Breaking News

Trending right now:
Description
 
Dec 11, 2012

സ്‌ത്രീപക്ഷത്തു നിന്നൊരു കാമസൂത്ര, വാങ്ങി വായിക്കുന്നവരെല്ലാം ആണുങ്ങള്‍

E.S. Gigimol, Special Correspondent
image
'സെക്‌സ്‌' എന്ന വാക്കു പോലും പൊതുസമൂഹത്തിനു മുന്നില്‍ പറയുവാന്‍ മടിക്കുന്നവരാണ്‌ കേരളത്തിലെ ആണും പെണ്ണും. അപ്പോള്‍പിന്നെ ലൈംഗീക ശാസ്‌ത്രത്തെക്കുറിച്ചും അതിന്‌ സ്‌ത്രീകള്‍ക്കുള്ള അവകാശത്തെക്കുറിച്ചും പറയുവാന്‍ തുനിഞ്ഞാല്‍, അതും ഒരു സ്‌ത്രീ ഇതേക്കുറിച്ച്‌ പുസ്‌തകമെഴുതിയാല്‍ എന്താകും പ്രതികരണം? 

പുരുഷശരീരത്തെയും അവന്റെ സുഖംതേടലുകളെയുംകുറിച്ച്‌ വാചാലമാകുന്ന വത്സായനന്റെ കാമസൂത്രയ്‌ക്ക്‌ ബദലായി സ്‌ത്രൈണ കാമസൂത്രം എന്ന പുസ്‌തകവുമായി ഒരു സ്‌ത്രീ തന്നെ രംഗപ്രവേശനം ചെയ്‌തത്‌ പലരെയും ഞെട്ടിച്ചു കളഞ്ഞു. ഇവിടെ ലൈംഗികതയുടെ ജീവശാസ്‌ത്രമല്ല കെ.ആര്‍ ഇന്ദിര കൈകാര്യം ചെയ്യുന്നത്‌. മറിച്ച്‌ ലൈംഗികതയുടെ രാഷ്ട്രീയമാണ്‌   പുസ്‌തകത്തിന്റെ ഇതിവൃത്തം. കാമസൂത്രയുടെ സ്‌ത്രീവിരുദ്ധ വശങ്ങളെ വിശദീകരിക്കുകയും സ്‌ത്രീ ആഗ്രഹിക്കുന്ന ലൈംഗികത എന്തെന്ന്‌ വിശദീകരിക്കുകയുമാണ്‌ ഈ പുസ്‌തകം.

പുറമേ സദാചാരത്തിന്റെ നീളന്‍ കുപ്പായം ധരിച്ച്‌ പാതിവ്രത്യത്തെക്കുറിച്ച്‌ നാലുനേരം ജപിച്ച്‌ നടക്കുന്ന സ്‌ത്രീകളുടെ ലൈംഗിക താല്‌പര്യങ്ങള്‍, കാഴ്‌ച്ചപ്പാടുകള്‍ മാറുന്നുവോ...? ലൈംഗീകതയെക്കുറിച്ചും രതിയെക്കുറിച്ചും സ്‌ത്രീയുടെ സങ്കല്‌പങ്ങള്‍ എന്തൊക്കെയാണെന്ന്‌ സ്‌ത്രീപക്ഷത്തു നിന്ന്‌ ശക്തമായി അവതരിപ്പിക്കുകയാണ്‌ ഇന്ദിര ഇവിടെ. നാലു വര്‍ഷം നീണ്ടുനിന്ന തയാറെടുപ്പുകള്‍ക്ക്‌ ശേഷമാണ്‌ സ്‌ത്രൈണ കാമസൂത്രം എന്ന പുസ്‌തകം കെ.ആര്‍ ഇന്ദിര പുറത്തിറക്കിയത്‌.   ഗ്ലോബല്‍ മലയാളത്തോട്‌ സ്‌ത്രീ ലൈംഗീകതയെക്കുറിച്ചും അവളുടെ ഉള്ളിലെ രതി സങ്കല്‌പങ്ങളെക്കുറിച്ചും ഈ പുസ്‌തകത്തെ മുന്‍നിറുത്തി ഇന്ദിര സംസാരിക്കുന്നു.

