Breaking News

Trending right now:
Description
 
Apr 29, 2015

ഇന്‍ഡോ-അമേരിക്കന്‍ പ്രസ്ക്ലബ് സുവനീറിലേക്ക് രചനകള്‍ ക്ഷണിക്കുന്നു

image
ന്യൂയോർക്ക്‌: നോർത്ത് അമേരിക്കയിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇൻഡോ-അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (IAPC) പ്രഥമ അന്തര്‍ദേശീയ മാധ്യമ സമ്മേളനം 2015 ഒക്ടോബര്‍ 9 മുതല്‍ 12 വരെ ന്യൂയോര്‍ക്കില്‍ നടക്കുന്നതാണ്. ചുരുങ്ങിയ കാലംകൊണ്ട് മാധ്യമ സ്വാതന്ത്ര്യ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും നിരവധി പദ്ധതികള്‍ IAPC കാഴ്ചവെച്ചു വരികയാണ്. സെമിനാറുകള്‍ക്കും സമ്മേളനങ്ങള്‍ക്കും ശില്‍പശാലകള്‍ക്കും പുറമേ വളര്‍ന്ന് വരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുതിയ അവസരങ്ങളും നല്‍കുന്ന ശക്തമായ ഒരു സംഘടനായി IAPC വളര്‍ന്നുകൊണ്ടിരിക്കുന്നു. ഈ കൂട്ടായ്മ അമേരിക്കയിലെ ഇന്ത്യൻ മാധ്യമപ്രവര്‍ത്തകരുടെ പരസ്പര സഹകരണം ഉയര്‍ത്തുവാനും പത്രപ്രവര്‍ത്തന രംഗത്തെ നൂതന സംവിധാനങ്ങളും ആശയങ്ങളും പങ്കുവെക്കുവാനും ലക്ഷ്യമിടുന്നു.

ഒക്ടോബറില്‍ വിപുലമായ രീതിയിൽ ടക്കാനിരിക്കുന്ന അന്തര്‍ദേശീയ മാധ്യമ സമ്മേളനം വളരെ ശ്രദ്ധയാകര്‍ഷിക്കപ്പെടാന്‍ പോവുകയാണ്. സിറ്റിസണ്‍ ജേര്‍ണലിസംലോക മാധ്യമ രംഗത്തെ പുത്തന്‍ പ്രവണതകള്‍, മാധ്യമപ്രവര്‍ത്തനത്തിലെ സോഷ്യല്‍ മീഡിയ സ്വാധീനം തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സംവാദങ്ങള്‍ നടക്കും. മാധ്യമ പ്രവര്‍ത്തനത്തെയും അതിന്റെ ചരിത്രത്തെയും അടുത്തറിയാനുതകുന്ന ഫോട്ടോപ്രദര്‍ശനവും ഈ കോണ്‍ഫറന്‍സിന്റെ മുഖ്യ ആകര്‍ഷണമാണ്. വിവിധ രാജ്യങ്ങളിലുള്ള പ്രശസ്തരായ മാധ്യമ പ്രവര്‍ത്തകര്‍ ഈ സെമിനാറിന്റെ ഭാഗമാകുന്നുവെന്നു മാത്രമല്ല അവര്‍ നയിക്കുന്ന ഉന്നത നിലവാരമുള്ള സെമിനാറുകളും വര്‍ക്കുഷോപ്പുകളും ഈ കോണ്‍ഫറന്‍സിനെ മികവുറ്റതാക്കുമെന്നതില്‍ സംശയമില്ല.

ഇതോടനുബന്ധിച്ച് ബൃഹത്തായ ഒരു സുവനീര്‍ പ്രകാശനം ചെയ്യപ്പെടുന്നതാണ്. അമേരിക്കയിലെയും ഇന്ത്യയിലെയും പ്രശസ്തരായ എഴുത്തുകാരുടെ ഈടുറ്റ ലേഖനങ്ങളും, കഥകളും, കവിതകളും, പരിചയപ്പെടുത്തലുകളും, ചരിത്രസംഭവങ്ങളും, ചിത്രങ്ങളും കൊണ്ട് സമ്പന്നമായ, ഒരു സ്മരണികയായി എന്നും സൂക്ഷിക്കാവുന്ന രീതിയിൽ ഈ സുവനീര്‍ പ്രസിദ്ധീകരിക്കാനുള്ള പരിപാടികള്‍ IAPC ആസൂത്രണം ചെയ്തുവരുന്നു. ഇതിനുപുറമേ IAPC അംഗങ്ങളുടെ എഴുത്തുശൈലികളും കഴിവും വെളിവാക്കുന്ന രചനകളും IAPC യുടെ അഭൂതപൂർവ്വമായ വളര്‍ച്ചയുടെ ഫോട്ടോകളും ഉൾപ്പെടുത്തുന്നതാണ്. വ്യക്തികളുടെയും കുടുംബങ്ങളുടെയും കോംപ്ലിമെന്റുകളും ഈ സുവനീറില്‍ ഉള്‍പ്പെടുത്തുന്നതാണ്.

IAPC സുവനീറിന്റെ എഡിറ്റോറിയൽ ടീമിന് നേതൃത്വം നല്കുന്നത് രാജു തരകന്‍, മാത്യു ജോയ്സ് എന്നിവരാണ്.  

ഈ സുവനീറില്‍ പങ്കുചേരുവാന്‍ താല്‍പര്യമുള്ളവര്‍ ഫുള്‍സ്കാപ്പ് പേപ്പറില്‍ നാല്/അഞ്ച്  പേജിനകം വരുന്ന ലേഖനമോ, കഥകളോ അല്ലെങ്കില്‍ ഒരു പേജില്‍ ഒതുങ്ങുന്ന കവിതകളോ അയച്ചുതരുവാന്‍ ക്ഷണിച്ചു കൊള്ളുന്നു. മലയാളത്തിലും ഇംഗ്ലീഷിലും രചനകള്‍ അയക്കാവുന്നതാണ്. ഇവ ലഭിക്കേണ്ട അവസാന തീയതി: 2015 ജൂലൈ 20.

രചനകള്‍ അയക്കേണ്ട ഈമെയില്‍: iapcsouvenir@gmail.com. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക: രാജു തരകന്‍ 469-274-2926, മാത്യു ജോയ്സ് 513-310-9270.