Breaking News

Trending right now:
Description
 
May 12, 2015

ടാര്‍ഗറ്റ് ഹെല്‍മറ്റ് തന്നെ! കാരണം ഹെല്‍മറ്റ് വയ്ക്കാത്തവര്‍ കൊടും ക്രിമിനലുകളാണ്!!

വീലേഴ്‌സ് കേരള
image ഏതപ്പന്‍ വന്നാലും അമ്മയ്ക്കു കിടക്കപ്പൊറുതിയില്ല എന്നു പറഞ്ഞതു പോലെയാണ് കേരളത്തില്‍ ഹെല്‍മറ്റ് വയ്ക്കാതെ പോകുന്ന ഇരുചക്രവാഹന യാത്രക്കാരുടെ ഗതികേട്. പോലീസിന്റെ നോട്ടപ്പുള്ളികള്‍ (ഇപ്പോള്‍ ആര്‍.ടി.ഒയുടേയും) അവര്‍ മാത്രമാണ്. അവരാണ് ഏറ്റവും കൊടികെട്ടിയ ക്രിമിനലുകള്‍ എന്ന നിലയിലാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. കേരളത്തില്‍ വേറെ ഒരു ക്രമസമാധാന, അഴിമതി, അപകട പ്രശ്‌നവുമില്ല! ഹെല്‍മറ്റില്ലാത്തവരെ കൂടി പിടികൂടി പൂര്‍ത്തിയാക്കിയാല്‍ എല്ലാം ശുഭം!! എല്ലാം പൂര്‍ണം!!!
പിഴത്തുകയ്ക്കു രസീത് ചോദിച്ചതിനു നിയമം തെറ്റിച്ചെന്നാരോപിച്ചു ഡല്‍ഹിയില്‍ ഒരു സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇഷ്ടിക കൊണ്ടു ട്രാഫിക് പോലിസുകാരന്‍ ഇടിച്ചതു വഴിയേ പോയവര്‍ വീഡിയോയിലാക്കിയതിനാല്‍ അയാളെ നിന്ന നില്പ്പില്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. എന്നാല്‍ അങ്ങനെ വീഡിയോയില്‍ ആകാത്ത അനേകം സംഭവങ്ങള്‍ കേരളത്തില്‍ ദിനംപ്രതി അരങ്ങേറുന്നുണ്ട്. തലക്കടിയും എറിഞ്ഞുവീഴ്ത്തലും കേരളത്തിനു പുത്തരിയല്ല! നിര്‍ത്താതെ പോകുന്നവരെ വെടിവച്ചു വീഴ്ത്താന്‍ തോക്കു നല്കണമെന്ന മോട്ടോര്‍ വാഹന വകുപ്പുകാരുടെ ആവശ്യവും ഇതിനോടു ചേര്‍ത്തു വായിക്കണം.
ഞങ്ങള്‍ മൂന്നര പതിറ്റാണ്ടിലേറെയായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം തന്നെ വീണ്ടും പറയാന്‍ കാരണം പുതുതായി എത്തുന്ന പുത്തനച്ചിമാര്‍ ഹെല്‍മറ്റിന്റെ പുറം തന്നെ തൂക്കാന്‍ ഇറങ്ങുന്നതു കണ്ടുകൊണ്ടാണ്. ഇതില്‍ എല്ലാക്കാലവും നാട്ടുകാര്‍ അഴിമതി മണത്തിട്ടുമുണ്ട്.