എന്തുകൊണ്ടാണ്‌ കാമസൂത്രയ്‌ക്ക്‌ ബദലായി സ്‌ത്രീപക്ഷ കാമസൂത്ര എന്നൊരു പുസ്‌തകം എഴുതണമെന്ന്‌ തോന്നിയത്‌? 

കാമസൂത്ര എന്ന പുസ്‌തകം തികച്ചും പുരുഷപക്ഷത്തു നിന്നും രചിച്ചതാണ്‌.  പുരുഷന്റെ സുഖവും സൗകര്യവും നിലനിര്‍ത്തുവാന്‍ സ്‌ത്രീ എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ്‌ ഇതില്‍ പ്രതിപാദിക്കുന്നത്‌.  അത്‌ സെക്‌സിന്റെ കാര്യത്തിലായാലും സാമൂഹിക കുടുംബ ജീവിതത്തിലായാലും പുരുഷാധിപത്യ സമൂഹത്തിനു സ്‌തീ നല്‌കേണ്ട സുഖത്തെക്കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്‌.  സ്‌ത്രീകളെ എങ്ങനെ വശത്താക്കാം എന്ന രീതിയിലാണ്‌ ഇതിന്റെ പ്രതിപാദ്യം.

രണ്ടായിരം വര്‍ഷം മുമ്പ്‌ എഴുതിയ കാമസൂത്ര എന്ന പുസ്‌തകത്തിനു ബദലോ എന്ന്‌ പരിഹസിച്ചവരുമുണ്ട്‌.  ഇങ്ങനെയൊരു പുസ്‌തകം എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം ഇന്നും 'പുരുഷന്‍ രമിക്കാന്‍ ഇഷ്ടപ്പെടുന്നത്‌ ' കാമസൂത്രാധിഷ്‌ഠിതമായ തത്ത്വങ്ങള്‍ അനുസരിച്ചാണ്‌ എന്നു മനസിലാക്കിയതുകൊണ്ടാണ്‌.  ഇന്ന്‌ സ്‌ത്രീപീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നത്‌ ഈ കാമസൂത്രാധിഷ്‌ഠിത പരമ്പരാഗത വിശ്വാസ സങ്കല്‌പങ്ങള്‍ തന്നെ. ചെറുപ്പത്തിലെ ഞാന്‍ ഈ പുസ്‌തകം വായിച്ചിട്ടുണ്ട്‌.  അന്നേ എനിക്ക്‌ തോന്നിയിരുന്നു ഇതിലെ പല സങ്കല്‌പങ്ങളും അബദ്ധങ്ങളാണെന്ന്‌, പക്ഷേ അന്നെനിക്ക്‌ അതിനെ ചോദ്യം ചെയ്യാനുള്ള ത്രാണിയില്ലായിരുന്നു. 

ഈ അടുത്തകാലത്തായി കാമസൂത്രാധിഷ്‌ഠിതമായ ലൈംഗികശാസ്‌ത്ര പഠനം കേരളത്തില്‍ നടക്കാത്തതുകൊണ്ടാണ്‌ സ്‌ത്രീപീഡനങ്ങള്‍ കേരളത്തില്‍ വര്‍ധിക്കാന്‍ കാരണമെന്ന്‌ ചിലര്‍ അഭിപ്രായപ്പെടുന്നത്‌ ശ്രദ്ധയില്‍ പെട്ടു. യഥാര്‍ത്ഥത്തില്‍ ഇതു തെറ്റായ കാര്യമാണ്‌, ഈ പുസ്‌തകത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഇവിടെ സ്‌ത്രീ പുരുഷ സങ്കല്‌പങ്ങള്‍ നിലനില്‌ക്കുന്നത്‌.  അത്‌ തുറന്നുകാട്ടുവാനാണ്‌ ഞാന്‍ ഈ പുസ്‌തകം എഴുതിയത്‌.

