Breaking News

Trending right now:
Description
 
Dec 07, 2012

പ്രവാസജീവിതം ഉപേക്ഷിച്ച്‌ തിരിച്ചുവരുന്നവര്‍ക്ക്‌ പുതിയ പദ്ധതികള്‍; മന്ത്രി മാണി

image പ്രവാസജീവിതം ഉപേക്ഷിച്ച്‌ തിരിച്ചുവരുന്ന മലയാളികള്‍ക്കു സാമ്പത്തിക - സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന്‌ ധനമന്ത്രി കെ.എം. മാണി. യുഎഇ ദേശീയ ദിനാഘോഷത്തോട്‌ അനുബന്ധിച്ച്‌ അഖ്വയിനിലെ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 ലോകം ശ്രദ്ധിച്ച കേരളമോഡല്‍ സാധ്യമാക്കിയതിനു പിന്നില്‍ പ്രവാസികളായ മലയാളികളുടെ അധ്വാനത്തിന്റെ ചിത്രമാണുള്ളതെന്നു മന്ത്രി കെഎം മാണി പറഞ്ഞു. വിദേശ വിദ്യാഭ്യാസത്തിനുശേഷം വിദേശ രാജ്യങ്ങളില്‍ തൊഴില്‍ അന്വേഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്‌ മെച്ചപ്പെട്ട തൊഴിലവസരങ്ങളും ശമ്പളവും നല്‍കിയാല്‍ അവരെ കേരളത്തില്‍ തന്നെ നിലനിര്‍ത്താനാവും. വിദേശത്തു സാധാരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു കിട്ടുന്ന വേതനത്തെക്കാള്‍ കൂടുതല്‍ നാട്ടില്‍ കിട്ടുന്നുണ്ട്‌.  കേരളത്തില്‍ കൂലി ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ വിദേശത്തു പണിയെടുക്കുന്നതിലാണ്‌ നാട്ടുകാര്‍ കൂടുതല്‍ താല്‌പര്യം കാണിക്കുന്നത്‌.   സാമൂഹികമായ അംഗീകാരമാണ്‌ ഒരു കാരണം. കുടിയേറ്റക്കാരില്‍ 35.8 ശതമാനവും പ്രഫഷണലുകളാണ്‌. സാമ്പത്തികരംഗത്തു വേഗത്തില്‍ വളരാനും വികസിത രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കാനും കഴിഞ്ഞാല്‍ മാത്രമേ  പ്രഫഷണലുകളുടെ സേവനം ഇന്ത്യയില്‍ നിലനിര്‍ത്താനാവൂ. നിര്‍ഭാഗ്യവശാല്‍ ഇത്തരം സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്ത്യയിലോ കേരളത്തിലോ നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മലയാളികളില്‍ പത്തിലൊരാള്‍ ഇന്നു വിദേശത്താണ്‌. 2012 ജൂണിലെ കണക്കനുസരിച്ച്‌ സംസ്ഥാനത്തെ ബാങ്കുകളിലെ വിദേശനിക്ഷേപം 55,663 കോടിയാണ്‌. 2011- ഇത്‌ 38,556 കോടിയായിരുന്നു. ഒരു വര്‍ഷം കൊണ്ട്‌ 17,107 കോടിയുടെ വര്‍ധനവുണ്ടായി. രാജ്യത്തെത്തുന്ന പണത്തിന്റെ ഒരു നല്ല ശതമാനം റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലേക്കാണ്‌ ഒഴുകുന്നത്‌. വിദേശ ഇന്ത്യാക്കാരുടെ വസ്‌തുക്കളാണ്‌ ഏറ്റവുമധികം കൈയേറ്റങ്ങള്‍ക്കു വിധേയമാകുന്നതെന്ന്‌ ഒരു ഇംഗ്ലീഷ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. 

കെട്ടിടങ്ങള്‍ വാടകയ്‌ക്കു കൊടുത്തിരിക്കുന്ന പ്രവാസികളും ധാരാളം പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇത്തരം കൈയേറ്റങ്ങള്‍ ചെറുക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കും. വാടക നിയന്ത്രണ നിയമം നടപ്പിലാക്കുന്നത്‌ ഇതിന്റെ മുന്നോടിയായിട്ടാണ്‌. പ്രവാസികള്‍ക്കു വിമാനങ്ങളില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്‌ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നു മന്ത്രി കെഎം മാണി ആവശ്യപ്പെട്ടു. 

കാര്‍ഗോ ക്ലിയറന്‍സുമായി ബന്ധപ്പെട്ട്‌ പ്രവാസികള്‍ ധാരാളം ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്‌.  വിദേശത്തു മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനും ബുദ്ധിമുട്ടുകള്‍ നേരിടുന്നു. ഗള്‍ഫില്‍ ജോലിചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും മാനസിക പിരിമുറുക്കം കാരണം ഒട്ടേറെ രോഗങ്ങള്‍ക്ക്‌ അടിമകളാണ്‌. വാര്‍ധക്യകാലത്തു നാട്ടിലെത്തുന്ന പ്രവാസികള്‍ക്കു ചികിത്സാ സഹായം നല്‍കാന്‍ നടപടിയെടുക്കുമെന്നു മന്ത്രി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസ മേഖലകളില്‍ പ്രവാസികള്‍ മുതല്‍ മുടക്കണമെന്നും മാണി അഭ്യര്‍ഥിച്ചു.