Breaking News

Trending right now:
Description
 
Apr 13, 2015

പത്ത്‌ മാര്‍ക്കോപോളോ ബസുകള്‍ ജനറം രണ്ടാം ഘട്ടത്തിനായി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു

image കൊച്ചി: കെസ്‌ആര്‍ടിസിയുടെ ഉപസ്ഥാപനമായ കേരള അര്‍ബന്‍ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷനുവേണ്ടി (കെയുആര്‍ടിസി) സര്‍വീസ്‌ നടത്തുന്നതിനായി ടാറ്റ മാര്‍ക്കോപോളോ ബസുകള്‍ ഗതാഗത വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. 

ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (ജനറം) രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി ആകെ 97 ടാറ്റ മാര്‍ക്കോപോളോ ബസുകള്‍ക്ക്‌ വാങ്ങുന്നതില്‍ ആദ്യ പത്ത്‌ ബസുകളാണ്‌ ഇന്നലെ നിരത്തിലിറങ്ങിയത്‌. തേവര ബസ്‌ സ്‌റ്റേഷനിലായിരുന്നു ഫ്‌ളാഗ്‌ ഓഫ്‌ ചടങ്ങ്‌ സംഘടിപ്പിച്ചിരുന്നത്‌. 

നാല്‍പ്പത്‌ പേര്‍ക്ക്‌ ഇരുന്നു യാത്ര ചെയ്യാന്‍ സൗകര്യമുള്ളതാണ്‌ ടാറ്റ മാര്‍ക്കോപോളോയില്‍നിന്നുള്ള ടാറ്റ സ്‌റ്റാര്‍ബസ്‌ അര്‍ബന്‍ 9/12 ബിഎസ്‌ III ബസുകള്‍. യാത്രക്കാര്‍ക്ക്‌ നിന്നും യാത്ര ചെയ്യുന്നതിന്‌ കഴിയുന്ന രീതിയില്‍ 900 എംഎം ഉയരവും 12 മീറ്റര്‍ നീളവും വീതിയേറിയ പാസേജുമുള്ളതാണ്‌ പുതിയ ബസുകള്‍. 



ടാറ്റ കുമിന്‍സ്‌ ഐഎസ്‌ബിഇ 5.9 ബിഎസ്‌ III എന്‍ജിനും 6-സ്‌പീഡ്‌ ഗിയര്‍ ബോക്‌സുമുള്ള പുതിയ ബസുകള്‍ സൗകര്യപ്രദമായ യാത്രയ്‌ക്ക്‌ സജ്ജമാണ്‌. അര്‍ബന്‍ ബസുകളുടെ നിലവാരമനുസരിച്ച്‌ സെക്കന്‍ഡില്‍ 0.8 മിനിട്ട്‌ വരെ ആക്‌സിലറേഷന്‍ശേഷിയുള്ള ബസുകള്‍ റോള്‍ഓവര്‍ ടെസ്‌റ്റുകള്‍ പൂര്‍ത്തിയാക്കിയവയും പിന്‍ഭാഗത്ത്‌ എയര്‍ സസ്‌പെന്‍ഷനുള്ളവയുമാണ്‌. കാബിനിലുള്ളില്‍ ശബ്ദവും വിറയലും പരുഷതയും ഒഴിവാക്കുന്ന രീതിയിലാണ്‌ ഇവയുടെ നിര്‍മാണം. 

കൂടുതല്‍ സുരക്ഷയ്‌ക്കായി മികച്ച പ്രകാശസൗകര്യങ്ങളും പിന്‍ഭാഗത്ത്‌ എമര്‍ജന്‍സി വാതിലുകളും അഗ്നിശമന സൗകര്യങ്ങളുമുണ്ട്‌. ഓണ്‍-ബസ്‌ ഇന്റലിജന്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ സംവിധാനത്തിന്റെ ഭാഗമായി നിരീക്ഷണത്തിനായി വീഡിയോ കാമറകള്‍, എല്‍ഇഡി ഡെസ്‌റ്റിനേഷന്‍ ബോര്‍ഡുകള്‍, ജിപിഎസ്‌ സംവിധാനം, പൊതു അറിയിപ്പിനുള്ള സജ്ജീകരണം എന്നിവ ടാറ്റ മാര്‍ക്കോപോളോ ബസുകളിലുണ്ട്‌. 



ജനറം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ദേശീയതലത്തില്‍ 3500 ബസുകള്‍ക്കാണ്‌ ടാറ്റ മോട്ടോഴ്‌സിന്‌ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്‌. കേരളം, കര്‍ണാടക, പോണ്ടിച്ചേരി, വടക്കുകിഴക്കന്‍-കര്‍ണാടക എന്നിവിടങ്ങളിലായി 900 ബസുകള്‍ക്ക്‌ ടാറ്റ മോട്ടോഴ്‌സിന്‌ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്‌.