
ഏറെ
വിവാദമുണ്ടാക്കിയ സിനിമകളായ ഫയര്‍, വാട്ടര്‍ എന്നീ സിനിമകള്‍ക്കു ശേഷം
ദീപാ മേത്തയുടെ പുതിയ ചിത്രവും വിവാദത്തിലേക്ക്. ദീപാ മേത്ത സംവിധാനം ചെയ്ത
ചിത്രമായ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ ആണ് പുതിയ വിവാദമുയര്‍ത്തിയിരിക്കുന്നത്.
അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയുടെ നിലപാടിനെ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍
വിമര്‍ശിക്കുന്നു എന്ന ആരോപണമാണ് പുതിയ വിവാദത്തിന് ആധാരം.
രാജ്യാന്തര
ചലച്ചിത്രമേളയില്‍ കഴിഞ്ഞ ഞായറാഴ്ച പ്രദര്‍ശിപ്പിച്ച ചിത്രത്തിനെതിരേ ചില
കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. മൂന്നു തലമുറകളുടെ കഥ
പറയുന്ന സിനിമ ഭരണകൂട വിരുദ്ധ ചിത്രമാണ് എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
സല്മാന് റുഷ്ദിയുടെ ബുക്കര്‍ പ്രൈസ് നേടിയ നോവലായ മിഡ്നൈറ്റ്സ് ചില്‍ഡ്രന്റെ
ചലച്ചിത്രാവിഷ്കാരമാണ് സിനിമ. 1947 ഓഗസ്റ്റ് 15ന് അര്‍ധരാത്രിയില്‍ ബോംബെയിലെ
ആശുപത്രിയില്‍ ജനിക്കുന്ന രണ്ടു കുട്ടികളുടെ ജീവിതത്തിലൂടെയാണു സിനിമ
പുരോഗമിക്കുന്നത്. പാക്കിസ്ഥാന് യുദ്ധം, ബംഗ്ലാദേശിന്റെ രൂപവത്കരണം,
അടിയന്തരാവസ്ഥ തുടങ്ങിയ ചരിത്ര സംഭവങ്ങളെ സിനിമയില്‍ രൂക്ഷമായി
വിമര്‍ശിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, തന്റെ പുതിയ സിനിമയെ
സംബന്ധിച്ച വിവാദങ്ങള്‍ ദുഃഖകരമാണെന്നു സംവിധായിക ദീപാ മേത്ത പറഞ്ഞു. തന്റെ സിനിമ
തന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണ്. വിവാദങ്ങളുടെ ഉത്തരവാദി സമൂഹം തന്നെയെന്നും
സിനിമ നിരോധിക്കുമെന്നു കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ കേന്ദ്രങ്ങളില്‍
പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ചിത്രത്തിന്റെ പ്രദര്‍ശനം ചലച്ചിത്ര മേളയില്‍ ഇനി
ഉണ്ടായിരിക്കില്ലെന്ന് ദീപാ മേത്ത കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍
വ്യക്തമാക്കിയിരുന്നു.