Breaking News

Trending right now:
Description
 
Apr 26, 2015

ആദ്യം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക; പിന്നെ 'നോ പാര്‍ക്കിംഗ്'

പൊതുജനത്തിനു ശിക്ഷയും പിഴയും മാത്രമല്ല പ്രതിവിധി
image ആലപ്പുഴ: പട്ടണത്തില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി അധികൃത പാര്‍ക്കിംഗ് ഏര്‍പ്പെടുത്താതെ അനധികൃത പാര്‍ക്കിംഗിന്റെ പേരില്‍ വാഹനയുടമകളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യരുതെന്നു അധികൃതരോട് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ അഭ്യര്‍ഥിച്ചു. 

റോഡില്‍ സംഘടിത ശക്തികളുണ്ടാക്കുന്ന സ്ഥിരം പ്രശ്‌നങ്ങള്‍ ധൈര്യപൂര്‍വം ഒഴിവാക്കാന്‍ തയാറാകാതെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന പേരില്‍ താത്കാലിക തടസ്സങ്ങളുടെ പേരില്‍ അസംഘടിതരില്‍ നിന്നു ഉടനടി പിഴ പിരിക്കുകയോ വാഹനങ്ങള്‍ പിടിച്ചെടുത്തുകൊണ്ടു പോകുകയോ അല്ല ചെയ്യേണ്ടത്. സാധ്യമായ സ്ഥലങ്ങളിലെല്ലാം സൗജന്യ പാര്‍ക്കിംഗ് പൗരന്മാരുടെ അവകാശമാണ്. കൂടാതെ 'നോ പാര്‍ക്കിംഗ്' പ്രദേശത്തു പോലും ഹാള്‍ട്ട് ആകാമെന്നു ഹൈക്കോടതി വിധിയുമുണ്ട്. പൊതുറോഡരുകിലെ പാര്‍ക്കിംഗ് സ്വകാര്യ സ്ഥാപനങ്ങള്‍ തടയുകയുമരുത്. ഭിന്നശേഷിയുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ എല്ലാ റോഡുകളിലും സ്ഥലം വേര്‍തിരിച്ചിടണം.

പെറ്റിക്കേസുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടുന്നതാണ് പോലീസിന്റെ മികവിന്റെ അടിസ്ഥാനം എന്നുള്ള സര്‍ക്കാര്‍ തെറ്റിദ്ധാരണയുടെ പുറത്തുള്ള നടപടികള്‍ മാത്രമാണ് നടത്തുന്നതെന്നു പരാതി ഉയര്‍ന്നു കഴിഞ്ഞു. സ്ഥിരം തടസ്സങ്ങള്‍ മാറ്റാനും അതു വീണ്ടുമുണ്ടാകുന്നതു തടയാനും അധികൃതര്‍ക്കാകുന്നില്ല. അതിനു ഇതുവരെ മുന്‍ഗണന കൊടുത്തുകണ്ടിട്ടില്ല. മികച്ച ആസൂത്രണത്തിലൂടെയാണ് ഗതാഗതവും പാര്‍ക്കിംഗ് സംവിധാനങ്ങളും മെച്ചപ്പെടുത്തേണ്ടത്. എല്ലാത്തിനും പൊതുജനത്തിനു ശിക്ഷയും പിഴയും മാത്രമല്ല പ്രതിവിധി. പുരാതന കാലത്തു തന്നെ ആസൂത്രിതമെന്നു പേരുകേട്ടിട്ടുള്ള ആലപ്പുഴ പട്ടണം അധുനിക കാലത്തു അങ്ങനെ നിലനിര്‍ത്താനാകുന്നില്ലെന്നുള്ളതു ഭരണപരമായ പിടിപ്പുകേടാണ്.

പട്ടണത്തില്‍ ഒരിടത്തും പാര്‍ക്കിംഗിനായി സ്ഥലം നിശ്ചയിച്ചു ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. പുതിയ വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തേക്കുള്ള നികുതി മുന്‍കൂറായി ഈടാക്കുന്ന സര്‍ക്കാരിന് വാഹനങ്ങള്‍ക്കാവശ്യമായ റോഡ്, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കാനും ബാധ്യതയുണ്ട്. എന്നാല്‍ റോഡു വക്കില്‍ എല്ലായിടത്തും 'നോ പാര്‍ക്കിംഗ്' ബോര്‍ഡുകള്‍ യാതൊരു ശാസ്ത്രീയതയോ അടിസ്ഥാനമോ മാനദണ്ഡങ്ങളോ കൂടാതെ എപ്പോഴും പിഴയീടാക്കാന്‍ തക്ക വിധംസ്ഥാപിച്ചിട്ടുമുണ്ട്. അതില്‍ പലതും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും അവരുടെ സൗകര്യാര്‍ഥം നാട്ടിയിട്ടുള്ള ബോര്‍ഡുകളാണ്. 

