Breaking News

Trending right now:
Description
 
Dec 11, 2012

ആപ്പിള്‍ മാപ്പ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ വഴിതെറ്റുന്നു, ഉപയോഗിക്കരുതെന്ന്‌ ആസ്‌ട്രേലിയന്‍ പോലീസ്‌

image
ആപ്പിള്‍ മൊബൈല്‍ ഫോണുകളിലെ മാപ്പ്‌ ആപ്ലിക്കേഷന്‍ ഉപയോഗിക്കരുതെന്ന്‌ ആസ്‌ട്രേലിയന്‍ അധികാരികള്‍ മുന്നറിയിപ്പ്‌ നല്‍കി. ആപ്പിള്‍ നാവിഗേഷന്‍ ഉപയോഗിച്ച പലരും തുടര്‍ച്ചയായി വഴിതെറ്റി പോലീസ്‌ സഹായം തേടേണ്ടി വരുന്നുണ്ടെന്ന്‌ ചൂണ്ടി കാണിക്കപ്പെടുന്നു. മരുഭൂമിയില്‍ കടുത്ത ചൂടില്‍ കുടുങ്ങിപ്പോയ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

മാപ്പ്‌ ആപ്ലിക്കേഷന്‍ തലവേദന ആയതിനേത്തുടര്‍ന്ന്‌ ആപ്പിള്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ടിം കുക്ക്‌ ക്ഷമ ചോദിച്ചിരുന്നു. ഐഒഎസ്‌ ചീഫ്‌ സ്‌കോട്ട്‌ ഫോര്‍ട്ടാലിനും മാപ്പ്‌ പ്രൊഡക്ട്‌ മാനേജര്‍ റിച്ച്‌ വില്ല്യം സോണിനും പണിയും പോയി. 

മുറെ സണ്‍സെറ്റ്‌ നാഷണല്‍ പാര്‍ക്കില്‍ നിന്നും വിക്ടോറിയയിലെ മില്‍ദുരെയിലേയ്‌ക്ക്‌ പോകാന്‍ മാപ്പ്‌ ആപ്ലിക്കേഷന്‍ ഉപയോഗിച്ച പലരും വട്ടം കറങ്ങിപ്പോയി. ശരിയായ ലൊക്കേഷനില്‍നിന്നും 43 കിലോമീറ്റര്‍ അകലേയ്‌ക്ക്‌ ഇവര്‍ മാപ്പ്‌ നോക്കി വണ്ടി ഓടിച്ചുപോയി. പിന്നീട്‌ പോലീസ്‌ എത്തിയാണ്‌ ഇവരെ രക്ഷപെടുത്തിയത്‌. ഇവിടെ 46 ഡിഗ്രി വരെ ചൂട്‌ ഉയരും. പെട്ടെന്ന്‌ രക്ഷപെട്ടില്ലെങ്കില്‍ മരുഭൂമിയില്‍ കുടുങ്ങി മരണം വരെ സംഭവിക്കാം. പലയിടത്തും മൊബൈല്‍ ഫോണ്‍ കിട്ടില്ല എന്നത്‌ പ്രശ്‌നമാണ്‌. 1900 ചതുരശ്ര മൈല്‍ വിസ്‌തീര്‍ണ്ണമുണ്ട്‌ ഈ മരുഭൂമിയ്‌ക്ക്‌. 

ഭക്ഷണവും വെള്ളവും ഇല്ലാതെ 24 മണിക്കൂര്‍ നേരം ഇവിടെ ഒരു സംഘം കുടുങ്ങിയിരുന്നു.