Breaking News

Trending right now:
Description
 
May 12, 2015

വളര്‍ത്തുന്ന മൃഗങ്ങളില്‍ നിന്ന് കടി ഏല്‍ക്കുമ്പോള്‍

Dr Amrutha Baveesh
image
വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളില്‍ നിന്ന് പ്രത്യേകിച്ച് കുട്ടികള്‍ക്ക് കടിയും മാന്തും ഏല്‍ക്കാനുള്ള സാധ്യത ഏറെയാണ്. ഈ മുറിവുകളില്‍നിന്ന് അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം മൃഗങ്ങളില്‍ നിന്ന് കടിയേറ്റ ഉടന്‍ തന്നെ ആ ഭാഗം നല്ലവണ്ണം സോപ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിനടിയില്‍ വച്ച് 10 മിനിറ്റ്നേരം കഴുകി വൃത്തിയാക്കേണ്ടതാണ്.

രക്തം പൊടിയുന്നുണ്ടെങ്കില്‍ വൃത്തിയുള്ള തുണിയോ പഞ്ഞിയോ ഉപയോഗിച്ച് മൃദുവായി അമര്‍ത്തുക.
ശേഷം ആന്ഠീസെപ്റ്റിക്ക് ലോഷന്‍ (ഡെറ്റോള്‍) ഉപയോഗിച്ച് തുടയ്ക്കുക.

ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം കടികള്‍ പേവിഷബാധയിലേക്ക് (റാബീസ്) നയിക്കാന്‍ ഇടയുള്ളതിനാല്‍ മുറിവ് കഴുകി വൃത്തിയാക്കേണ്ടത് പ്രധാനമാണ്. അണുക്കള്‍ ശരീരത്തില്‍ കടക്കാതിരിക്കാനാണിത്.

മുറിവുള്ള ഭാഗം ഒരിക്കലും കെട്ടിവെക്കരുത്.

വളര്‍ത്ത് മൃഗമാണെങ്കില്‍, (നായ/പൂച്ച )ആരോഗ്യവാനാണെന്ന് തോന്നുന്നുണ്ടെങ്കിലും, കളിക്കുന്നതിനിടയിലോ മറ്റു അബദ്ധവശാല്‍ കടിയേറ്റതാണെങ്കില്‍ തുടര്‍ന്ന് 10 ദിവസം മൃഗത്തെ നിരീക്ഷിക്കുക. ഈ ദിവസങ്ങളില്‍ അതിന് കുഴപ്പമൊന്നുമില്ലെന്നു കണ്ടാല്‍, ഭക്ഷണവും വെള്ളവും കുടിക്കുന്നുണ്ടെങ്കില്‍ പേടിക്കേണ്ടതില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒരു ടി.ടി ഇന്‍ജക്ഷന്‍ മതിയാകും.

പക്ഷെ തെരുവ് നായെയോ മറ്റുമാണെങ്കില്‍ നിരീക്ഷണം സാധ്യമെല്ലാത്തതിനാല്‍ എത്രയും പെട്ടന്ന് ഡോക്ടറെ കണ്ട് ആന്ഠീറാബീസ് കുത്തവെപ്പ് എടുക്കേണ്ടതാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ഇത് ലഭ്യമാണ്.

* ആഴങ്ങളിലുള്ള മുറിവും, കഴുത്തിന് മുകളിലുള്ള മുറിവും സൂക്ഷിക്കേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളില്‍ വളര്‍ത്തു മൃഗമാണെങ്കില്‍ പോലും പെട്ടന്നു തന്നെ കുത്തിവെയ്പ്പ് എടുക്കണം.

* നായ/ പൂച്ച/ കീരി/ കുറുക്കന്‍ എന്നിവ കടിച്ചാലും മേല്‍പറഞ്ഞ ചികിത്സ തന്നെയാണ് ബാധകം.
ഇവ മാന്തിയാലും രോഗം ബാധിക്കാന്‍ ഇടയുണ്ട്.