എവിടെ മുതല്‍ എത്ര മീറ്റര്‍ ദൂരത്തേക്കാണ് പാര്‍ക്കിംഗ് അനുവദിക്കാത്തത് എന്നു വ്യക്തമായി 'നോ പാര്‍ക്കിംഗ്' ബോര്‍ഡുകളില്‍ രേഖപ്പെടുത്തണമെന്നും കൂടാതെ പാര്‍ക്കിംഗ് നിരോധനം അവസാനിക്കുന്ന സ്ഥലം വ്യക്തമാക്കണമെന്നും വര്‍ഷങ്ങള്‍ മുന്‍പു ടി.ആര്‍.എ ആവശ്യപ്പെട്ടിട്ടുള്ളതാണെങ്കിലും അധികൃതര്‍ നടപടിയെടുക്കുകയോ മറുപടി നല്കുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ 'നോ പാര്‍ക്കിംഗ്' അനന്തമായ ദൂരത്തേക്കാണ്. അത് എവിടെ തുടങ്ങി എവിടെ അവസാനിക്കുമെന്നു അറിയാന്‍ മാര്‍ഗമില്ല. അതിനാല്‍ എവിടെ വാഹനം നിര്‍ത്തിയാലും ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.

ആലപ്പുഴയില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളെല്ലാം 'പേ പാര്‍ക്കിംഗ്' ആയി മാറ്റിക്കൊണ്ടിരിക്കുകയാണ്. ബീച്ച് അടക്കമുള്ള സ്ഥലങ്ങളില്‍ കിലോമീറ്ററുകള്‍ ദൂരത്തില്‍ വാഹനമിടുന്നതിനു വന്‍ ഫീസാണ് ഈടാക്കുന്നത്. യാതൊരു സേവനമോ സുരക്ഷയോ നല്കാതെ ഫീസ് പിരിക്കുന്നതു നിയമവിരുദ്ധമാണെന്നിരിക്കെയാണിത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയാണ് നിയമം ലംഘിച്ചു പിരിവു നടത്താന്‍ സ്വകാര്യ വ്യക്തികള്‍ക്കു ഒത്താശ നല്കുന്നത്. പാര്‍ക്കിംഗിന്റെ പേരില്‍ നീതിവിരുദ്ധമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ പിരിക്കുന്ന തുക എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്നറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. 

റെയില്‍വേ സ്‌റ്റേഷനില്‍ വെറുതെ വെയിലത്തും മഴയത്തും ഇരിക്കുന്നതും പക്ഷി കാഷ്ഠിക്കുകയും ഇന്ധനം ഊറ്റപ്പെടുകയും ചെയ്യുന്ന വാഹനങ്ങള്‍ക്കു ഫീസ് ഈടാക്കുന്നതിനെതിരേ പ്രതിഷേധമുയര്‍ന്നപ്പോഴാണ് ഇരുചക്രവാഹനങ്ങള്‍ വയ്ക്കാന്‍ കുറച്ചു ദൂരത്തില്‍ പേരിനു വേണ്ടി മാത്രം മേല്‍ക്കൂരയുണ്ടാക്കിയത്. ഭൂരിപക്ഷം ഇരുചക്രവാഹനങ്ങള്‍ക്കും എല്ലാ നാലു ചക്രവാഹനങ്ങള്‍ക്കും ഇപ്പോഴും മേല്‍ക്കൂരയില്ല. എന്നിരുന്നാലും 'വെഹിക്കിള്‍ പാര്‍ക്കിംഗ് സ്‌പേസ് ഫീ' ആയി രസീതില്‍ രേഖപ്പെടുത്തിയതിലും കൂടുതല്‍ തുകയാണ് കോണ്‍ട്രാക്ടര്‍ ഈടാക്കുന്നതെന്നു യാത്രക്കാര്‍ക്കു പരാതിയുണ്ട്. ബാക്കി നല്കാന്‍ ചില്ലറയില്ലെന്ന ന്യായം പറഞ്ഞാണിതെന്നും സൂചനയുണ്ട്. 