എന്തുകൊണ്ട് ഹെല്‍മറ്റ് നിയമത്തെ സാധാരണക്കാര്‍ എതിര്‍ക്കുന്നു എന്നു സര്‍ക്കാര്‍ മനസിലാക്കുന്നില്ല. ഹെല്‍മറ്റ് ഇല്ലാത്തതു കൊണ്ടു അപകട-മരണ സാധ്യകള്‍ കൂടുന്നില്ല എന്നു മനസിലാക്കി വേണം നിയമം എന്നു വോട്ടര്‍മാര്‍ ആവശ്യപ്പെടുന്നു. സംഘടിത ശക്തികളല്ലാത്തവര്‍ എന്തു പറഞ്ഞാലും അതു തൃണവത്കരിക്കും. റോഡിന്റെ നടുവില്‍ നിര്‍ത്തി ആള്‍ക്കാരെ കയറ്റിയിറക്കി ഗതാഗത തടസമുണ്ടാക്കുന്ന പ്രൈവറ്റ് ബസുകാരെ ഗുണദോഷിക്കാനോ റോഡു കവര്‍ന്നു ഓട്ടോറിക്ഷയിടുന്നവരെ ഒതുക്കാനോ പോലീസ് തുനിയില്ല. കാരണം അതിനു ശ്രമിച്ചാല്‍ ഉടന്‍ വിവരമറിയും. കാരണം അക്കൂട്ടര്‍ സംഘടിതരാണ്.
ഇതൊരു സ്റ്റുപ്പിഡ് (അവിവേക) നിയമമാണ്. കാരണം ഹെല്‍മറ്റ് വയ്ക്കുന്നതു കൊണ്ടു അപകടങ്ങള്‍ ഒഴിവാകുന്നില്ല. ഓടിക്കുന്നയാള്‍ മാത്രം വച്ചാല്‍ മതി. പുറകിലിരിക്കുന്നവരുടെ സംരക്ഷണത്തില്‍ സര്‍ക്കാരിനു താത്പര്യമില്ല. ചില മതക്കാര്‍ക്കു ഹെല്‍മറ്റ് വേണ്ട. അക്കൂട്ടര്‍ എത്ര തലയടിച്ചു വീണാലും തല ഇന്‍ടാക്ട് (അക്ഷതം) ആയിരിക്കുമെന്നു നിയമമുണ്ടാക്കിയവര്‍ക്കു ഉറപ്പുണ്ട്! ചുരുക്കത്തില്‍ ഹെല്‍മറ്റ് നിയമം സ്വേച്ഛാപരം, യുക്തിരഹിതം, അന്യായം. പക്ഷേ, പണം പിരിക്കാന്‍ ഇതിലും പറ്റിയ ഒരു ഉപാധിയില്ല!
2. ഹെല്‍മറ്റ് നിയമം ഒഴികെ ക്രിമിനല്‍ നടപടി ക്രമത്തിലെ എല്ലാ നിയമങ്ങളും അന്യര്‍ക്കു മാനസികമായോ ശാരീരികമായോ ഹര്‍ട്ട് (ക്ഷതം) ഉണ്ടാക്കുമ്പോള്‍ മാത്രമാണ് ശിക്ഷ വിധിക്കുന്നതും പിഴ ഈടാക്കുന്നതും. ആര്‍ക്കും ക്ഷതമുണ്ടാക്കാത്ത ഒരു കാര്യത്തിനു അപകടമുണ്ടാകുമെന്നു പേടിപ്പിച്ചു മുന്‍കൂര്‍ ശിക്ഷയും പിഴയുമാണ് ഹെല്‍മറ്റ് നിയമം അനുശാസിക്കുന്നത്.
3. സര്‍ക്കാരിന്റെ/രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു പ്രചാരണ ബൈക്കു റാലികളിലും ആരും ഹെല്‍മറ്റ് വയ്ക്കാറില്ല. അവയ്ക്കു പോലീസ് മുന്നിലും പിന്നിലും അകമ്പടി പോകുന്നതു കാണാം. കൂട്ടായി നിയമം തെറ്റിക്കുന്നവരെ തൊടില്ല.