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യകാര്യം ചെയ്‌തപ്പോള്‍ ഉണ്ടായ വിമര്‍ശനം? 

എന്റെ അടുത്ത ചില സുഹൃത്തുക്കള്‍ പറഞ്ഞത്‌ ഇത്തരം ഒരു പുസ്‌തകം എഴുതിയാല്‍ എനിക്ക്‌ നാടുവിട്ടു പോകേണ്ടി വരുമെന്നാണ്‌..  എന്നാല്‍ യാതൊരുവിധ നെഗറ്റീവ്‌ കമന്റുകളും എനിക്ക്‌ നേരിടേണ്ടി വന്നില്ല  കാരണം, വ്യക്തിത്വം ഉള്ള ഒരു സ്‌ത്രീയോടും അത്തരം കമന്റുകള്‍ പറയുവാന്‍ ഒരു പുരുഷന്‍ ധൈര്യപ്പെടുന്നില്ല എന്നതാണ്‌ വാസ്‌തവം.  എന്നോട്‌ നേരിട്ട്‌ പറയാതെ മദ്യശാലകളിലും പരദൂഷണ കമ്മിറ്റികളിലും പറയുന്ന അഭിപ്രായം മാനിക്കേണ്ട കാര്യം എനിക്കില്ലതാനും. 

പണവും ഉയര്‍ന്ന ജോലിയും ഉണ്ടെന്ന കാരണത്താല്‍ തന്നെ എന്നെ നേരിട്ട്‌ ആക്രമിക്കാനും ഒറ്റപ്പെടുത്തുവാനും സമൂഹത്തിനു കഴിയില്ല.  കഴിഞ്ഞ ജൂണില്‍ പുറത്തിറങ്ങിയ ഈ പുസ്‌തകത്തിന്റെ 12000 കോപ്പികള്‍ ഇതുവരെ വിറ്റഴിഞ്ഞു. പുരുഷന്‍മാര്‍മാരാണ്‌ ഈ പുസ്‌തകത്തിന്റെ കോപ്പികള്‍ കൂടുതല്‍ വാങ്ങിയിരിക്കുന്നത്‌.  ഒരു പെണ്ണ്‌ സെക്‌സിനെക്കുറിച്ച്‌ എന്താണ്‌ പറഞ്ഞിരിക്കുന്നതെന്ന്‌ അറിയാനുള്ള ആകാംഷ മാത്രമാണ്‌ ഇത്‌.   നിര്‍ഭാഗ്യമെന്നു പറയട്ടെ ഒരു സ്‌ത്രീ പോലും ഈ പുസ്‌തകം വായിച്ച്‌ ഒരഭിപ്രായം പറഞ്ഞു കണ്ടില്ല, ചില ഫെമിനിസ്റ്റുകള്‍ക്ക്‌ നല്ല അഭിപ്രായം ഉണ്ടെന്ന്‌ അറിഞ്ഞു, അവരും എന്നോട്‌ ഇതിനെക്കുറിച്ച്‌ ഒന്നും പറഞ്ഞിട്ടില്ല.

ലൈംഗികതയെക്കുറിച്ച്‌ സംസാരിക്കുന്നത്‌ കുലീന സ്‌ത്രീകള്‍ക്ക്‌ ചേര്‍ന്നതല്ല എന്ന സങ്കല്‌പമാണ്‌ കേരളത്തില്‍ ഇന്നും, സ്‌ത്രീകള്‍ മാത്രമല്ല പുരുഷന്മാരും അങ്ങനെയാണ്‌ ചിന്തിക്കുന്നത്‌,  അല്ലാത്ത സ്‌ത്രീകളെ വഷളത്തികളായി കാണുന്നവരാണ്‌ നാം?