ബസ് സ്റ്റേഷന്‍ അടക്കമുള്ളയിടങ്ങളില്‍ സ്വന്തം വാഹനങ്ങള്‍ കൊണ്ടു വന്നു വച്ചിട്ടു പൊതുയാത്രാ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്. അക്കൂട്ടരെ പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം ദ്രോഹിക്കുന്ന നടപടികളാണ് പലപ്പോഴും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനു മുന്നിലുള്ള റോഡ് വരയിട്ടു തിരിച്ചു ബസുകള്‍ അതിനുള്ളില്‍ നിര്‍ത്താന്‍ നിര്‍ദേശിക്കണമെന്നും പഴയ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ സൗകര്യമായി ഇരുചക്രവാഹനങ്ങള്‍ക്കു പാര്‍ക്കു ചെയ്യാന്‍ സ്ഥലം നല്കണമെന്നുമുള്ള ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഫയര്‍ സ്റ്റേഷന്‍ സമീപത്തായതിനാല്‍ അത്യാവശ്യം വാഹനങ്ങള്‍ വേഗത്തില്‍ കടന്നു പോകേണ്ട റോഡാണിത്. എന്നാല്‍ പലപ്പോഴും അവിടെ പാര്‍ക്കു ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങളുടെ ടയറിലെ കാറ്റ് ശിക്ഷയെന്ന നിലയില്‍ അഴിച്ചുവിടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. അതേസമയം, സ്വകാര്യ സ്ഥാപനങ്ങള്‍ക്കു അനധികൃതമായി അവര്‍ക്കു മാത്രമുള്ള പാര്‍ക്കിംഗിനായി സ്ഥലം വളച്ചുകെട്ടി നല്കിയിട്ടുമുണ്ട്.

പട്ടണവാസികള്‍ ഉല്ലാസത്തിനായി ഉപയോഗിച്ചിരുന്ന മുനിസിപ്പല്‍ മൈതാനം കൂടുതല്‍ സൗകര്യം ഒരുക്കാനെന്ന പേരില്‍ 'പട്ടണ ചത്വര'മായി രൂപം മാറ്റിയെങ്കിലും അവിടം തുടക്കം മുതല്‍ പേ പാര്‍ക്കിംഗിനായി മാറ്റിയിരിക്കുകയാണ്. അതിനെതിരേ പരാതികള്‍ നല്കിയെങ്കിലും ഫലമുണ്ടായിട്ടില്ല. അതിനാല്‍ അതിനുള്ളിലുള്ള കേരള ലളിതകലാ അക്കാഡമി ആര്‍ട്ട് ഗ്യാലറിയുടെ പ്രവര്‍ത്തനത്തിനു പോലും തടസ്സമുണ്ടാകാറുള്ളതായി പരാതി ഉയരുന്നു.

പുതുതായി വഴിച്ചേരിയില്‍ നിര്‍മ്മിക്കുന്ന മുനിസിപ്പല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു മുന്നിലുള്ള റോഡിന്റെ ഇരു വശങ്ങളിലും എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഒഴിവാക്കി പാര്‍ക്കിംഗിനും കാത്തുനില്പ്പിനും സൗകര്യം ഒരുക്കേണ്ട സ്ഥാനത്ത് സ്റ്റാന്‍ഡിന്റെ നിര്‍മാണത്തേക്കാള്‍ അതിവേഗത്തിലാണ് റോഡുവക്കില്‍ ഉണ്ടായിരുന്ന സ്ഥലത്ത് നെടുനീളത്തില്‍ ഏറോബിക് കംപോസ്റ്റ് പ്ലാന്റ് നിര്‍മിച്ചത്. അവിടെ നിലവില്‍ മറ്റൊരു വലിയ പ്ലാന്റ് ഉള്ളപ്പോള്‍ തന്നെയാണ് തൊട്ടു ചേര്‍ന്നു പുതിയതു സ്ഥാപിച്ചത്. പട്ടണത്തിന്റെ മറ്റു ഭാഗങ്ങളില്‍ പലയി്ടങ്ങളിലായി സ്ഥാപിക്കേണ്ട യൂണിറ്റുകള്‍ ഒന്നായി കനാല്‍ക്കരയില്‍ സ്ഥാപിക്കുമ്പോള്‍ തന്നെ എതിര്‍പ്പു രേഖപ്പെടുത്തിയവരുണ്ട്. വെള്ളം മലിനമാകാനുള്ള സാധ്യതയുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വാഹന പാര്‍ക്കിംഗിനു സ്ഥലസൗകര്യം സ്ഥിരമായി ഉണ്ടാകണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല. അതിനാല്‍ തന്നെ ഇത്തരം കെട്ടിടങ്ങളിലെ സ്ഥാപനങ്ങളിലേക്കു വരുന്ന അനേകം വാഹനങ്ങള്‍ റോഡിലിടാന്‍ നിര്‍ബന്ധിതമാകും. വ്യവസ്ഥകള്‍ പാലിക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നിയമ-ശിക്ഷാ നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വമേധയാ സ്വീകരിക്കേണ്ടതാണ്.