4. നിയമുണ്ടാക്കുന്ന എം.പിമാരും നിയമം വ്യഖ്യാനിക്കുന്ന ഹൈക്കോടതി/സുപ്രീം കോടതി ജഡ്ജിമാരും ഇരുചക്രവാഹനം ഓടിക്കാറില്ല. ഓടിച്ചാല്‍ തന്നെ ഹെല്‍മറ്റ് വയ്ക്കുകയുമില്ല. അതിനു പോലീസ് സംരക്ഷണം നല്കും. ഇരുചക്രവാഹനം ഓടിക്കാന്‍ ലൈസന്‍സുള്ള ഹൈക്കോടതി ജഡ്ജിമാരെക്കുറിച്ച് വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചപ്പോള്‍ അതു സ്വകാര്യമാണെന്നായിരുന്നു മറുപടി. ഉന്നതരെ തൊടില്ല. അവര്‍ക്കു പ്രത്യേക അവകാശയധികാരങ്ങളുണ്ട്!
5. ഹെല്‍മറ്റ് വച്ചാല്‍ മരിക്കുകയില്ലെന്നോ പരിക്കേല്‍ക്കുകയില്ലെന്നോ ഐ.എസ്.ഐ/ബിസ് ഉറപ്പുനല്കുന്നില്ല. എന്നു മാത്രമല്ല അവ സംഭവിക്കാം എന്നുമുണ്ട്. സുരക്ഷിതത്വത്തിനു ഒരു ഉറപ്പും നല്കാത്ത ഒരു സാധനം തലയില്‍ വയ്ക്കാത്തതിനാണ് ശിക്ഷ! ഒന്നര കിലോഗ്രാമിലേറെ തൂക്കം വരുന്ന ഒരു സാധനം തലയില്‍ സദാ വയ്ക്കാനുള്ള സംവിധാനത്തിലല്ല മനുഷ്യശരീരം നിര്‍മ്മിച്ചിരിക്കുന്നതെന്നു മറ്റൊരു കാര്യം. ഹെല്‍മറ്റു വച്ചു വീണാല്‍ കഴുത്തെല്ലും നട്ടെല്ലും പൊട്ടുമെന്നും സുക്ഷുമ്‌നാ നാഡിക്കു തകരാര്‍ സംഭവിക്കാമെന്നും ഡോക്ടര്‍മാര്‍.
6. ഐ.എസ്.ഐ മുദ്രയുള്ള ഹെല്‍മറ്റ് മാത്രമേ നിയമം പ്രകാരം ഉപയോഗിക്കാനാകൂ. എന്നാല്‍ മാര്‍ക്കറ്റില്‍ വില്ക്കുന്നവ നിബന്ധനകളും മാനദണ്ഡങ്ങളും പാലിച്ചവയാണോ എന്നു പരീക്ഷിച്ചറിയാനുള്ള ഗുണപരീക്ഷണ സംവിധാനങ്ങള്‍ പോലീസിലോ ആര്‍.ടി.ഒകളിലോ ഇല്ല. വ്യാജ ഹെല്‍മറ്റുകളാണ് എല്ലായിടത്തും. ഐ.എസ്.ഐ മുദ്ര പതിപ്പിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പോലീസ് പരസ്യങ്ങളില്‍ പോലും സിനിമാ നടന്മാര്‍ ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് ചിന്‍സ്ട്രാപ് ധരിക്കാതെ വച്ചിരിക്കുന്നതാണു പ്രസിദ്ധീകരിക്കുന്നത്.
7. ചോദ്യവും പറച്ചിലുമില്ലാതെ കുറ്റപത്രമില്ലാതെ നിന്ന നില്പ്പില്‍ തെറി പറഞ്ഞു ഭീക്ഷണിപ്പെടുത്തി റോഡുവക്കില്‍ നിന്നു പിഴയീടാക്കുന്നതും അതു പോലെ കൈക്കൂലി മേടിക്കുന്നതും നീതിവിരുദ്ധമാണ്. വേറൊരു കുറ്റകൃത്യത്തിനും അങ്ങനെയില്ല. ഓടിച്ചിട്ടു പിടിക്കരുതെന്ന, എറിഞ്ഞിടരുതെന്ന, റോഡിന്റെ എതിര്‍വശത്തേക്കു വിളിച്ചു വരുത്തരുതെന്ന, വാഹനത്തിനടുത്തേക്കു ചെല്ലണമെന്ന, വളവില്‍ നില്ക്കരുതെന്ന, ജംഗ്ഷനില്‍ ചാടിവീഴരുതെന്ന, അടിക്കുകയും ഇടിക്കുകയും ചെയ്യരുതെന്ന, നില്ക്കുന്ന സ്ഥലം മുന്‍കൂട്ടി അറിയിക്കണമെന്ന, നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന എല്ലാ ഉത്തരവുകളും ഹെല്‍മറ്റിന്റെ കാര്യത്തില്‍ പോലീസ് കാറ്റില്‍ പറത്തുകയും ചെയ്യുന്നു. അല്ല, ആരുണ്ടിവിടെ ചോദിക്കാന്‍?