തീര്‍ച്ചയായും, അതുകൊണ്ടു തന്നെയാണ്‌ സ്‌ത്രീകള്‍ ഇവിടെ പീഡിപ്പിക്കപ്പെടുന്നത്‌.  സ്‌ത്രീ ശരീരത്തെ പുരുഷന്റെ ഭോഗവസ്‌തുവായി കരുതുന്നതില്‍ വിദ്യാസമ്പന്നരായ സ്‌ത്രീകള്‍ തന്നെയാണ്‌ മുന്നില്‍ നില്‌ക്കുന്നത്‌.  പണ്ഡിതയോ പാമരയോ ആകട്ടെ അത്തരത്തില്‍ മോള്‍ഡ്‌ ചെയ്യപ്പെട്ടിരിക്കുന്നു  നമ്മുടെ സ്‌ത്രീകള്‍. പാകപ്പെടലുകള്‍ക്കും ഒത്തു തീര്‍പ്പുകള്‍ക്കും വിധേയമാകുക എന്നതു തന്നെയാണ്‌ അവരുടെ വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നുതന്നെ തോന്നിപ്പോകും. അതുകൊണ്ടെന്താണ്‌ അസംതൃപ്‌ത ലൈംഗിക ജീവിതമാണ്‌ കേരളത്തിലെ സ്‌ത്രീകള്‍ നയിക്കുന്നത്‌.  കേരളത്തില്‍ വിവാഹിതരായ സ്‌ത്രീകളില്‍ എണ്‍പതു ശതമാനത്തിലേറെ സ്‌ത്രീകള്‍ രതിമൂര്‍ച്ഛ എന്തെന്ന്‌ അറിയാത്തവരാണെന്നതാണ്‌ വസ്‌തുത. 

ഇന്നത്തെ പുതുതലമുറ ലൈംഗികതയെക്കുറിച്ച്‌ തുറന്നു സംസാരിക്കുന്നില്ലെങ്കിലും സ്‌ത്രീകള്‍ ലൈംഗിക ആഗ്രഹങ്ങള്‍ വ്യക്തമാക്കുന്നവരാണ്‌.  ലൈംഗികത സംതൃപ്‌തി ഇല്ലെന്ന കാരണത്താല്‍ വിവാഹമോചനം പോലും തേടുവാന്‍ സ്‌ത്രീകള്‍ ഇന്ന്‌ മടിക്കുന്നില്ല  അപ്പോള്‍ ഈ കണക്കുകള്‍ എങ്ങനെ ശരിയാകും? 

നാലു വര്‍ഷമെടുത്തു ഈ പുസ്‌തകത്തിന്റെ രചനയ്‌ക്ക്‌.  സ്‌ത്രീകള്‍ക്കിടയില്‍ സര്‍വ്വേ നടത്തിയും അഭിമുഖങ്ങള്‍ സംഘടിപ്പിച്ചുമാണ്‌ വിവരങ്ങള്‍ ശേഖരിച്ചത്‌.  കേരളത്തില്‍ വിവാഹിതരാകുവാനാണ്‌ സ്‌ത്രീ വിദ്യാഭ്യാസം നേടുന്നത്‌.  വിവാഹങ്ങള്‍ നടക്കുന്നത്‌ രണ്ട്‌ വ്യക്തികള്‍ തമ്മില്‍ അല്ല, രണ്ടു കുടുംബങ്ങള്‍ തമ്മിലാണ്‌.   അതുകൊണ്ടു തന്നെ ഒരു സ്‌ത്രീ ലൈംഗിക ജീവിതത്തിന്റെ അസംതൃപ്‌തികള്‍ തുറന്ന്‌ പറഞ്ഞ്‌ ദാമ്പത്യജീവിതത്തെ അസംത്യപ്‌തമാക്കുവാന്‍ താല്‌പര്യപ്പെടുന്നില്ല. 

