Breaking News

Trending right now:
Description
 
Apr 08, 2015

നിലവിലുള്ള ഭക്ഷണരീതി അപകടകരം; ഐഎംഎ ഭക്ഷണ മാര്‍ഗരേഖ പുറത്തിറക്കി

image സംസ്ഥാനത്തു സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഭക്ഷണ മാര്‍ഗരേഖ പുറത്തിറക്കി. നിലവിലെ ഭക്ഷണരീതി ഏറെ അപകടകരമാണെന്നും അടിയന്തരമായ ഇടപെടല്‍ അനിവാര്യമാണെന്നും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ്‌ മാര്‍ഗരേഖ പുറത്തിറക്കിയത്‌. ഭക്ഷണത്തിലെ വിഷാംശം, അമിത അളവിലെ കൊഴുപ്പ്‌, കലോറി എന്നിവ മനുഷ്യരില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. ഭക്ഷണത്തിലെ വിഷാംശം ഭക്ഷ്യവിഷബാധ, പ്രതിരോധശക്തി കുറയല്‍, വന്ധ്യത, കാന്‍സര്‍ എന്നിവയ്‌ക്കും കലോറിയും കൊഴുപ്പും അധികമായി അടങ്ങിയ ഭക്ഷണം പ്രമേഹം, അമിതരക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, ഹൃദ്രോഗം എന്നിവയ്‌ക്കും കാരണമാകുന്നു. മൈദ, എണ്ണ, മാംസാഹാരം, അമിത അളവില്‍ ധാന്യം, കൊഴുപ്പ്‌, ഫാസ്റ്റ്‌ഫുഡ്‌, കോള എന്നിവയ്‌ക്ക്‌ പുറമേ വിദൂര സ്ഥലങ്ങളില്‍ നിന്നു വരുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും ഏറെ അപകടം ക്ഷണിച്ചു വരുത്തും. അതിനാല്‍ സുരക്ഷിത ഭക്ഷണവും ഭക്ഷ്യരീതിയും അവലംബിക്കുകയാണ്‌ വേണ്ടത്‌. ചുറ്റുപാടുമുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളുമാണു ഭക്ഷിക്കേണ്ടത്‌. ആപ്പിള്‍, മുന്തിരി എന്നിവയ്‌ക്കു പകരം പേരയ്‌ക്ക, മാമ്പഴം, വാഴപ്പഴം തുടങ്ങിയ പഴവര്‍ഗങ്ങളും കോളിഫ്‌ളവര്‍, കാബേജ്‌ എന്നിവയ്‌ക്ക്‌ പകരം വെണ്ട, മുരിങ്ങ, പാവയ്‌ക്ക തുടങ്ങിയ പച്ചക്കറികളും ഉപയോഗിക്കണം. ഭക്ഷണത്തില്‍ പകുതി പച്ചക്കറികളും പഴവര്‍ഗങ്ങളും ആയിരിക്കണം. നാലിലൊന്ന്‌ മാത്രം ധാന്യവും ശേഷിക്കുന്ന നാലിലൊന്ന്‌ മാംസ്യവുമാകാം.

പരിപ്പ്‌, മുട്ടയുടെ വെള്ള, ചെറുമത്സ്യങ്ങള്‍ എന്നിവയില്‍ ആവശ്യത്തിനു മാംസ്യം (പ്രോട്ടീന്‍) ഉണ്ട്‌. മാംസാഹാരം കഴിയുന്നതും കുറയ്‌ക്കണമെന്നും എണ്ണ ഒരിക്കലും വീണ്ടും ചൂടാക്കി ഉപയോഗിക്കരുതെന്നും ഭക്ഷണ മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. ചിപ്‌സ്‌, പഫ്‌സ്‌, വറുത്ത ലഘുഭക്ഷണങ്ങള്‍ എന്നിവയ്‌ക്ക്‌ പകരം ആവിയില്‍ തയാറാക്കിയ പലഹാരങ്ങളും കോളയ്‌ക്ക്‌ പകരം നാരങ്ങാവെള്ളം, തേങ്ങാവെള്ളം എന്നിവയും ഉപയോഗിക്കണം. പ്ലാസ്റ്റിക്‌ ബോട്ടിലുകള്‍ക്കു പകരം സ്റ്റീല്‍ വാട്ടര്‍ ബോട്ടിലാണ്‌ ഉപയോഗിക്കേണ്ടത്‌. അടുക്കളതോട്ടം ഉള്‍പ്പെടെയുള്ള കൃഷികള്‍ പ്രോത്സാഹിപ്പിക്കണമെന്നും ഐഎംഎയുടെ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്‌.