Breaking News

Trending right now:
Description
 
May 26, 2015

നയന്‍താര നായികയായ മാസ്‌ ഇനി മാസു

image തമിഴ്‌ നടന്‍ സൂര്യയും സംവിധായകന്‍ വെങ്കട്‌ പ്രഭുവും ഒന്നിക്കുന്ന മാസ്‌ എന്ന ചിത്രത്തിന്റെ പേര്‌ മാസു എന്നുമാറ്റി. മാസു എന്ന മാസിലാമണി എന്നാണ്‌ മുഴുവന്‍ പേര്‌. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ്‌ ഇക്കാര്യം അറിയിച്ചത്‌. മാസ്‌ എന്നോ മാസുവെന്നോ വായിക്കാവുന്ന വിധമാണു ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍. തമിഴ്‌നാട്ടില്‍ നികുതി ഇളവ്‌ ലഭിക്കുന്നതിനാണ്‌ പേരുമാറ്റം നടത്തിയത്‌. തമിഴില്‍ പേരിടുന്ന പതിവു ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒഴിവാക്കിയതോടെ തമിഴ്‌നാട്‌ സര്‍ക്കാര്‍ തമിഴ്‌ പേരുകള്‍ക്കു നികുതി നിരക്കില്‍ ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്‌. ചിത്രം ഈമാസം 29ന്‌ റിലീസ്‌ ചെയ്യും. നയന്‍താരയാണ്‌ നായിക.

കൊച്ചിയില്‍ സിനിമയുടെ പ്രചാരണാര്‍ഥം ഇന്നലെ നടന്‍ സൂര്യ പങ്കെടുത്ത ചടങ്ങില്‍ ചിത്രത്തിന്റെ പോസ്റ്ററുകളിലും മറ്റും പുതിയ പേരാണ്‌ ഉപയോഗിച്ചിരുന്നത്‌. സിനിമയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നു സൂര്യ പറഞ്ഞു. കേരളത്തില്‍ നിന്നൊരു സംവിധായകന്‍ തന്നെയും ജ്യോതികയേയും ഒരുമിച്ചഭിനിയിപ്പിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്‌. നല്ല കഥ കിട്ടിയാല്‍ അതുണ്ടാകും. കഥ പറയാന്‍ അവര്‍ 10 മാസം സമയം ചോദിച്ചിട്ടുണ്ട്‌. ഏതായാലും ഒരു വര്‍ഷത്തിനകം ആ ചിത്രം സംഭവിക്കാം. കൂടാതെ മലയാളത്തിലേക്കു ക്ഷണിച്ചാല്‍ വരാന്‍ തയാറാണെന്നും സൂര്യ പറഞ്ഞു. നല്ല കഥകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ മലയാളികള്‍ ഏറെ മുന്നിലാണ്‌. ഹൗ ഓള്‍ഡ്‌ ആര്‍ യു തമിഴില്‍ വരാന്‍ കാരണമായത്‌ റോഷന്‍ ആന്‍ഡ്രൂസും മഞ്‌ജു വാര്യരുമാണ്‌. അവരോട്‌ തീരാത്ത നന്ദിയുണ്ടെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.