Breaking News

Trending right now:
Description
 
Dec 11, 2012

കൊച്ചിയില്‍ രാജ്യാന്തര ചലച്ചിത്രമേള

image കൊച്ചിയില്‍ ആദ്യത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‌ 16 ന്‌ തിരിതെളിയും. ഇതോടെ ഏഴു ദിനരാത്രങ്ങള്‍ സിനിമാ പ്രേമികളുടെ കാഴ്‌ചകളില്‍ ആഹ്ലാദവും വിസ്‌മയവുമാണ്‌ ഒരുക്കുക. മേള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. 2012 ല്‍ ലോകസിനിമയില്‍ സംഭവിച്ച ഏറ്റവും മികച്ച ചിത്രങ്ങളുടെ പാക്കേജാണ്‌ കൊച്ചി രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രത്യേകത. 

ഈ വര്‍ഷം ബര്‍ലിന്‍, ബുസാന്‍, ഹോങ്കോംഗ്‌, കാന്‍, വെനീസ്‌, ടൊറന്റോ തുടങ്ങി വിഖ്യാതമായ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ചലച്ചിത്രങ്ങളും മികച്ച പ്രകടനം നടത്തി നിരൂപകപ്രശംസ പിടിച്ചുപറ്റുകയും ചെയ്‌ത ചിത്രങ്ങളുമാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.  മേളയില്‍ നോര്‍വെ, മൊറോക്കോ, അര്‍ജന്റീന, ഫ്രാന്‍സ്‌, റുമേനിയ, പോളണ്ട്‌, ഇറ്റലി, ജര്‍മനി, കൊളംബിയ, ഓസ്‌ട്രിയ, ബെല്‍ജിയം, ചൈന, ചെക്ക്‌ റിപ്പബ്ലിക്‌, അമേരിക്ക, ശ്രീലങ്ക, ഫിലിപ്പൈന്‍സ്‌, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. 

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ നിന്ന്‌ തെരഞ്ഞെടുത്ത ചിത്രങ്ങളുടെയും തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങളുടെയും മലയാളത്തിലെ നവാഗത സിനിമകളുടെയും പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

അക്കിരോ കുറോസോവയുടെ പത്ത്‌ ചിത്രങ്ങള്‍ റെട്രോസ്‌പെക്ടിവ്‌ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ദി മോസ്റ്റ്‌ ബ്യൂട്ടിഫുള്‍, നോ റിഗ്രറ്റ്‌ ഫോര്‍ അവര്‍ യൂത്ത്‌, ദി തോണ്‍ ഓഫ്‌ ബ്ലഡ്‌, ദി ലോവര്‍ ഡെപ്‌ത്‌സ്‌ എന്നിങ്ങനെ പോകുന്നു കുറോസോവ ചിത്രങ്ങള്‍.  കാന്‍ ചലച്ചിത്ര മേളയില്‍ പുരസ്‌കാരത്തിന്‌ അര്‍ഹമായതും ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതുമായ മൈക്കേല്‍ ഹാനേക്കിന്റെ അമോര്‍, ജാപ്പനീസ്‌ ചലച്ചിത്രകാരനായ മൈക്കേല്‍ വിന്റര്‍ ബോട്ടത്തിന്റെ എവരി ഡേയും പ്രദര്‍ശനത്തിനുണ്ട്‌. 

സരിത, സവിത, സംഗീത, ഷേണായീസ്‌, ലിറ്റില്‍ ഷേണായീസ്‌, ശ്രീധര്‍ തുടങ്ങിയ തീയറ്ററുകള്‍ കൂടാതെ പൊതുജനങ്ങള്‍ക്കായി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഒരുക്കുന്ന ഓപ്പണ്‍ സ്റ്റേജും കൊച്ചിയുടെ രാജ്യാന്തര സിനിമാ മാമാങ്കത്തിന്‌ വേദിയാകും.