Breaking News

Trending right now:
Description
 
Dec 12, 2012

ട്വിറ്ററിലൂടെയുള്ള മാര്‍പാപ്പയുടെ ആദ്യസന്ദേശത്തില്‍ അനുഗ്രഹം

image വത്തിക്കാന്‍സിറ്റി: ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ തന്റെ അക്കൗണ്ടില്‍നിന്നുള്ള ആദ്യ ട്വിറ്റര്‍ സന്ദേശത്തില്‍ വിശ്വാസികളെ അനുഗ്രഹിച്ചു. പ്രിയ സ്‌നേഹിതരേ, ട്വിറ്ററിലൂടെ നിങ്ങളെ ബന്ധപ്പെടാനാകുന്നതില്‍ സന്തോഷമുണ്ട്‌. നിങ്ങളുടെ പ്രതികരണത്തിനു നന്ദി. എല്ലാവരെയും ഹൃദയപൂര്‍വം അനുഗ്രഹിക്കുന്നു- മാര്‍പാപ്പ ട്വീറ്റ്‌ ചെയ്‌തു. 

വത്തിക്കാനില്‍ ഐപാഡ്‌ ടാബ്‌ലറ്റിലൂടെയാണ്‌ മാര്‍പാപ്പ സന്ദേശം അയച്ചത്‌. ഇംഗ്ലീഷ്‌, അറബിക്‌, ഫ്രഞ്ച്‌, ജര്‍മന്‍, ഇറ്റാലിയന്‍, പോളിഷ്‌, പോര്‍ച്ചുഗീസ്‌, സ്‌പാനിഷ്‌ ഭാഷകളിലായി മാര്‍പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പത്തുലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്‌. @pontifex എന്ന ഇംഗ്ലീഷ്‌ അക്കൗണ്ടില്‍ മാത്രം 6,60,000 ഫോളോവേഴ്‌സുണ്ട്‌. 

വിശേഷദിവസങ്ങളിലും ഞായറാഴ്‌ചകളിലും നല്‌കുന്ന സന്ദേശങ്ങളുടെ സംഗ്രഹം, ലോക സംഭവങ്ങളോടുള്ള സഭയുടെ പ്രതികരണം തുടങ്ങിയവയായിരിക്കും മാര്‍പാപ്പയുടെ ട്വിറ്റര്‍ സന്ദേശങ്ങളുടെ ഉള്ളടക്കമെന്ന്‌ വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. 

കഴിഞ്ഞവര്‍ഷം സഭയുടെ വാര്‍ത്താപോര്‍ട്ടല്‍ ആരംഭിക്കുന്ന വേളയിലാണ്‌ മാര്‍പാപ്പ ആദ്യമായി ട്വിറ്റര്‍ സന്ദേശം നല്‌കിയത്‌. ഇത്‌ വത്തിക്കാന്‍ അക്കൗണ്ടിലായിരുന്നു. സ്വന്തം അക്കൗണ്ടിലുള്ള ട്വിറ്റര്‍ സന്ദേശമാണ്‌ ഇന്നലെ അയച്ചത്‌. ആധുനിക വാര്‍ത്താവിനിമയോപാധികള്‍ സുവിശേഷ പ്രചാരണത്തിന്‌ ഉപയോഗിക്കുന്നതില്‍ കത്തോലിക്കാസഭ എന്നും ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്‌.