മറ്റൊന്ന്‌ ലൈംഗികമായി തൃപ്‌തിയായില്ല എന്ന്‌ ഒരു സ്‌ത്രീ സംസാരിച്ചാല്‍ പുരുഷന്‍ ഭര്‍ത്താവോ കാമുകനോ ആരുമാവട്ടെ തകര്‍ന്നു പോകും.  തന്റെ ലൈംഗികത അവന്‍ സുഖത്തിനു മാത്രമുള്ള ഒരു ഉപാധിയായല്ല കാണുന്നത്‌. മറിച്ച്‌ അവന്റെ പുരുഷാധിപത്യത്തിന്റെ അടയാളമായാണ്‌ അതിനെ വിലയിരുത്തുന്നത്‌. 

ഒരു സ്‌ത്രീ സംതൃപ്‌തിയായില്ല എന്നു പറഞ്ഞാല്‍ പിന്നീട്‌ ആ സ്‌ത്രീയുമായി ലൈംഗികബന്ധത്തിനു പുരുഷന്‍ ഭയപ്പെടും. പിന്നീട്‌ അതിനു പ്രതിഫലമായി അവള്‍ പലതും സഹിക്കേണ്ടി വരും. അതായത്‌ അത്തരം ഒരു പുരുഷാധിപത്യത്തെ ഒരു സ്‌ത്രീ ചോദ്യം ചെയ്‌താല്‍ അവള്‍ക്ക്‌ നഷ്ടപ്പെടുന്നത്‌ സമൂഹത്തിലെ സുരക്ഷിതത്വമാണ്‌.  ഈ സുരക്ഷിതത്വം നഷ്ടപ്പെടുത്തുവാന്‍ ഒരു സ്‌ത്രീയും ഇഷ്ടപ്പെടുന്നില്ല എന്നതാണ്‌ വാസ്‌തവം. 

സ്‌ത്രീ തന്റെ സ്‌ത്രീത്വത്തെ പണയം വച്ചാണ്‌ ഈ സുരക്ഷയില്‍ അഭിരമിക്കുന്നത്‌.  ഭാര്യയാകുവാന്‍, കാമുകിയാകുവാന്‍ നടത്തുന്ന ഈ വിട്ടുവീഴ്‌ചകളെയാണ്‌ നല്ല സ്‌ത്രീകളുടെ ലക്ഷണമായി പണ്ടുകാലം മുതലേ വിലയിരുത്തപ്പെടുന്നത്‌.  പുരുഷന്‍ എന്തുചെയ്യണമെങ്കിലും സ്‌ത്രീയോട്‌ തീരുമാനങ്ങള്‍ അറിയിക്കുകയാണ്‌...  സ്‌ത്രീയാവട്ടെ പുരുഷനോട്‌ അനുവാദം തേടുകയാണ്‌. പുരുഷന്റെ ഇംഗിതങ്ങളാണ്‌ സ്‌ത്രിയുടെ ഇഷാടാനിഷ്ടങ്ങള്‍ നിലനിര്‍ത്തുന്നത്‌.

കേരളത്തില്‍ അടുത്തകാലത്തായി വര്‍ധിച്ചു വരുന്ന വിവാഹതേരബന്ധങ്ങള്‍ സ്‌ത്രീയുടെ അസംതൃപ്‌ത ലൈംഗികതയാണെന്ന്‌ തോന്നുന്നുണ്ടോ? 

