Breaking News

Trending right now:
Description
 
Mar 27, 2015

മാര്‍ ദിന്‍ഹ നാലാമന്‍ കാതോലിക്കോസ് പാത്രിയര്‍ക്കീസ് ബാവാ അമേരിക്കയിൽ ദിവംഗതനായി

Johnson Punchakkonam
image

തൃശൂര്‍ . പൌരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആഗോള തലവന്‍ മാര്‍ ദിന്‍ഹ നാലാമന്‍ കാതോലിക്കോസ് പാത്രിയര്‍ക്കീസ് ബാവാ അമേരിക്കയിലെ മായോ ക്ലിനിക്കിൽ ഇന്ന് രാവിലെ 10.04 മണിക്ക് ദിവംഗതനായി. ഏതാനും ആഴ്ചകളായി അമേരിക്കയിലെ മിനസോട്ട മായോ ക്ലിനിക്കിൽ രോഗബാധിതനായി ചികില്‍സയിലായിരുന്നു പാത്രിയര്‍ക്കീസ് ബാവാ. 1935 സെപ്റ്റംബർ 15 നു ഇറാക്കിലെ ദർബൻദോക്കി ഗ്രാമത്തിൽ ജനിച്ച ദിനഹ കഹനാനിയ 1949 സെപ്റ്റംബർ 12 ന് ശേമ്മാച്ചനും,  1957 ജൂലൈ 15 ന് വൈദീകനുമായി.

അമേരിക്കയിലെ മിനസോട്ടയില്‍ കൂടിയ പൌരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ അടിയന്തര സുനഹദോസ് ആര്‍ച്ച് ബിഷപ് മാര്‍ അപ്രേം  മൂക്കനെ  പാത്രിയര്‍ക്കല്‍ വികാരിയായി തിരഞ്ഞെടുത്തു. ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഒരു മെത്രാപൊലീത്ത ഈ പദവിയിൽ എത്തുന്നത്.അടുത്ത പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുത്ത് സ്ഥാനാരോഹണം നടക്കുന്നതുവരെ ആഗോള കല്‍ദായ സഭയുടെ ഭരണച്ചുമതല മാര്‍ അപ്രേം മൂക്കൻ  വഹിക്കും. തൃശൂരിലെ പുരാതനമായ മൂക്കൻ കുടുംബത്തിൽ ജനിച്ച മാർ അപ്രേം ആഗോള കല്‍ദായ സുറിയാനി സഭയിലെ മുതിര്‍ന്ന ആര്‍ച്ച്ബിഷപ്പും, കേരളത്തിലെ കല്‍ദായ സുറിയാനി സഭയുടെ പ്രധാന അധ്യക്ഷനുമാണ്. 1976-ല്‍ മാര്‍ ദിന്‍ഹ നാലാമന്റെ സ്ഥാനാരോഹണ ശുശ്രൂഷയില്‍ അന്ന് ഇന്ത്യയിലെ ആര്‍ച്ച്ബിഷപ് ആയിരുന്ന മാര്‍ തിമോത്തിയോസ് പ്രധാനകാര്‍മികനായിരുന്നു . 1968ലാണ് ബഗ്ദാദില്‍ നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റത്. 47 വര്‍ഷമായി ഈ സ്ഥാനത്ത് തുടരുന്നു.

മാര്‍ ദിന്‍ഹ നാലാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ദേഹവിയോഗത്തിൽ ഓർത്തഡോക്സ് ടി വി ക്ക് വേണ്ടി ചെയർമാൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപൊലീത്ത, സി.ഇ.ഓ ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവർ അനുശോചനം രേഖപ്പെടുത്തി.