വേണ്ടത്ര പ്രവേശന മാര്‍ഗ സൗകര്യം ഇല്ലാത്തയിടങ്ങളില്‍ പോലും ഹൗസ് സ്റ്റഫിംഗിനായി കൂറ്റന്‍ കണ്ടെയ്‌നറുകള്‍ പട്ടണത്തില്‍ കടന്നു പാര്‍ക്കു ചെയ്യുന്നതു നീണ്ടുനില്ക്കുന്ന ഗതാഗതതടസ്സത്തിനു കാരണമാകാറുണ്ട്. വലിയ കണ്ടെയ്‌നര്‍ ലോറികള്‍ക്കു കടന്നുവരാന്‍ ബുദ്ധിമുട്ടുള്ള റോഡുകളില്‍ അത്തരം വാഹന ഗതാഗതം നിരോധിക്കണം.

വാഹനങ്ങള്‍ പ്രവൃത്തിസമയം മുഴുവന്‍ പാര്‍ക്കു ചെയ്യേണ്ട സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും കുറച്ചു സ്ഥലത്ത് കൂടുതല്‍ വാഹനങ്ങള്‍ സൂക്ഷിക്കാവുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. ജില്ലാ കോടതി, സിവില്‍ സ്‌റ്റേഷന്‍, സിവില്‍ സ്‌റ്റേഷന്‍ അനക്‌സ്, ഹൗസ് ബോട്ട് ടെര്‍മിനില്‍ തുടങ്ങിയയിടങ്ങളില്‍ ഈ സംവിധാനം എത്രയും വേഗം പ്രാവര്‍ത്തികമാക്കണം.

റോഡിലെ അനധികൃത വഴിവാണിഭവും അതുമൂലമുള്ള തിരക്കും കുറയ്ക്കാന്‍ ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപന വളപ്പുകളില്‍ വൈകുന്നേരം മുതല്‍ വാഹനങ്ങളിലുള്ള കച്ചവടവും പാര്‍ക്കിംഗും അനുവദിക്കുകയാണ് ജനകീയ സര്‍ക്കാര്‍ ചെയ്യേണ്ടത്.

പാര്‍ക്കിംഗിനു ആവശ്യമായ സ്ഥലം ഒരുക്കിയ ശേഷം മാത്രമേ 'നോ പാര്‍ക്കിംഗ്' ബോര്‍ഡുകള്‍ സ്ഥാപിക്കുകയും അതു ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യാവൂ. അല്ലെങ്കില്‍ വഴിയേ പോകുന്നവരെയെല്ലാം ക്രിമിനല്‍ കുറ്റവാളികളാക്കുന്ന സ്വേച്ഛാപരവും യുക്തിരഹിതവും അന്യായവുമായ ഹെല്‍മറ്റ് നിയമം പോലെ ആരെ എപ്പോള്‍ വേണമെങ്കിലും വഴിയില്‍ നിന്നു ശിക്ഷിച്ചു ഉടനടി പിഴയോ കൈമടക്കോ വാങ്ങാമെന്ന കാടന്‍ രീതിയിലേക്കു കാര്യങ്ങള്‍ നീങ്ങും.

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പാര്‍ക്കിംഗ് നിരോധിക്കുന്നതിനു മുന്‍പ്, റോഡ് വാഹനങ്ങള്‍ക്കും നടപ്പാത കാല്‍നടക്കാര്‍ക്കുമുള്ളതാണെന്നു ഉറപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. അതിനായി:

> റോഡിലേയും നടപ്പാതയിലേയും എല്ലാ വിധ വാണിഭവും നിര്‍ത്തലാക്കിക്കുക.