ഞാന്‍ നടത്തിയ സര്‍വേയില്‍ വെളിപ്പെട്ട കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്‌.   സ്‌ത്രീ ദാമ്പത്യത്തിന്റെ കെട്ടുപാടുകളില്‍ നിന്നുകൊണ്ടു തന്നെ വിവിധ തരം ഒളിസേവകള്‍ നടത്തുന്നു. ഫോണ്‍ സെക്‌സും സെക്‌സ്‌ ചാറ്റിങ്ങും അസംതൃപ്‌ത ലൈംഗീകതയുടെ വെളിപ്പെടുത്തലുകളായി മാത്രം കാണേണ്ട. സ്‌ത്രീകള്‍ പുരുഷന്മാരെപ്പോലെ തന്നെ ലൈംഗികതയില്‍ പുതുവഴികള്‍ തേടുവാന്‍ ആഗ്രഹിക്കുന്നുവെന്നതാണ്‌ വസ്‌തുത. ദാമ്പത്യം കളഞ്ഞുകുളിച്ചിട്ടല്ല പകരം, ഒരു തരം അഡ്‌ജസ്റ്റ്‌മെന്റ്‌ ദാമ്പത്യമാണ്‌ ഇന്നത്തേത്‌.

സ്‌ത്രീക്ക്‌ ആദ്യം പ്രണയവും പുരുഷനു സെക്‌സുമാണ്‌ വേണ്ടതെന്ന്‌ പറയുന്നത്‌?

തീര്‍ച്ചയായും തെറ്റായ വെളിപ്പെടുത്തലാണ്‌. സ്‌ത്രീക്ക്‌ സ്‌നേഹം മാത്രം പോരാ, പുരുഷനു സെക്‌സു മാത്രവും പോര. രണ്ടിന്റെയും പ്രയോഗത്തില്‍ വ്യത്യാസമുണ്ടാവാം. സ്‌ത്രീക്ക്‌ ആദ്യം പ്രണയം, സ്‌നേഹം, പിന്നെ രതി എന്നതാണ്‌ രീതി. പുരുഷന്‌ സ്‌നേഹമോ രതിയോ ഏതു വേണമെങ്കിലും ആദ്യം വരാം. അതുകൊണ്ട്‌ അപരിചിതയായ സ്‌ത്രീയോട്‌ പുരുഷന്‌ സെക്‌സ്‌ നടത്താന്‍ മടിയില്ല. എന്നാല്‍ ഭൂരിപക്ഷം സ്‌ത്രീക്കും ഇതിനു കഴിയില്ല.

വിവാഹം, കുടുംബം തുടങ്ങിയ ശക്തമായ ബന്ധങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക പ്രത്യേകതയാണ്‌,  അതെല്ലാം ലൈംഗികതയേയും പുരുഷാധിപത്യത്തെയും അടിസ്ഥാനപ്പെടുത്തി ചിന്തിച്ച്‌ സ്‌ത്രീയ്‌ക്ക്‌  പൂര്‍ണമായും ക്ലീന്‍ ചീട്ട്‌ നല്‌കുന്നത്‌ എങ്ങനെ ശരിയാകും?

വിവാഹം ഒരു തരം അടിമത്തമാണ്‌.  ആ വ്യവസ്ഥിതിയില്‍ പുരുഷന്‍ എപ്പോഴും സ്‌ത്രീയെ ചൂക്ഷണം ചെയ്യും. വിവാഹം എന്ന സമ്പ്രദായം തന്നെ കണ്ടുപിടിച്ചിരിക്കുന്നത്‌ അവന്റെ സുഖസംതൃപ്‌തിയ്‌ക്കായാണ്‌.  സ്‌ത്രീ തന്റെ കഴിവും സമയവും ഈ വ്യവസ്ഥ നിലനിര്‍ത്താന്‍ വേണ്ടി വ്യയം ചെയ്യേണ്ടി വരുന്നു. അതുകൊണ്ട്‌ എല്ലാവരും വിവാഹിതരാവേണ്ട കാര്യമില്ല. വിവാഹമല്ല സ്‌ത്രീയുടെ ലക്ഷ്യം.  ഇവിടെ നല്ല പ്രതിഭകള്‍ ഉണ്ടാവാതെ പോകുന്നത്‌ വിവാഹം, കുടുംബം, വീട്‌,  കാര്‍, ബാങ്ക്‌ ബാലന്‍സ്‌ തുടങ്ങിയവയില്‍ സ്‌ത്രീ തന്റെ ജീവിതം പാഴാക്കുന്നതുകൊണ്ടാണ്‌.  അവള്‍ തന്റെ ആത്മാഭിമാനം പണയപ്പെടുത്തിയാണ്‌ വിവാഹജീവിതം നിലനിര്‍ത്തുന്നത്‌.  നമ്മുടെ സംസ്‌ക്കാരം തന്നെ വിവാഹം കഴിക്കാനുള്ള നേര്‍ച്ചക്കോഴികളായാണ്‌ സ്‌ത്രീയെ വളര്‍ത്തുന്നത്‌.

