Breaking News

Trending right now:
Description
 
May 23, 2015

മലയാളി വൈദികന്‍ എഴുതിയ പ്രണയ-നയതന്ത്രഇംഗ്ലീഷ് നോവല്‍ പാകിസ്ഥാനില്‍ തരംഗമാകുന്നു

തോമസ് മത്തായി കരിക്കംപള്ളില്‍
image ലാഹോര്‍ എക്‌സ്പ്രസ്' ചര്‍ച്ചാവിഷയം

പത്രപ്രവര്‍ത്തകനും വിദ്യാഭ്യാസവിദഗ്ധനുമായ മലയാളി വൈദികന്‍ എഴുതിയ ഇംഗ്ലീഷ് നോവല്‍ പാകിസ്ഥാനില്‍ തരംഗമാകുന്നു. സി.എം.ഐ സഭയിലെ ഫാ.സിറിയക് തുണ്ടിയില്‍ (സിറിയക് തോമസ്) എഴുതിയ 'ലാഹോര്‍ എക്‌സ്പ്രസ്' എന്ന പ്രണയ-നയതന്ത്ര നോവലാണിപ്പോള്‍ ചര്‍ച്ചാവിഷയം. ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലും വ്യാപകമായി ഈ നോവല്‍ വായിക്കപ്പെട്ടു തുടങ്ങി.

നോവലിന്റെ ചുരുക്കം ഇങ്ങനെ: പാകിസ്ഥാന്‍ പ്രസിഡന്റിന്റെ മകള്‍ ഹസീന, ജനപ്രിയ ഗായികയാണ്. അടിമുടി സുന്ദരിയായ അവള്‍ പാകിസ്ഥാനിലെ ഒരു യുവാവിന്റെ പ്രണിയിനിയും. ലാഹോര്‍ സ്‌റ്റേഡിയത്തില്‍ പാടിയാടി നടത്തിയ ഒരു അവതരണയാഘോഷ ദിവസം ഹസീനയെ ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷണറിന്റെ മകന്‍ അന്‍വര്‍ ഒരു സുഹൃത്തിനു പരിചയപ്പെടുത്തുത്തുന്നു. ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ മകനായ ആനന്ദ് ആയിരുന്നു അത്. അവര്‍ തമ്മിലുള്ള പരിചയം പ്രേമബന്ധമായും ഭാവനാതീതമായ രാഷ്ട്രീയ വ്യവഹാരവുമായി വളരുന്നു. അസാധ്യമെന്നു തോന്നുന്ന പ്രവൃത്തി, ജീവന്‍ പണയം വച്ച് അവര്‍ ഏറ്റെടുക്കുമ്പോള്‍ ഇരുരാജ്യങ്ങളുടെയും പരമ്പരാഗത രാഷ്ട്രീയ അടിത്തറകള്‍ ഉലയുകയാണ്. പാകിസ്ഥാനിലെ ഐഎസ്‌ഐയ്ക്കു മാത്രമല്ല ഇന്ത്യയിലെ 'റോ'യ്ക്കും അതു തലവേദനയാകുന്നു. തുടര്‍ന്ന് എല്ലാ ലോകശക്തികളുടെയും ശ്രദ്ധ വിഷയത്തിലേക്കു തിരിയുകയാണ്. യു.എസും ചൈനയും തത്പരരാകുന്നു. സി.ഐ.എ, കെ.ജി.ബി. മൊസാദ് തുടങ്ങിയ അന്താരാഷ്ട്ര ഇന്റലിജന്‍സ് ഏജന്‍സികളും സംഗതികളെക്കുറിച്ചു തിരക്കാനിറങ്ങുന്നു. തുടര്‍ന്നു ആയുധവ്യാപാരികളും ഭീകരപ്രവര്‍ത്തകരും രംഗത്തെത്തുന്നു... ലോകനാശത്തിനു കാരണമാകുന്ന നീക്കങ്ങള്‍...

ന്യൂയോര്‍ക്കില്‍ മേയ് 21-നാണ് നോവല്‍ പ്രകാശനം ചെയ്തത്. പാട്രിജ് (പെന്‍ഗ്വിന്‍ കമ്പനി) ആണ് പ്രസാധകര്‍. 288 പേജുള്ള പേപ്പര്‍ ബാക്കിന് വില 7.20 ഡോളര്‍. സ്വാശ്രയ കോളജ് നിയമത്തെ ആസ്പദമാക്കിയുള്ള 'ദി ഹിഡന്‍ അജന്‍ഡ' (2007) എന്ന ഇംഗ്ലീഷ് പുസ്തകവും അതിന്റെ മലയാള പരിഭാഷയും ഫാ. തുണ്ടിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അനേക വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളതിലൂടെ നേടിയെടുത്തിട്ടുള്ള രാഷ്ട്രീയ വൈവിധ്യത്തെക്കുറിച്ചുള്ള വിശദമായ അറിവാണ് ഇത്തരമൊരു നോവല്‍ രചനയ്ക്കു സഹായകമായിട്ടുള്ളത്. ബല്‍ജിയം ലുവൈന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു തിയോളജിയിലും വെസ്റ്റ് ജര്‍മനി മുണ്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മാസ് കമ്മ്യൂണിക്കേഷനിലും മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്. കേരളത്തില്‍ ടെലിവിഷന്‍ സംപ്രേഷണം അവതരിപ്പിക്കുന്നതില്‍ മുഖ്യമായ പങ്കുവഹിച്ചിരുന്നു. വിവിധ സ്‌കൂളുകളില്‍ പ്രിന്‍സിപ്പാളായിരുന്നു. ആലപ്പുഴ കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി സെക്രട്ടറി, കൊച്ചി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സൊസൈറ്റി ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീപിക ദിനപത്രം ന്യൂസ് എഡിറ്ററായിരുന്നു.ഫോട്ടോകള്‍:

നോവലിസ്റ്റായ ഫാ.സിറിയക് തുണ്ടിയില്‍ സി.എം.ഐയും 'ലാഹോര്‍ എക്‌സ്പ്രസി'ന്റെ പുറംചട്ടയും.