> ഗതാഗതം തടസ്സപ്പെടുത്തുന്ന ജാഥയും സമ്മേളവും അടക്കമുള്ള കാര്യങ്ങള്‍ റോഡില്‍ അനുവദിക്കരുത്.

> കാഴ്ചയും യാത്രയും തടസ്സപ്പെടുത്തുന്ന എല്ലാ വിധ ബോര്‍ഡുകളും റോഡിലേക്ക് തള്ളി നില്ക്കുന്ന ഏച്ചുകെട്ടലുകളും നീക്കം ചെയ്യുക.

> റോഡുവക്കിലെ എല്ലാവിധ അനധികൃത നിര്‍മ്മിതികളും പൊളിച്ചു നീക്കുക. ഇതിന് സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും നടപ്പിലാക്കിയിട്ടില്ല.

> പെര്‍മിറ്റ് വ്യവസ്ഥകള്‍ക്കു വിരുദ്ധമായി റോഡില്‍ സ്ഥിരമായി പാര്‍ക്കു ചെയ്യുന്നതും കേടായിക്കിടക്കുന്നതുമായ വാഹനങ്ങള്‍ ലേലത്തില്‍ വിറ്റ് തുക സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടുക.

> ജംഗ്ഷനുകള്‍, പാലങ്ങള്‍, അപ്രോച്ച് റോഡുകള്‍, വളവുകള്‍ തുടങ്ങിയയിടങ്ങളില്‍ നിര്‍ത്തി ബസില്‍ ആള്‍ക്കാരെ കയറ്റിയിറക്കാന്‍ അനുവദിക്കരുത്. അങ്ങനെയുള്ളയിടങ്ങളില്‍ നിന്നു നൂറു മീറ്റര്‍ മാറിയേ ബസ് സ്റ്റോപ്പ് അനുവദിക്കാവൂ.

> വളവുകളിലും സ്ഥാപനങ്ങളുടെ പ്രവേശന മാര്‍ഗങ്ങളിലുമുള്ള ഓട്ടോ റിക്ഷ സ്റ്റാന്‍ഡുകള്‍ അപകടരഹിതമായ സ്ഥലങ്ങളിലേക്കു മാറ്റി സ്ഥാപിക്കുക.

> റോഡിന്റെ പകുതി ഭാഗം തടഞ്ഞു വണ്‍വേയാക്കി അവിടം വഴിവാണിഭത്തിനു നല്കുന്ന നടപടി അവസാനിപ്പിക്കുക.

> ആരാധനാലയങ്ങള്‍ ഉള്‍പ്പടെയുള്ള പൊതുസ്ഥാപനങ്ങളിലേക്കു എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും ചുറ്റുമുള്ളതുമായ ഭൂമി പ്രയോജനപ്പെടുത്തുക.

> റോഡില്‍ യാതൊരു കാരണവശാലും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ഒരു വസ്തുക്കളുടെയും സംഭരണം അനുവദിക്കരുത്.

> ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പോസ്റ്റുകളും മറ്റും അലക്ഷ്യമായി റോഡുവക്കില്‍ കൂട്ടിയിടരുതെന്ന ഹൈക്കോടതി വിധി പാലിക്കുക.

ഇന്ത്യയിലെ പല നഗരങ്ങളിലും ഗതാഗത തടസ്സം ഉണ്ടാകാവുന്നയിടങ്ങളില്‍ 'നോ പാര്‍ക്കിംഗ'് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനോടൊപ്പം കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും മറ്റും പ്രത്യേകം സൗജന്യ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താറുണ്ട്. അതാണ് ആലപ്പുഴ പട്ടണത്തിലും നടപ്പാക്കേണ്ടത്.


ഫോട്ടോ:

പാര്‍ക്ക് ചെയ്യാം... 'നോ പാര്‍ക്കിംഗ്' ബോര്‍ഡ് ഉള്ള റോഡില്‍ തന്നെ 'പാര്‍ക്കിംഗ്' ബോര്‍ഡു വച്ചു വാഹനങ്ങള്‍ക്കു സൗകര്യം ഒരുക്കിയിരിക്കുന്നു. ഗോവയിലെ പനാജിയില്‍ നിന്നുള്ള ദൃശ്യം.