Breaking News

Trending right now:
Description
 
Apr 17, 2015

വിദേശരാജ്യങ്ങളിലേയ്‌ക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്‌ സൗജന്യമാക്കുന്നു

image വിദേശരാജ്യങ്ങളിലേയ്‌ക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്‌ സൗജന്യമാക്കുമെന്നു തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. കേരളത്തിലെ നഴ്‌സുമാര്‍ക്ക്‌ വിദേശ രാജ്യങ്ങളില്‍ ജോലി ഉറപ്പാക്കുന്നതിനുള്ള നൂതന പരിശീലന പദ്ധതിയായ നഴ്‌സിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ്‌ (നൈസ്‌) ലേയ്‌ക്കുള്ള പ്രവേശന പരീക്ഷയുടെ ബ്രോഷറും പ്രോസ്‌പെക്ടസും പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.  നഴ്‌സുമാരുടെ കൈയില്‍ നിന്ന്‌ ഒരു രൂപ പോലും ഈടാക്കാതെ റിക്രൂട്ട്‌മെന്റ്‌ നടത്തുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. കുവൈറ്റ്‌ മന്ത്രിസഭയുമായി നടത്തിയ പ്രാഥമിക ചര്‍ച്ചയില്‍ റിക്രൂട്ട്‌മെന്റ്‌ ഫീസ്‌ തൊഴില്‍ദാതാക്കള്‍ വഹിക്കാന്‍ ധാരണയായിട്ടുണ്ട്‌. വിദേശത്തു നഴ്‌സിംഗ്‌ ജോലിക്കു റിക്രൂട്ട്‌മെന്റ്‌ നടത്തുന്നതിനുള്ള ചുമതല സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക്‌ മാത്രമായി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍, സംസ്ഥാനത്തെ നഴ്‌സുമാരുടെ റിക്രൂട്ടിംഗ്‌ ചുമതലയുള്ള ഒഡിഇപിസി, നോര്‍ക്ക എന്നീ ഏജന്‍സികള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഈ ഏജന്‍സികളുമായി നഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്റ്‌ കരാറില്‍ ഏര്‍പ്പെടാന്‍ നൈസ്‌ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ നഴ്‌സുമാര്‍ക്ക്‌ രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം നല്‍കി ലോകത്തെവിടെയും ജോലി ചെയ്യാന്‍ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കേരള അക്കാഡമി ഓഫ്‌ സ്‌കില്‍ എക്‌സലന്‍സിനു (കേസ്‌) കീഴില്‍ നൈസ്‌ പ്രവര്‍ത്തനമാരംഭിക്കുന്നത്‌. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ആശുപത്രി ശൃംഖലയുള്ള എന്‍എംസി ഹെല്‍ത്ത്‌ കെയര്‍ ഗ്രൂപ്പിന്റെ ഭാഗമായ തിരുവനന്തപുരം സ്‌പെഷലിസ്റ്റ്‌സ്‌ ഹോസ്‌പിറ്റലാണു നഴ്‌സിംഗ്‌ അക്കാഡമിയിലെ പരിശീലനത്തിനും റിക്രൂട്ട്‌മെന്റിനും നേതൃത്വം നല്‍കുന്നത്‌. തിരുവനന്തപുരം കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കില്‍ മേയ്‌ 20 ന്‌ അക്കാഡമി പ്രവര്‍ത്തനമാരംഭിക്കുമെന്നും ഷിബു ബേബി ജോണ്‍ അറിയിച്ചു.

ഇന്ത്യയിലാദ്യമായാണ്‌ ഇത്തരത്തിലൊരു നൈപുണ്യവികസന സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നത്‌. ബേസിക്ക്‌ ലൈഫ്‌ സപ്പോര്‍ട്ട്‌, അഡ്വാന്‍സ്‌ കാര്‍ഡിയാക്‌ ലൈഫ്‌ സപ്പോര്‍ട്ട്‌, ക്വാളിറ്റി ആന്‍ഡ്‌ പേഷ്യന്റ്‌ സേഫ്‌റ്റി, ഇന്‍ഫെക്‌ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ്‌ കണ്‍ട്രോള്‍, എമര്‍ജന്‍സി ആന്‍ഡ്‌ ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സിംഗ്‌ ആന്‍ഡ്‌ വര്‍ക്‌ എത്തിക്‌സ്‌ തുടങ്ങിയ വിഷയങ്ങളില്‍ രാജ്യാന്തര അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നൈസ്‌ നല്‍കും. മിനിസ്‌ട്രി ഓഫ്‌ ഹെല്‍ത്ത്‌, ഹെല്‍ത്ത്‌ അതോറിറ്റി ഓഫ്‌ അബുദാബി , ദുബായ്‌ ഹെല്‍ത്ത്‌ അഥോറിറ്റി, ഖത്തര്‍ മിനിസ്‌ട്രി ഓഫ്‌ ഹെല്‍ത്ത്‌ തുടങ്ങിയവയുടെ യോഗ്യതാ പരീക്ഷകള്‍ക്കുള്ള പ്രത്യേക പരിശീലനവും പാഠ്യപദ്ധതിയുടെ ഭാഗമാണ്‌. തിരഞ്ഞെടുക്കുന്ന പ്രത്യേക വിഭാഗങ്ങള്‍ക്കു പുറമെ, ഇംഗ്ലീഷ്‌, അറബിക്‌ തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം കൈവരിക്കാനും പരിശീലന പരിപാടിയിലൂടെ അവസരമൊരുക്കും. നഴ്‌സിംഗ്‌ യോഗ്യതയോടൊപ്പം രണ്ടു വര്‍ഷത്തെ പ്രായോഗിക പരിചയം കൂടി നേടിയവര്‍ക്കാണ്‌ പ്രവേശനത്തിന്‌ അര്‍ഹത. യോഗ്യത, നിര്‍ണയ പരീക്ഷ, അഭിമുഖം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്‌ പ്രവേശനം. മേയ്‌ രണ്ടാംവാരം മുതല്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ നടക്കും. കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ www.niceacademy.net എന്ന വിലാസത്തില്‍ ഓണ്‍ലൈന്‍ ആയും തിരുവനന്തപുരം പട്ടത്തുള്ള എസ്‌യുടി ആശുപത്രിയില്‍ നേരിട്ടും അപേക്ഷകള്‍ നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക്‌ 350 രൂപയും നേരിട്ട്‌ അപേക്ഷിക്കുന്നവര്‍ക്ക്‌ 300 രൂപയും നല്‍കിയാല്‍ പ്രോസ്‌പെക്‌ടസും അപേക്ഷഫോറവും ലഭിക്കും. 78,000 രൂപയാണ്‌ നഴ്‌സിംഗ്‌ പരിശീലനത്തിനുള്ള ഫീസ്‌. വിവിധ രാജ്യങ്ങള്‍ അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നതിലുള്ള ഫീസും ഈ തുകയില്‍ ഉള്‍പ്പെടും.