Breaking News

Trending right now:
Description
 
Mar 23, 2015

ആന്‍ഡ്രോയ്‌ഡ്‌ ഫോണിലും ടാബ്‌ലെറ്റിലും എംഎസ്‌ ഓഫീസ്‌

image ആന്‍ഡ്രോയ്‌ഡ്‌ സ്‌മാര്‍ട്ട്‌ ഫോണുകളിലും എആര്‍എം അധിഷ്‌ഠിത ടാബ്‌ലെറ്റുകളിലും ഇനി മൈക്രോസോഫ്‌റ്റ്‌ ഓഫീസ്‌ സേവനങ്ങള്‍. ആന്‍ഡ്രോയ്‌ഡിന്‌ വേണ്ടി പ്രത്യേകം തയ്യാറാക്കിയ എംഎസ്‌ ഓഫീസ്‌ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ഉപയോഗിക്കാന്‍ സജ്ജമായി.

ടച്ച്‌ സാങ്കേതികതയ്‌ക്ക്‌ അനുയോജ്യമായ രൂപകല്‍പനയിലാണ്‌ മൈക്രോസോഫ്‌റ്റ്‌ ഈ ആപ്പ്‌ അവതരിപ്പിക്കുന്നത്‌. വേര്‍ഡ്‌, എക്‌സല്‍, പവര്‍പോയിന്റ്‌ സേവനങ്ങള്‍ നിങ്ങളുടെ ആന്‍ഡ്രോയ്‌ഡ്‌ ഡിവൈസുകളില്‍ അനായാസം ഉപയോഗിക്കാന്‍ ഇനി തടസങ്ങളൊന്നുമില്ല. ലെനോവോ, ലാവ, മൈക്രോമാക്‌സ്‌, സാംസങ്‌, ഐബോള്‍ തുടങ്ങി എആര്‍എം അധിഷ്‌ഠിത ആന്‍ഡ്രോയ്‌ഡ്‌ ടാബ്‌ലെറ്റുകള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനികളുടെയെല്ലാം ഡിവൈസുകളില്‍ എംഎസ്‌ ഓഫീസ്‌ ആപ്പ്‌ ഇപ്പോള്‍ ലഭിക്കുന്നു. സാംസങ്‌, മൈക്രോമാക്‌സ്‌, ഷാവോമി, എല്‍ജി, സോണി തുടങ്ങിയവയുടെ ആന്‍ഡ്രോയ്‌ഡ്‌ സ്‌മാര്‍ട്ട്‌ ഫോണുകളിലും ഈ പുതിയ ആപ്പ്‌ ലഭ്യമാണ്‌.

വലുപ്പം കൂടിയ ടച്ച്‌ പോയിന്റുകളാണ്‌ എംഎസ്‌ ഓഫീസ്‌ ആപ്പ്‌ നല്‍കുന്നത്‌, നാവിഗേഷന്‍ ഇത്‌ വളരെ അനായാസകരമാക്കുന്നു. ആവശ്യമെങ്കില്‍ എക്‌സ്റ്റേണല്‍ കീ ബോര്‍ഡ്‌ ഉപയോഗിക്കാനുള്ള സൗകര്യവും ലഭ്യമാണ്‌. മൊബൈല്‍ ഉപയോഗങ്ങള്‍ക്ക്‌ ചേര്‍ന്ന രീതിയിലാണ്‌ ഓഫീസിന്റെ സേവനങ്ങള്‍ ആപ്പില്‍ അവതരിപ്പിക്കുന്നത്‌. ട്രാക്ക്‌ ചേഞ്ച്‌ അടക്കമുള്ള വേര്‍ഡ്‌ സേവനങ്ങള്‍ ആപ്പിലും ലഭ്യമാണ്‌. എക്‌സെലിലാവട്ടെ ഫോര്‍മുല, ചാര്‍ട്ട്‌, ടേബിള്‍, പിവോട്ട്‌ ടേബിള്‍, സോര്‍ട്ടിംഗ്‌, ഫില്‍ട്ടറിംഗ്‌, കമന്റ്‌ സേവനങ്ങള്‍ ആപ്പിലും ലഭ്യം. പവര്‍പോയിന്റിലും, ഫോര്‍മാറ്റിംഗ്‌, വീഡിയോ, ട്രാന്‍സിഷന്‍, ആനിമേഷന്‍ സൗകര്യങ്ങളെല്ലാം എംഎസ്‌ ഓഫീസ്‌ ആപ്പ്‌ നല്‍കുന്നു.

ഏഴിഞ്ചിലധികം സ്‌ക്രീന്‍ വലുപ്പം, എആര്‍എം അധിഷ്‌ഠിത പ്രോസസര്‍, 1 ജിബി റാം എന്നിവയാണ്‌ ഓഫീസ്‌ ആപ്പ്‌ പ്രവര്‍ത്തിക്കുന്നതിന്‌ ടാബ്‌ലെറ്റിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍. നിലവില്‍ കിറ്റ്‌കാറ്റ്‌ 4.4 ആന്‍ഡ്രോയ്‌ഡ്‌ വേര്‍ഷനിലാണ്‌ ആപ്പ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുക. അടുത്ത അപ്‌ഡേറ്റില്‍ ലോലിപോപ്പിലും ഇതു ലഭ്യമാകും. ഇന്റല്‍ ചിപ്പ്‌ സെറ്റ്‌ ഉപയോഗിക്കുന്ന ആന്‍ഡ്രോയ്‌ഡ്‌ ഡിവൈസുകളിലും മൂന്നു മാസത്തിനുള്ളില്‍ ഓഫീസ്‌ ആപ്പ്‌ പ്രവര്‍ത്തന സജ്ജമാകും.

യാത്രയ്‌ക്കിടയിലും ഉപയോഗിക്കാവുന്ന തരത്തിലാണ്‌ ഓഫീസ്‌ മൊബൈല്‍ ആപ്പ്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. വണ്‍ ഡ്രൈവ്‌ അല്ലെങ്കില്‍ ഡ്രോപ്‌ബോക്‌സ്‌ ഉപയോഗിച്ച്‌ എംഎസ്‌ ഓഫീസ്‌ ഫയലുകള്‍ സ്‌മാര്‍ട്ട്‌ ഫോണില്‍ അക്‌സസ്‌ ചെയ്യുകയുമാവാം.

ആന്‍ഡ്രോയ്‌ഡ്‌ ഫോണുകള്‍ക്കുള്ള ഓഫീസ്‌ മൊബൈല്‍ ആപ്പ്‌ സൗജന്യമാണ്‌. ടാബ്‌ലെറ്റുകളില്‍ പ്രിവ്യൂവിംഗ്‌, ക്രിയേറ്റിംഗ്‌, പ്രിന്റിംഗ്‌, ലൈറ്റ്‌ എഡിറ്റിംഗ്‌ സേവനങ്ങള്‍ സൗജന്യമാണ്‌. പക്ഷെ മറ്റ്‌ പ്രീമിയം/കൊമേഴ്‌സ്യല്‍ സേവനങ്ങള്‍ക്ക്‌ ഓഫീസ്‌ 365 സബ്‌സ്‌ക്രിപ്‌ഷന്‍ ആവശ്യമാണ്‌.