വിവാഹം വേണ്ടന്നു പറയുകയും സ്‌ത്രീ ലൈംഗികതയെക്കുറിച്ചു സംസാരിക്കുകയും ചെയ്യുന്നത്‌ വൈരുദ്ധ്യമല്ലേ?

എന്ത്‌ വൈരുദ്ധ്യം? ഞാന്‍ സംസാരിക്കുന്നത്‌ സ്വതന്ത്ര ലൈംഗികതയെക്കുറിച്ചാണ്‌.  ഞാന്‍ വിവാഹിതയായെങ്കിലും പിന്നീട്‌ ആ പണി പറ്റില്ലാന്ന്‌ മനസിലാക്കി വിവാഹബന്ധം ഉപേക്ഷിച്ച്‌ പോന്നു. കൈക്കൂഞ്ഞിനെയും തോളിലിട്ട്‌ പുറത്തേയ്‌ക്ക്‌ വരുമ്പോള്‍ ഏറെ കടമ്പകള്‍ കടക്കേണ്ടി വരുമെന്ന്‌ എനിക്കറിയാമായിരുന്നു. വിധവകള്‍, വിവാഹമോചിതര്‍, അവിവാഹിതകള്‍ എന്നിവര്‍ക്ക്‌ ഒരു സെക്‌സ്‌ ഉണ്ടെന്നു പോലും സമൂഹം പരസ്യമായി അഗീകരിക്കുന്നില്ല. രഹസ്യമായി അവരുമായി ഒരു ബന്ധമുണ്ടാക്കുവാന്‍ താല്‌പര്യപ്പെടുകയും ചെയ്യും. 

ഞാന്‍ വിവാഹമോചിതയായി എന്നതിനര്‍ത്ഥം അന്നു മുതല്‍ ഞാന്‍ ബ്രഹ്മചര്യം അനുഷ്‌ഠിക്കുകയാണെന്നല്ല, എനിക്ക്‌ പങ്കാളികള്‍ ഉണ്ട്‌. .  ജീവിതകാലം മുഴുവന്‍ ഒരാളെ സഹിക്കേണ്ട കാര്യവുമില്ല. ഒരുതരം സ്വതന്ത്ര ലൈംഗികജീവിതമാണ്‌.   പലര്‍ എന്റെ ജീവിതത്തില്‍ കടന്നു വന്നിട്ടുണ്ട്‌, പോയിട്ടുണ്ട്‌.  ഇന്നും എനിക്ക്‌ ഒരു പങ്കാളിയുണ്ട്‌.  പരസ്‌പരം ബാധ്യതകളില്ല. അതിനര്‍ത്ഥം ഞാന്‍ വേശ്യ എന്നല്ല. മറ്റു തൊഴിലുകള്‍ ചെയ്യാതെ ലൈംഗികതയെ ജീവിനോപാധിയായി കരുതുന്നവരെയാണ്‌ നാം വേശ്യയായി കരുതുന്നത്‌.  ഇവിടെ രണ്ട്‌ വ്യക്തികള്‍ സ്വതന്ത്രമായി നടത്തുന്ന ഇടപെടലുകളാണ്‌ ഉണ്ടാവേണ്ടത്‌.  അത്‌ സംഭവിക്കണമെങ്കില്‍ സ്‌ത്രീ സാമൂഹികമായും സാമ്പത്തികമായും ഉയരണം. അതിനപ്പുറം സ്വതന്ത്ര വൃക്തിത്വം ഉണ്ടാവണം.

