്വാസകോശത്തിലുമെല്ലാമുള്ള കാന്‍സര്‍ ബാധിതരാണ്‌ ഇക്കൂട്ടരില്‍ ഏറെപ്പേരും. ഇന്ത്യയില്‍ ഒരുവര്‍ഷം ഒരു മില്യണ്‍ ആളുകള്‍ പുകയിലജന്യ രോഗങ്ങള്‍കൊണ്ട്‌ മരിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. 2020 ആകുമ്പോഴേയ്‌ക്കും ഇതു നാലിരട്ടിയാകും.

അതേസമയം, പൊതുസ്ഥലങ്ങളിലെ പുകവലിക്കാരില്‍നിന്നു മൂന്നു മാസംകൊണ്ടു 52.42 ലക്ഷം രൂപയാണ്‌ പിഴയായി കേരള പൊലീസ്‌ ഈടാക്കിയത്‌. പൊതുസ്ഥലങ്ങളിലെ പുകവലിക്കാരില്‍ ഇതുവരെ പിടിക്കപ്പെട്ടത്‌ 27,717 പേരാണ്‌. കൂടുതല്‍ ആളുകള്‍ കുടുങ്ങിയത്‌ മലപ്പുറം ജില്ലയിലാണ്‌- 3,898 പേര്‍ക്കെതിരെ ഇവിടെ കേസെടുത്തു. 7,77,400 രൂപയാണ്‌ ഇവരില്‍നിന്നു പിഴയായി ഈടാക്കിയത്‌. എറണാകുളം ജില്ലയില്‍ 2,272 പേരില്‍നിന്നു പിഴ ഈടാക്കി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു പുകയില ഉത്‌പന്നങ്ങള്‍ വിറ്റതിനു മൂന്നു മാസത്തിനിടെ 207 പേര്‍ക്കെതിരേ കേസെടുത്തു. 2,39,200 രൂപ പിഴയായി ഇവരില്‍ നിന്ന്‌ ഈടാക്കി. പുകയില ഉത്‌പന്നങ്ങളുടെ പരസ്യം പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ സംസ്ഥാനത്തു ജനുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ 43 പേരെ പിടികൂടിയെങ്കിലും പിഴയൊന്നും ഈടാക്കിയിട്ടില്ല. പൊതുസ്ഥലങ്ങളിലെ പുകവലിക്കാരില്‍നിന്നു 2014ല്‍ കേരള പോലീസ്‌ പിരിച്ചെടുത്തത്‌ 1,66,38,400 രൂപയാണ്‌. 2003ല്‍ ഇതു 84,80,750 രൂപയായിരുന്നു.