Breaking News

Trending right now:
Description
 
May 27, 2015

കേരളത്തിലെ ജലഗതാഗതമേഖല പുകവലി വിമുക്തമാകുന്നു

image
ആലപ്പുഴ: കേരളത്തിലെ ജലഗതാഗത മേഖല പുകവലി വിമുക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കീഴിലുള്ള ബോട്ടുകളില്‍ പുകവലി നിരോധനം കര്‍ശനമാക്കി. വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 56 ബോട്ടുകളിലും  'പുകവലി പാടില്ല' എന്നെഴുതിയ ബോര്‍ഡുകളും സ്ഥാപിച്ചതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ വകുപ്പ് വ്യക്തമാക്കി. 

ഈ ബോട്ടുകളില്‍ ഏറിയ പങ്കും കോട്ടയം, ആലപ്പുഴ, എറണാകുളം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട്  ജില്ലകളിലാണ്. ജലഗതാഗതത്തെ പ്രധാനമായി ആശ്രയിക്കുന്ന ആലപ്പുഴ ജില്ലയില്‍ സര്‍വീസ് നടത്തുന്ന 28 ബോട്ടുകളില്‍ പ്രതിദിനം ശരാശരി 35,000 യാത്രക്കാരുണ്ട്. സംസ്ഥാനത്ത് പ്രതിവര്‍ഷം രണ്ടരക്കോടി യാത്രക്കാരാണ് ജലഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നത്. സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
 പുകവലിക്കുന്നവരെ പിടികൂടാനുള്ള പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെന്നും ബോട്ട് മാസ്റ്റര്‍മാരോട് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ശ്രീ ഷാജി വി.നായര്‍ പറഞ്ഞു. പരോക്ഷപുകവലിയില്‍ നിന്നുള്ള ആരോഗ്യസുരക്ഷ മാത്രമല്ല ഇതിലൂടെ ലക്ഷ്യമിടുന്നത്. സിഗരറ്റ്-ബീഡിക്കുറ്റികള്‍ നിക്ഷേപിച്ച് ജലാശയങ്ങള്‍ മലിനമാക്കാതിരിക്കാനും ഇത്  സഹായിക്കും. ബോട്ടില്‍ ആരെങ്കിലും പുകവലിക്കുന്നതായി പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട ജീവനക്കാരുടെമേല്‍ നടപടിയെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള കോട്പ നിയമം കര്‍ശനമാക്കുന്നതിന് ജലഗതാഗതവകുപ്പിന്റെ നടപടി സഹായകമാകുമെന്ന് ഗതാഗതമേഖലയിലെ വിദഗ്ധനും ഐ.എല്‍.ആന്‍ഡ് എഫ്.എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നെറ്റ്‌വര്‍ക്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റുമായ ശ്രീ അനില്‍കുമാര്‍ പണ്ടാല പറഞ്ഞു. സംസ്ഥാനത്തെ ബസ്സ്റ്റാന്‍ഡുകളിലും ബസ്‌സ്റ്റോപ്പുകളിലും കൂടി പുകവലി നിരോധനം കര്‍ശനമാക്കാനുള്ള നടപടിയും നിയമം ഒരേപോലെ നടപ്പാക്കുന്നതും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. പുകയില നിയന്ത്രണം സംബന്ധിച്ച ഇന്ത്യന്‍ നിയമമായ കോട്പയുടെ നാലാം വകുപ്പനുസരിച്ചാണ് പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിക്കപ്പെട്ടത്. പൊതുഗതാഗത സംവിധാനവും ഇതിന്റെ കീഴില്‍ വരും.