സ്വതന്ത്ര ലൈംഗീകതയെക്കുറിച്ച്‌ സ്‌ത്രീ സംസാരിച്ചാല്‍ ലൈംഗീക തൊഴിലാളികളെക്കാള്‍ മോശമായി സ്‌ത്രീയെ ചിത്രീകരിക്കില്ലേ? 

അവിടെയാണ്‌ സമൂഹത്തിന്‌ കാതലായ മാറ്റം വരുത്തേണ്ടത്‌.  അസംതൃപ്‌ത കുടുംബ ലൈംഗീകജീവിതവും കപട സദാചാരവുമാണ്‌ കേരളത്തിന്റെ പ്രശ്‌നം. അവസരം കിട്ടിയാല്‍ ഏതാണും പെണ്ണിനെ പീഡിപ്പിക്കാന്‍ ശ്രമിക്കും. അതിനു കാരണം ഇത്തരത്തിലുള്ള കപട സദാചാരമാണ്‌.  കുറെക്കൂടി സുദൃഢവും ആരോഗ്യകരവുമായ ലൈംഗീക ജീവിതവും വിദ്യാഭ്യാസവും വേണം. പുരുഷ കേന്ദ്രീകൃത ലൈംഗികതയുടെ സ്ഥാനത്ത്‌ സ്‌ത്രീപക്ഷ ലൈംഗീക വിദ്യാഭ്യാസം ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടണം. സ്‌ത്രീയുടെ ലൈംഗീകതയെ പവിത്രീകരിച്ച്‌ അതിനെ അവഗണിക്കുക എന്നതാണ്‌ നിലവിലുള്ള സാമൂഹിക സദാചാരം. അതില്‍ നിന്ന്‌ സ്‌ത്രീ പുറത്തു വരണമെങ്കില്‍ അവള്‍ക്ക്‌ ഇത്തിരി പുരുഷ ഹോര്‍മോണ്‍ കൂടണം. എങ്കിലേ സ്‌ത്രീയുടെ അടിച്ചമര്‍ത്തലുകളോട്‌ സമരസപ്പെട്ടുപോകുവാനുള്ള അവളുടെ കാഴ്‌ച്ചപ്പാടുകള്‍ക്ക്‌ മാറ്റം വരുകയുള്ളു.

ഈ പുസ്‌തകം എന്തെങ്കിലും ചലനം സമൂഹത്തില്‍ സൃഷ്ടിച്ചോ?

എന്തു ചലനം? ഇങ്ങനെയും ചില സ്‌ത്രീകള്‍ സമൂഹത്തില്‍ ഉണ്ടെന്ന്‌ പ്രഖ്യാപനം നടത്തുവാനായി എന്നു മാത്രം. അവരെക്കൂടി ഉള്‍ക്കൊള്ളാന്‍ സമൂഹം തയ്യാറാവണം, അത്രമാത്രം.

ആകാശവാണി ദേവികുളം നിലയത്തിന്റെ സീനിയര്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവാണ്‌ അന്‍പതുകാരിയായ കെ.ആര്‍ ഇന്ദിര. മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഇന്ദിര റേഡിയോ പരിപാടികളെക്കുറിച്ചുള്ള ഗവേഷണ പഠനത്തിലാണ്‌. ഡിസി ബുക്‌സാണ്‌ സ്‌ത്രൈണ കാമസൂത്രയുടെ പ്രസാധകര്‍. ഇല്ലം നിറ എന്ന ഒരു കഥാസമാഹാരം ഇന്ദിര നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.)))