Breaking News

Trending right now:
Description
 
May 28, 2015

നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് മറക്കാതിരിക്കാൻ ഒരു പേരും മുഖവും 'നീന'

image ലാല്‍ ജോസിന്റെ സംവിധാനമികവില്‍ പുറത്തിറങ്ങിയ രണ്ടു മണിക്കൂര്‍ 45 മിനുട്ട് നീണ്ടുനിൽക്കുന്ന 'നീന' ശബ്ദകോലാഹലങ്ങൾ ഇല്ലാതെ ചെറുതെങ്കിലും ഒരു നല്ല സന്ദേശം സമൂഹത്തിന് പകർന്നുനല്കുന്ന ചിത്രമാണ്. മലയാളത്തിലെ മികച്ച സ്ത്രീപക്ഷ ചിത്രങ്ങളിലൊന്ന് എന്ന ലേബലിലാകും ഒരുപക്ഷെ മലയാള സിനിമാചരിത്രം 'നീന' യെ അടയാളപ്പെടുത്തുക.

ഒരു അടിച്ചുപൊളി സിനിമയെ സമീപിക്കുംപോലെ ഈ സിനിമയെ സമീപിച്ചവർ നിരാശരായിട്ടുണ്ടാകാം . നീനയുടെ ബോസ്സ് ആയാണ് വിജയ്‌ ബാബു അവതരിപ്പിക്കുന്ന കഥാപാത്രം വി.പി. വി.പി എന്ന കഥാപാത്രത്തിലൂടെയാണ് നീനയുടെ കഥ പറഞ്ഞ് പോകുന്നത്. 

വിജയ്‌ ബാബു പല സന്ദർഭങ്ങളിലും കഥാപാത്രമായി ജീവിക്കുന്നതായാണ് പ്രേക്ഷകർക്ക് അനുഭവപ്പെടുക. മുംബൈയിൽ നിന്ന് കൊച്ചിയിലെ മൈത്രി എന്ന അഡ്വർട്ടയിസിങ്ങ് കമ്പനിയിലേക്ക് ബ്രാഞ്ച് ഹെഡ് ആയി ട്രാൻസ്ഫർ ആയി വരുന്ന വിനയ് പണിക്കർ എന്ന കഥാപാത്രം ആയി വിജയ്‌ ബാബു എത്തുന്നു. കൂടെ ഭാര്യയുടെ റോളിൽ നളിനി എന്ന കഥാപാത്രം ആയി ആൻ അഗസ്റ്റിനും. വിജയ് പണിക്കർ നീനയെ അടുത്തറിയാന്‍ ശ്രമിക്കുകയും ഒരു സുഹൃത്ത് എന്ന നിലയില്‍ ഇടപെടുകയും ചെയ്യുന്നു. 

കമ്പനിയിൽ ക്രിയേറ്റീവ് ഡയറക്ടറ് ആയി ജോലി ചെയ്യുന്ന മിടുക്കിയായ നീന എന്ന പെണ്കുട്ടി മുഴുവന്‍ സമയ മദ്യപാനിയും പുകവലിക്കാരിയുമാണ്. ഇവരുടെ സൌഹൃദം തുടരുമ്പോള്‍ ഇവരുടെ ജീവിതങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ്‍ ഈ സിനിമയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍. വളരെ കൃത്രിമമായ കഥാസന്ദര്‍ഭങ്ങളും വല്ലാതെ ബോറടിപ്പിക്കുന്ന സാഹചര്യങ്ങളും ഈ ചിത്രത്തില്‍ ഒരുപാടുണ്ട് എന്ന് പറയാതെ വയ്യ. 

അമിതമദ്യപാനികള്‍ക്കും അമിത മദ്യപാനത്തിലേയ്ക്ക്പോകാന്‍ താല്‍പര്യമുള്ളവര്‍ക്കും ലഹരി വിമുക്ത കേന്ദ്രത്തില്‍ എന്തൊക്കെ സംഭവിക്കുന്നു എന്നറിയാന്‍ ഉല്‍സുകരായവര്‍ക്കും ഒരു ലഹരി വിമുക്ത സ്ഥാപനത്തില്‍ നീന എത്തുന്നതോടെ ഒരു ഡോക്യുമെന്‍ററിയായി രൂപാന്തരം സംഭവിക്കുന്ന 'നീന' ഉപകാരപ്പെടും. 

നീന എന്ന പുതുമുഖ നടിയായ ദീപ്തി സതി സ്‌ക്രീന്‍ പ്രസന്‍സുകൊണ്ടും അഭിനയമികവുകൊണ്ടും പ്രേക്ഷകരുടെ മനം കവര്‍ന്നു. വെള്ളമടിയും പുകവലിയും കാണിക്കല്‍ മാത്രമല്ല ബോള്‍ഡ്നസ്സ് എന്ന് നീന എന്ന കഥാപാത്രത്തിന്റെ ചലനങ്ങളില്‍ വരെ ദീപ്തിക്കു കാണിച്ചുതന്നു. നവാഗതനായ നിഖില്‍ ജെ മേനോന്റെ ഗാനങ്ങൾ പതിവ് ലാൽജോസ് ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ഉയർന്നില്ല എങ്കിലും നിരാശപ്പെടുത്തിയില്ല. 

സംവിധാനമികവിനുമാത്രം സിനിമയുടെ ആകെ വിലയിരുത്തൽ സാധ്യമാകാത്ത പോലെ ഇതിൽ , എടുത്തുപറയേണ്ടതാണ് വേണുഗോപാലിന്റെ ശക്തമായ തിരക്കഥ. അധിക ബഹളമില്ലാത്ത ബിജിപാലിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ പ്ലസ് പോയിന്റാണ്.