Breaking News

Trending right now:
Description
 
Apr 10, 2015

ചലച്ചിത്ര പിന്നണിഗായകന്‍ അയിരൂര്‍ സദാശിവന്‍ കാറപകടത്തില്‍ മരിച്ചു

image ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ മനയ്‌ക്കച്ചിറ ഒന്നാം പാലത്തിനു സമീപം കാര്‍ നിയന്ത്രണം വിട്ട്‌ എസി കനാലിലേക്ക്‌ മറിഞ്ഞ്‌ ചലച്ചിത്ര പിന്നണിഗായകന്‍ അയിരൂര്‍ സദാശിവന്‍ (78) മരിച്ചു. കാര്‍ ഓടിച്ചിരുന്ന മകന്‍ ശ്രീകുമാറിനു (38) നിസാര പരുക്കേറ്റു. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. ബുധനാഴ്‌ച രാത്രി അങ്കമാലിയില്‍ സംഗീത പരിപാടിയില്‍ പങ്കെടുത്തശേഷം അടൂര്‍ പന്നിവിഴയിലുള്ള വീട്ടിലേക്കു പോവുകയായിരുന്നു സദാശിവന്‍. അപകടത്തില്‍പ്പെട്ട കാര്‍ നാട്ടുകാരും പൊലീസും ചേര്‍ന്നു വെട്ടിപ്പൊളിച്ച്‌ സദാശിവനെയും കാര്‍ ഓടിച്ചിരുന്ന മകന്‍ ശ്രീകുമാറിനെയും പുറത്തെടുത്തു പെരുന്നയിലുള്ള എന്‍എസ്‌എസ്‌ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സദാശിവനെ രക്ഷിക്കാനായില്ല. ശ്രീകുമാര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നു പൊലീസ്‌ പറഞ്ഞു.

30 വര്‍ഷമായി അടൂരിലെ രാഗാഞ്‌ജലിയിലാണ്‌ താമസം. പി.ആര്‍.മനോജ്‌ സംവിധാനം ചെയ്‌ത ചായം എന്ന ചലച്ചിത്രത്തിലെ- അമ്മേ... അമ്മേ... അവിടുത്തെ മുമ്പില്‍ ഞാനാര്‌..... എന്ന ഗാനമാണ്‌ സദാശിവനെ ഏറെ പ്രശസ്‌തനാക്കിയത്‌. മരം എന്ന ചിത്രത്തിനുവേണ്ടി യൂസഫലി കേച്ചേരി രചിച്ച മൊഞ്ചത്തിപ്പെണ്ണേ നിന്‍ ചുണ്ട്‌ നല്ല ചുവന്ന താമരച്ചെണ്ട്‌.... എന്ന പ്രണയഗാനമാണ്‌ ദേവരാജന്റെ സംഗീത സംവിധാനത്തില്‍ സിനിമയ്‌ക്കായ്‌ സദാശിവന്‍ ആദ്യം പാടിയത്‌. ചായം, മറ്റൊരു സീത, അലകള്‍, കല്യാണസൗഗന്ധികം, അജ്ഞാതവാസം, പഞ്ചവടി, രഹസ്യരാത്രി, ലവ്‌ മാര്യേജ്‌, പമ്പാനദി തുടങ്ങി ഒട്ടേറെ ചലച്ചിത്രങ്ങളിലും പാടി. പരേതയായ രാധയാണ്‌ ഭാര്യ. മക്കളായ ശ്രീകുമാറും ശ്രീലാലും പിതാവിനൊപ്പം സംഗീതരംഗത്തു പ്രവര്‍ത്തിക്കുന്നവരാണ്‌.