Breaking News

Trending right now:
Description
 
Apr 20, 2015

'ഗതിവേഗം ആലപ്പുഴ' ആശയക്കുറിപ്പ് വെബ്‌സൈറ്റില്‍

image
ആലപ്പുഴ: കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്)-യുടെ ആഭിമുഖ്യത്തില്‍ കുട്ടനാട്ടിലെയും ആലപ്പുഴ പട്ടണത്തിലെയും കര-ജല മാര്‍ഗ യാത്രാപ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച 'ഗതിവേഗം ആലപ്പുഴ' ചര്‍ച്ചാസമ്മേളനത്തില്‍ സമാഹരിച്ച് അവതരിപ്പിച്ച വിശദമായ ആശയക്കുറിപ്പ് വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് കിഡ്‌സ് സെക്രട്ടറി ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍ സി.എം.ഐ അറിയിച്ചു. വിലാസം: issuu.com/trabulletin പൊതുവായ ഗതാഗത പ്രശ്‌നങ്ങളെക്കുറിച്ചു ടി.ആര്‍.എ ബുള്ളറ്റിന്‍ തയാറാക്കിയ 'അനായാസം ആലപ്പുഴ' ആശയക്കുറിപ്പും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യാത്രാപ്രശ്‌നങ്ങള്‍ കെ.എസ്.ആര്‍.ടി.സി, കെ.യു.ആര്‍.ടി.സി, കെ.എസ്.ഡബ്ല്യു.ടി.ഡി ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കുകയും അവയ്ക്ക് ചര്‍ച്ചയിലൂടെ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയുമായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. ബസ്, ബോട്ട് യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ നിര്‍ദേശങ്ങളും ശേഖരിച്ച ശേഷം തയാറാക്കിയിട്ടുള്ള ആശയക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ചര്‍ച്ചയും നടപടികളും. രണ്ടു ഗതാഗത മാര്‍ഗങ്ങള്‍ക്കും ഈ പ്രദേശത്ത് തുല്യ പ്രാധാന്യമാണുള്ളത്. പൊതുവേയുള്ള ആവശ്യങ്ങള്‍, ഒരിക്കലും പരിഹരിക്കാത്ത പരാതികള്‍, വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ചെറിയ കാര്യങ്ങള്‍, യാത്ര സുഗമമാക്കല്‍, ഉത്തരവുകളുടെ നടപ്പിലാക്കല്‍, മാറി ചിന്തിക്കാവുന്ന ആശയങ്ങള്‍, ഫെയര്‍ സ്റ്റേജ് പരാതികള്‍ തുടങ്ങിയവയാണ് 'ഗതിവേഗം ആലപ്പുഴ' ആശയക്കുറിപ്പില്‍ സമാഹരിച്ചിട്ടുള്ളത്. 

ആലപ്പുഴയിലെ വാഹന ഗതാഗതക്കുരുക്കുകള്‍ക്കും യാത്രാ ക്ലേശങ്ങള്‍ക്കും എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന നിലയിലാണ് കിഡ്‌സും ടി.ആര്‍.എ ബുള്ളറ്റിനും മുന്‍കൈയെടുക്കുന്നത്. നിര്‍ദേശങ്ങളും പരാതികളും എത്രയും വേഗം പരിഗണിക്കുമെന്നു കെ.എസ്.ആര്‍.ടി.സി സിഎംഡി ആന്റണി ചാക്കോ വ്യക്തമാക്കിയിട്ടുണ്ട്. 'അനായാസം ആലപ്പുഴ' ആശയക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി സ്വീകരിച്ചു വരുന്നതായി ജില്ലാ പോലീസ് മേധാവി കെ.കെ.ബാലചന്ദ്രന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇതിനകം റിപ്പോര്‍ട്ട് നല്കിയിട്ടുള്ളതായി കോഓര്‍ഡിനേറ്റര്‍ തോമസ് മത്തായി കരിക്കംപള്ളില്‍ സൂചിപ്പിച്ചു.