Breaking News

Trending right now:
Description
 
Dec 12, 2012

ലോക കലയുടെ മാമാങ്കത്തിന്‌ ഇന്ന്‌ തിരിതെളിയും

image കൊച്ചി: കലയുടെ ലോകോത്തര മാമാങ്കത്തിന്‌ ഫോര്‍ട്ട്‌ കൊച്ചി പരേഡ്‌ ഗ്രൗണ്ടില്‍ ഇന്നു തുടക്കം കുറിക്കും. വൈകിട്ട്‌ 5.30ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബിനാലേയ്‌ക്ക്‌ തിരി തെളിക്കും. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ബിനാലേയാണിത്‌.  ഒട്ടേറെ കലാ പരിപാടികള്‍ വിവിധ സ്ഥലങ്ങളിലായി ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്‌.  മാര്‍ച്ച്‌ 13ന്‌ സമാപിക്കുന്ന ബിനാലേയില്‍ 24 രാജ്യങ്ങളില്‍നിന്നുള്ള പ്രശസ്‌തരായ 90 കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. 

ഇന്ത്യയ്‌ക്ക്‌ അകത്തും പുറത്തുനിന്നുമായി എട്ടു ലക്ഷം പേരെയാണ്‌ ബിനാലേയിലേക്ക്‌ പ്രതീക്ഷിക്കുന്നത്‌. വെള്ളിയാഴ്‌ച മെഹബൂബ്‌ മെമ്മോറിയല്‍ ഓര്‍ക്കസ്‌ട്രയുമായി സഹകരിച്ച്‌ റാഫി നൈറ്റ്‌, ഗാനന്ധ്യാ എന്നിവ ഒരുക്കിയിട്ടുണ്ട്‌. 

പെയിന്റിങ്ങുകള്‍, ശില്‌പങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍, സിനിമാ-നവമാധ്യമ സൃഷ്ടികള്‍ എന്നിവയാണ്‌ ബിനാലേയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. ഫോര്‍ട്ടുകൊച്ചിയുടെ ചരിത്രത്തിന്റെ ഭാഗമായി ആസ്‌പിന്‍വാന്‍ഹൗസിലാണ്‌ ഇന്‍സ്റ്റലേഷനുകളിലേറെയും ഒരുക്കുന്നത്‌.  

ഫോര്‍ട്ട്‌ കൊച്ചിയിലെ പരേഡ്‌ ഗ്രൗണ്ട്‌, ഡേവിഡ്‌ഹാന്‍, കൊച്ചിന്‍ക്ലബ്‌, പെപ്പര്‍ഹൗസ്‌, മട്ടാഞ്ചേരി ബസാര്‍ റോഡ്‌, എറണാകുളം ഡിബാര്‍ ഹാള്‍, മുസിരിസ്‌ തുറമുഖ പട്ടണം വ്യാപിച്ചുകിടക്കുന്ന ഗ്രാമങ്ങളായ മതിലകം, ഗോതുരുത്ത്‌ എന്നിവിടങ്ങളിലാണ്‌ മറ്റു പ്രദര്‍ശനങ്ങളും പരിപാടികളും ഒരുക്കിയിരിക്കുന്നത്‌.  മോഹിനിയാട്ടം, കഥകളി, ഭരതനാട്യം, പഞ്ചവാദ്യം, തായമ്പക, സോപാനസംഗീതം എന്നിവ ഇടപ്പള്ളി ചെങ്ങമ്പുഴ പാര്‍ക്ക്‌, തൃപ്പൂണിത്തുറ, ഫോര്‍ട്ട്‌ കൊച്ചി എന്നിവിടങ്ങളിലായി അരങ്ങേറും.

കേന്ദ്ര-സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, അസം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള മണിപ്പൂരി, സത്രിയ നൃത്താവതരണങ്ങള്‍ നടക്കും. പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, സിനിമാപ്രദര്‍ശനങ്ങള്‍, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തുമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു.