Breaking News

Trending right now:
Description
 
May 04, 2015

താജ്‌മഹലില്‍ ഇനി രാത്രിയും സന്ദര്‍ശിക്കാം

image ലോകാദ്‌ഭുതങ്ങളിലൊന്നായ താജ്‌ മഹല്‍ കാണാന്‍ ഇനി രാത്രിയിലും അവസരം. ജൂലൈ മുതല്‍ രാത്രിയിലും ഈ വെണ്ണക്കല്‍ ശില്‌പ സൗന്ദര്യം ആസ്വദിക്കാന്‍ അനുമതി നല്‍കിക്കൊണ്ടു കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. വിനോദസഞ്ചാരികളുടെ ഏറെനാളത്തെ ആഗ്രഹമായിരുന്നു ഇത്‌. രാജ്യത്ത്‌ ഏറ്റവും കൂടുതലാളുകള്‍ സന്ദര്‍ശിക്കുന്ന ചരിത്ര സ്‌മാരകമാണു താജ്‌. എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ 1999-ല്‍ സുപ്രീംകോടതി രാത്രി സന്ദര്‍ശനം നിരോധിച്ചു. രാത്രി ഏഴിനുശേഷം താജിനുള്ളില്‍ പ്രവേശിക്കുവാന്‍ പാടില്ലെന്നായിരുന്നു ഉത്തരവ്‌. ശക്തമായ ജനാഭിലാഷം മാനിച്ചു 2004-ല്‍ ചില നിബന്ധനകള്‍ക്കു വിധേയമായി താജ്‌ മഹല്‍ അകലെനിന്നു കാണുന്നതിനുള്ള അനുവാദമുണ്ടായി. മാസത്തില്‍ അഞ്ചുദിവസം അമ്പതുപേരടങ്ങുന്ന സംഘങ്ങളായി പരമാവധി 400പേര്‍ക്കു ദര്‍ശിക്കാമെന്നായിരുന്നു നിബന്ധന. അതും താജ്‌ മഹലിന്റെ 200മീറ്റര്‍ അകലെനിന്നു മാത്രം. രാത്രിയിലും താജ്‌ മഹല്‍ സന്ദര്‍ശിക്കുന്നതിനുള്ള അനുമതിക്കായി വിവിധ മേഖലകളില്‍ നിന്ന്‌ ആവശ്യം ഉയര്‍ന്നിരുന്നു. ആഗ്രയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കു ജലവിനോദങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചും മറ്റു സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്‌.