Breaking News

Trending right now:
Description
 
May 05, 2015

ഗതാഗത തടസമുണ്ടാക്കുന്ന പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്നു ടി.ആര്‍.എ

image ആലപ്പുഴ: ഗതാഗതതടസമുണ്ടാക്കുന്നതും അപകടകരമാംവിധം സ്ഥിതി ചെയ്യുന്നതുമായ ഇലക്ട്രിക്, ടെലിഫോണ്‍ പോസ്റ്റുകള്‍ റോഡിന്റെ അരികിലേക്കു മാറ്റി സ്ഥാപിക്കുകയും ഉപേക്ഷിക്കപ്പെട്ടവ നീക്കം ചെയ്യുകയും ചെയ്യണമെന്നു കെ.എസ്.ഇ.ബി., ബി.എസ്.എന്‍.എല്‍ അധികൃതരോട് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അഭ്യര്‍ഥിച്ചു.

പലയിടങ്ങളിലും റോഡിനു വീതി കൂട്ടിയപ്പോള്‍ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റാത്തതിനാല്‍ അവ റോഡിലേക്കു കയറിയാണ് നില്ക്കുന്നത്. ഇടവഴികളില്‍ ചെരിഞ്ഞു നില്ക്കുന്ന പോസ്റ്റുകള്‍ അരികിലേക്കു മാറ്റി വശം തിരിച്ചിട്ടാല്‍ ഓട്ടോറിക്ഷകള്‍ക്കെങ്കിലും കടന്നുപോകാനാകും. എന്നാല്‍ ഇങ്ങനെയുള്ള കാര്യം ചൂണ്ടിക്കാട്ടിയാല്‍ പൊതുവഴിയിലുള്ളവ ആണെങ്കിലും നാട്ടുകാര്‍ പണമടച്ചാലെ പോസ്റ്റ് മാറ്റുകയുള്ളുവെന്നാണ് പറയപ്പെടുന്നത്. ഉപേക്ഷിക്കപ്പെട്ട പല ടെലിഫോണ്‍ പോസ്റ്റുകളും ദ്രവിച്ച് എപ്പോള്‍ വേണമെങ്കിലും മറിഞ്ഞുവീഴാമെന്ന അവസ്ഥ.യിലാണ്.

പ്രസ് ക്ലബ് - കയര്‍ മെഷീനറി കമ്പനി - രാധാ ടാക്കീസ് റോഡിന്റെ വശത്തുള്ള എസ്.ഡി.വി സ്‌കൂളുകാര്‍ റോഡിനു വീതി കൂട്ടാനായി മതില്‍ പുറകോട്ടു മാറ്റി പണിതിട്ടു ഏതാനും വര്‍ഷങ്ങളായെങ്കിലും പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുകയോ റോഡ് ടാര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. ഇതിനിടെ പല പ്രാവശ്യം കേബിളും മറ്റും ഇടാനായി റോഡ് കുഴിച്ചിട്ടുമുണ്ട്. പല സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന റോഡാണിത്. പുതുതായി സ്ഥാപിച്ച സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ മെഷീനറി കമ്പനിയിലേക്ക് കൂറ്റന്‍ കണ്ടെയ്‌നര്‍ ലോറികള്‍ക്കു കടന്നു പോകുന്നതിനു വേണ്ടിയാണ് റോഡിനു വീതി കൂട്ടിയത്.

ഇടവഴികള്‍ ലോക്ക് കട്ടയിട്ടു പുനരുദ്ധരിക്കുന്നതിനു മുന്നോടിയായി പോസ്റ്റുകള്‍ വശം ചേര്‍ത്തിട്ടു കഴിവതും യാത്രാ സൗകര്യം ഉണ്ടാക്കണമെന്ന ആവശ്യത്തിനും പ്രതികരണമില്ല. തത്തംപള്ളി മഠം റോഡിനേയും കുരിശടി റോഡിനേയും ബന്ധിപ്പിക്കുന്ന വീതി വളരെക്കുറഞ്ഞ ഇടവഴിയിലെ വളവില്‍ ചെരിഞ്ഞു നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് മതിലിനോടു ചേര്‍ത്തു നേരേയാക്കണമെന്നു കഴിഞ്ഞ ജനുവരിയില്‍ നിവേദനം നല്കയിട്ടുള്ളതാണ്. ലോക്കു കട്ടയിടുന്നതിനായി പൂഴിയിറക്കിയിട്ടു മാസങ്ങളായി. പണി തുടങ്ങും മുന്‍പ് പോസ്റ്റ് നേരേയാക്കണമെന്നാണ് ആവശ്യം. വൈകിയാല്‍ പിന്നീട് പോസ്റ്റ് നേരേയാക്കാനായി റോഡ് കുത്തിപ്പൊളിക്കേണ്ടി വരും. തുടര്‍ന്ന് അവിടം കുണ്ടും കുഴിയുമായി കിടക്കുകയും ചെയ്യും.

ജില്ലാ കോടതി പാലത്തിനു സമീപത്തു വര്‍ഷങ്ങളായി റോഡിലേക്കു കയറി നില്ക്കുന്ന ഉപയോഗത്തിലില്ലാത്ത ടെലിഫോണ്‍ പോസ്റ്റുകള്‍ വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും അപകടമുണ്ടാക്കുന്ന നിലയിലാണ്. ഇങ്ങനെ പട്ടണത്തില്‍ നോക്കിയാല്‍ പലയിടങ്ങളിലും ജീവനു ഭീഷണിയുയര്‍ത്തുന്ന പോസ്റ്റുകള്‍ കാണാം.


ഫോട്ടോ

തത്തംപള്ളി മഠം റോഡിനേയും കുരിശടി റോഡിനേയും ബന്ധിപ്പിക്കുന്ന ഇടവഴിയിലെ വളവില്‍ ചെരിഞ്ഞു നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ്.