Breaking News

Trending right now:
Description
 
Mar 19, 2015

നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റിന്റെ ചുമതല ഇനി സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക്‌

image വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്റ്‌ ഇനി സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്ക റൂട്ട്‌സ്‌, ഒഡെപെക്ക്‌ (ഒഡിഇപിസി-ഓവര്‍സീസ്‌ ഡവല്‌പമെന്റ്‌ ആന്‍ഡ്‌ എംപ്ലോയ്‌മെന്റ്‌ പ്രമോഷന്‍ കൗണ്‍സില്‍) വഴി മാത്രം. കേന്ദ്ര പ്രവാസികാര്യമന്ത്രാലയം ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കി. അടുത്തമാസം 30 മുതല്‍ ഇതു നടപ്പില്‍വരും. വിദേശ നഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്റ്‌ രംഗത്തെ സ്വകാര്യ ഏജന്‍സികളുടെ തട്ടിപ്പുകളും ഉദ്യോഗാര്‍ഥികളില്‍നിന്നു വന്‍തുക ഫീസും കോഴയും വാങ്ങുന്നതും ഒഴിവാക്കുന്നതിനാണു പുതിയ തീരുമാനം. സ്വകാര്യ ഏജന്‍സികള്‍ക്കെതിരേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്‌. വിദേശ ഏജന്‍സികളുമായി ചേര്‍ന്നാണു പല സ്വകാര്യ ഏജന്‍സികളും വന്‍തുക തട്ടിയെടുത്തിരുന്നത്‌. കുവൈറ്റ്‌ ആരോഗ്യ വകുപ്പിലേക്കുള്ള നഴ്‌സിങ്‌ റിക്രൂട്ട്‌മെന്റിന്‌ ഉദ്യോഗാര്‍ഥികള്‍ പണമൊന്നും നല്‍കേണ്ടതില്ലെന്നാണ്‌ വസ്‌തുത. മറ്റു വിഭാഗങ്ങളിലെന്നപോലെ സ്‌റ്റാംപ്‌ ഡ്യൂട്ടിയായ മൂന്നു ദിനാര്‍ (600 രൂപയിലേറെ) മാത്രമേ വീസയ്‌ക്കു ചെലവു വരുന്നുള്ളൂ. എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കും മറ്റും റിക്രൂട്ട്‌മെന്റ്‌ ഏജന്‍സിക്കും പരമാവധി ചെലവാകുക 20,000 ത്തോളം രൂപയേ ആവുകയുള്ളൂ. എന്നാല്‍ 22 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ്‌ ഈടാക്കിയിരുന്നത്‌. സ്വകാര്യ റിക്രൂട്ടിംഗ്‌ ഏജന്‍സികളെ നിയന്ത്രിക്കണമെന്നു കുവൈത്ത്‌ തുടങ്ങിയ രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കേരള പ്രവാസികാര്യമന്ത്രി കെ.സി. ജോസഫിന്റെയും നിര്‍ദേശം ഏതാണ്ടു പൂര്‍ണമായി അംഗീകരിച്ചുകൊണ്ടാണ്‌ ഉത്തരവ്‌. തുടക്കത്തില്‍ ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമായിരിക്കും. 18 വിദേശരാജ്യങ്ങളിലേക്ക്‌ ഇനി മുതല്‍ റിക്രൂട്ട്‌മെന്റ്‌ നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേകാനുമതി തേടണം. പുതിയ ഉത്തരവനുസരിച്ച്‌ അടുത്ത മാസം 30 മുതല്‍ വിദേശരാജ്യങ്ങളിലേക്കു റിക്രൂട്ട്‌മെന്റ്‌ നടത്തണമെങ്കില്‍ അതതു ഏജന്‍സികള്‍ ആദ്യം കേന്ദ്രവിദേശകാര്യ മന്ത്രാലയത്തില്‍ റജിസ്റ്റര്‍ ചെയ്‌ത്‌ അനുമതി തേടണം. ഈമാസം 12നു കേന്ദ്ര പ്രവാസികാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി പ്രദീപ്‌കുമാര്‍ സുരേഖ പുറപ്പെടുവിച്ച ഉത്തരവില്‍ ചില പ്രധാനകാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്‌, ബഹ്‌റൈന്‍, മലേഷ്യ, ലിബിയ, ജോര്‍ദാന്‍, യെമന്‍, സുഡാന്‍, അഫ്‌ഗാനിസ്ഥാന്‍, ഇന്തോനീഷ്യ, സിറിയ, ലബനന്‍, തായ്‌ലന്‍ഡ്‌, ഇറാഖ്‌ തുടങ്ങിയ 18 ഇസിആര്‍ രാജ്യങ്ങളില്‍ ഏപ്രില്‍ 30 മുതല്‍ നഴ്‌സുമാരുടെ നിയമനത്തിനു പ്രൊട്ടക്ടര്‍ ഓഫ്‌ എമിഗ്രന്റസ്‌ ഓഫീസുകളില്‍നിന്നുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ വേണം. ഇന്ത്യയിലെ മറ്റേതെങ്കിലും റിക്രൂട്ട്‌മെന്റ്‌ ഏജന്‍സിക്കു വിദേശത്തുനിന്നു നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ അവര്‍ പ്രവാസികാര്യ മന്ത്രാലയത്തില്‍നിന്നു പ്രത്യേക അനുമതി തേടേണ്ടതുണ്ട്‌. ഓരോ രാജ്യത്തിന്റെ കാര്യത്തിലും വെവ്വേറെ അനുമതിയാണ്‌ വാങ്ങേണ്ടത്‌. വിദേശത്തു നഴ്‌സുമാരെ ആവശ്യമുള്ള തൊഴില്‍സ്ഥാപനം ഇന്ത്യന്‍ ഏംബസികളില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്‌. ഇ-മൈഗ്രേറ്റ്‌ സംവിധാനത്തിലൂടെ എത്ര നഴ്‌സുമാരെയാണ്‌ വേണ്ടതെന്നും അറിയിക്കണം.