8. ഹെല്‍മറ്റ് മേടിക്കുമ്പോള്‍ മുതല്‍ ആജീവനാന്തം ഉപയോഗിക്കാനുള്ളതല്ല. അതിനു ആറു മാസ കാലാവധിയുണ്ട്. അതു കഴിയുമ്പോള്‍ അതിന്റെ പ്രയോജനം കഴിയുമെന്നതിനാല്‍ അവയും ഉപേക്ഷിക്കണം. ഉപയോഗിച്ചാല്‍ പിടിച്ചെടുക്കണം.
9. തലകള്‍ക്ക് പല വലുപ്പമാണ്. അതനുസരിച്ചുള്ള മാറ്റം ഹെല്‍മറ്റിനു വേണം. മാര്‍ക്കറ്റില്‍ പല വലുപ്പമുള്ളവ ലഭ്യമല്ല. കുട്ടകള്‍ക്കുള്ള വലുപ്പം കുറഞ്ഞ ഹെല്‍മറ്റ് ലഭ്യമല്ലെന്നു ഹൈക്കോടതില്‍ പറഞ്ഞ വക്കീലിനു ജഡ്ജിയില്‍ നിന്നു കിട്ടിയ മറുപടി 'അവോയിഡ് ദെം' എന്നായിരുന്നു. പിള്ളാരെ വീട്ടിലിട്ടിട്ടു ബൈക്കില്‍ കറങ്ങിയാല്‍ പോരെ തന്തയ്ക്കും തള്ളയ്ക്കും എന്നു പച്ചമലയാളം.
10. താഴെ വീണാല്‍ പൊട്ടുന്ന ഹൈല്‍മറ്റുകളെക്കുറിച്ചും ഹെല്‍മറ്റു വച്ചിട്ടും മരിക്കുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും കണക്ക് പോലീസ് ശേഖരിച്ചു വെളിപ്പെടുത്തുന്നില്ല. ഹെല്‍മറ്റ് മോഷണം വ്യാപകമായിട്ടും മോഷ്ടാക്കളെ പോലീസ് പിടികൂടുകയോ രണ്ടാം വില്പന തടയുകയോ ചെയ്യുന്നില്ല.
11. ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും പിടിക്കാനുള്ള പോലീസ് ഓപ്പറേഷനില്‍ പിടികൂടുന്നവരുടെ എണ്ണത്തില്‍ ബഹുഭൂരിപക്ഷവും ഹെല്‍മറ്റില്ലാതെ പോയ കേസില്‍ അകപ്പെട്ടവര്‍! 
12. ഹെല്‍മറ്റ് വച്ചാല്‍ ടയര്‍ കയറിയിറങ്ങിയാലും തലയ്ക്കു ഒന്നും സംഭവിക്കില്ലെന്നു പ്രസ്താവന നടത്തിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അതു സ്വയം കാണിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന ആവശ്യത്തിനു മറുപടിയില്ല. ആര്‍ക്കും എന്തും പ്രസംഗിക്കാം, പ്രസ്താവന നടത്താം!
13. ഇരുചക്രവാഹനം ഓടിക്കുന്ന ഒരാളുടെ തലയില്‍ മാത്രമേ ഹെല്‍മറ്റു വക്കാന്‍ നിയമമുള്ളു. അപകടത്തില്‍പ്പെടുന്ന മറ്റു വാഹനക്കാര്‍, വഴിയാത്രക്കാര്‍ തുടങ്ങിയവരുടെ തലയ്ക്കു വിലയില്ലേ?
