Breaking News

Trending right now:
Description
 
Apr 28, 2015

പ്രമേഹ നിയന്ത്രണത്തിന്‌ ഇന്‍വൊകാനയുമായി ജാന്‍സെന്‍ ഇന്ത്യ

image ജോണ്‍സണ്‍ ആന്റ്‌ ജോണ്‍സന്റെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നായ ജാന്‍സെന്‍, പുതിയ പ്രമേഹ ചികിത്സയുടെ ഭാഗമായ ഇന്‍വൊകാന (കാനഗ്ലിഫ്‌ളോസിന്‍) ഇന്ത്യയില്‍ അവതരിപ്പിച്ചു. രാജ്യത്ത്‌ പ്രമേഹം മൂലം കഷ്‌ടപ്പെടുന്ന 67 ദശലക്ഷം പേരെ സംബന്ധിച്ചിടത്തോളം ഏറെ സുപ്രധാനമായ പുതിയ ചികിത്സയാണ്‌ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്‌. ലോകത്ത്‌ ഏറ്റവുമധികം പ്രമേഹബാധിതരായ രണ്ടാമത്തെ ജനസംഖ്യ ഇന്ത്യയിലേതാണ്‌.

ദിവസവും ഒന്നു വീതം കഴിക്കേണ്ട ഇന്‍വൊകാന, സോഡിയം ഗ്ലൂക്കോസ്‌ കോ-ട്രാന്‍സ്‌പോര്‍ട്ടര്‍ 2 (എസ്‌ജിഎല്‍ടി 2) ഇന്‍ഹിബിറ്റര്‍ ക്ലാസ്‌ മരുന്നുകളില്‍ ഉള്‍പ്പെടുന്നതാണ്‌. ഭക്ഷണനിയന്ത്രണം, ജീവിതശൈലി നിയന്ത്രണം, മറ്റ്‌ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ എന്നിവയിലൂടെ പ്രമേഹം നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്തവരില്‍ ഗ്ലൂക്കോസിന്റെ തോത്‌ കുറയ്‌ക്കാന്‍ ഇന്‍വൊകാന പ്രയോജനപ്രദമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

മറ്റ്‌ ടൈപ്പ്‌ 2 പ്രമേഹ ചികിത്സാരീതികളെ അപേക്ഷിച്ച്‌ ഇന്‍വൊകാനയും എസ്‌ജിഎല്‍ടി2 ഇന്‍ഹിബിറ്ററുകളും പ്രവര്‍ത്തിക്കുന്നത്‌ വ്യത്യസ്‌തമായാണ്‌. വൃക്കകളില്‍ ഗ്ലൂക്കോസ്‌ വീണ്ടും ആഗിരണം ചെയ്യപ്പെടുന്നത്‌ ഇവ തടയുന്നു. മൂത്രത്തിലൂടെ കൂടുതല്‍ ഗ്ലൂക്കോസ്‌ പുറന്തള്ളപ്പെടുകയും അതുവഴി ഗ്ലൂക്കോസിന്റെ തോത്‌ കുറയ്‌ക്കുകയുമാണ്‌ അനന്തരഫലം. പ്രമേഹ ചികിത്സയിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണിത്‌. 10,000ലേറെ രോഗികളില്‍ നടത്തിയ ട്രയലുകളിലൂടെയാണ്‌ ഇന്‍വൊകാനയുടെ ഫലപ്രാപ്‌തി തെളിയിച്ചത്‌.

പൊതുവെ ശരീരത്തിന്‌ സ്വീകാര്യമായ ചികിത്സയായാണ്‌ ഇന്‍വൊകാന ക്ലിനിക്കല്‍ പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്‌. ജനനേന്ദ്രിയങ്ങളിലെ ഫംഗസ്‌ ബാധ അല്ലെങ്കില്‍ കാന്‍ഡിഡിയാസിസ്‌, മൂത്രനാളിയിലെ അണുബാധ, മൂത്രം പോകല്‍ എന്നിവയാണ്‌ സാധാരണയായി കണ്ടുവരുന്ന പാര്‍ശ്വഫലങ്ങള്‍. വളരെ കുറഞ്ഞതും തീവ്രമല്ലാത്തതുമായ രീതിയിലാണ്‌ ഇവ കണ്ടുവരുന്നത്‌. പഠനത്തിന്റെ മൂന്നാംഘട്ടത്തില്‍ ഇവയുടെ ആവര്‍ത്തനം കുറയുന്നതായും വ്യക്തമായി.

മോണോതെറാപ്പി അല്ലെങ്കില്‍ മെറ്റ്‌ഫോര്‍മിന്‍ ആയി ഉപയോഗിക്കുമ്പോള്‍ ഹൈപ്പോഗ്ലൈസീമിയയുടെ സാധ്യതകളും കാനഗ്‌ളിഫ്‌ളോസിന്‍ ചികിത്സയില്‍ വളരെ കുറവാണ്‌. ഹൃദയവും രക്തധമനികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇന്‍വൊകാനയ്‌ക്ക്‌ പങ്കില്ലെന്നാണ്‌ ഇതുവരെയുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ വളരെ അധികമാകുന്ന ഗുരുതരമായ രോഗമാണ്‌ ടൈപ്പ്‌ 2 പ്രമേഹം. 2014ല്‍ ലോകമെമ്പാടുമായി 4.9 ദശലക്ഷം മരണങ്ങള്‍ പ്രമേഹവും അതുമായി ബന്ധപ്പെട്ട ഹൃദയരോഗങ്ങളും മൂലം സംഭവിച്ചതായാണ്‌ വിലയിരുത്തല്‍. ഇന്ത്യയില്‍ 2014ല്‍ പത്ത്‌ ലക്ഷത്തിലേറെ മരണങ്ങള്‍ക്ക്‌ പ്രമേഹം കാരണമായി. ജീവിതശൈലിയിലെ മാറ്റവും നാഗരിക - ഗ്രാമീണ വ്യത്യാസങ്ങള്‍ നേര്‍ത്തതും മൂലം ഇതിന്‌ വ്യാപന സ്വഭാവം കൈവരികയും ചെയ്‌തു. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുന്നതില്‍ ഇന്ത്യ ഏറെ പിന്നിലാണ്‌. നിരവധി സങ്കീര്‍ണതകള്‍ക്ക്‌ ഇത്‌ കാരണമാകുന്നു. ഇന്ത്യയിലെ പ്രമേഹബാധിതരെ സംബന്ധിച്ചിടത്തോളം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ പരിപാലിക്കുന്നതും രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കുന്നതും ശരീരഭാരം ക്രമീകരിക്കുന്നതും വലിയ വെല്ലുവിളികളാണ്‌.