14. ഹെല്‍മറ്റ് ഉണ്ടാക്കുന്ന അസൗകര്യം, കാഴ്ച-കേഴ്‌വിക്കുറവ്, അസുഖങ്ങള്‍ തുടങ്ങിയ മറ്റ് അനേകം കാര്യങ്ങള്‍ വേറെ.
ഇങ്ങനെയൊക്കെയുള്ള ഒരു കാര്യത്തിനാണ് നാടു നീളെ വഴിയിറമ്പില്‍ 'കുടവയറന്മാര്‍' (അക്കൂട്ടരെ ജോലിയില്‍ നിന്നു ഒഴിവാക്കുമെന്നു പറയുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല) തണലത്തു നിന്നു സര്‍ക്കാര്‍ ഖജനാവിലേക്കും വെള്ളമടി പിരിവിലേക്കും കൈനിറയെ ഹൈല്‍മറ്റിന്റെ പേരില്‍ പീഡിപ്പിച്ചു പിരിക്കാന്‍ സര്‍ക്കാര്‍ ഇറക്കിവിട്ടിരിക്കുന്നത്! അടുത്ത ജംഗ്ഷനിലെ ട്രാഫിക് കുരുക്കോ മീറ്ററില്ലാതെ പോകുന്ന ഓട്ടോറിക്ഷകളോ അവര്‍ കാണുന്നതു പോലുമില്ല!
സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്ലായ്മ (അതു വലതായാലും ഇടതായാലും!) ഒറ്റക്കാര്യം കൊണ്ടു വ്യക്തമാണ്. കേരളത്തിലെ കടകളിലും വഴിയിലുമുള്ള വ്യാജഹെല്‍മറ്റുകള്‍ എല്ലാം റെയ്ഡിലൂടെ പിടിച്ചെടുത്തു പൊതുജനമധ്യേയിട്ടു നശിപ്പിക്കണം എന്ന മൂന്നു പതിറ്റാണ്ടിലേറയായുള്ള ആവശ്യം ആരും കേട്ടമട്ടു കാണിച്ചിട്ടില്ല. അതിനു ചിലതിനു ഉറപ്പുവേണം. ഏതുകാര്യത്തില്‍ നിന്നാണെങ്കിലും കാശുണ്ടാക്കമെന്നല്ലേ നാം തെരഞ്ഞെടുത്തു വിട്ടവര്‍ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്! ഹെല്‍മറ്റെങ്കില്‍ അങ്ങനെ!
കാറുകളില്‍ സണ്‍ഫിലിം നിരോധിച്ചപ്പോള്‍ വെയിലടിച്ചു വരളുന്ന ആയിരക്കണക്കിനു പേരു രാജ്യത്തുള്ളപ്പോള്‍ കാറില്‍ ചുറ്റും തുണിയിട്ടു മറച്ചു വിലസുന്ന മന്ത്രിമാരും പോലീസ് ഉദ്യോഗസ്ഥരുമാണ് നമ്മുടെ സ്വത്ത്!
വോട്ടര്‍മാര്‍ തെണ്ടികളും മണ്ടന്മാരുമാണെന്നു തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കറി യാം! അസംഘടിതരും അശക്തരുമായ അവര്‍ തോറ്റു ഹെല്‍മറ്റിറ്റിട്ടു നടന്നോളുമെന്നും നടന്നില്ലെങ്കില്‍ കാശു നല്കിക്കോളുമെന്നും അവര്‍ക്കറിയാം!!
ഹെല്‍മറ്റ് വയ്ച്ചു ആജീവനാന്തം തല രക്ഷിക്കുമെന്നു പ്രതിജ്ഞ എടുത്തിട്ടുള്ളവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കേണ്ട ആവശ്യമില്ല. കാരണം അവരെ ആരും തടയുന്നില്ല.