Breaking News

Trending right now:
Description
 
Mar 15, 2015

കരുണയുടെ ജൂബിലിവര്‍ഷം മാര്‍പാപ്പ പ്രഖ്യാപിച്ചു

image കരുണയെ ആധാരമാക്കി കത്തോലിക്കാ സഭയില്‍ അസാധാരണ വിശുദ്ധവര്‍ഷാചരണം ഫ്രാന്‍സിസ്‌ മാര്‍പാപ്പ പ്രഖ്യാപിച്ചു. പരിശുദ്ധ കന്യകമറിയത്തിന്റെ അമലോദ്‌ഭവ തിരുനാള്‍ ആഘോഷിക്കുന്ന ഡിസംബര്‍ എട്ടിനു തുടങ്ങുന്ന വിശുദ്ധവര്‍ഷം അടുത്തവര്‍ഷം നവംബര്‍ 20നു ക്രിസ്‌തുവിന്റെ രാജത്വ തിരുനാള്‍ ദിവസം സമാപിക്കും. തന്റെ തിരഞ്ഞെടുപ്പിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ അനുരഞ്‌ജന ശുശ്രൂഷാമധ്യേ നടത്തിയ വചനസന്ദേശത്തിലാണു മാര്‍പാപ്പ വിശുദ്ധ വര്‍ഷം പ്രഖ്യാപിച്ചത്‌.ഈ ഡിസംബര്‍ എട്ട്‌ രണ്ടാം വത്തിക്കാന്‍ സൂനഹദോസ്‌ സമാപനത്തിന്റെ 50-ാം വാര്‍ഷികദിനം കൂടിയാണ്‌. ഡിസംബര്‍ എട്ടിനു കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ചു പത്രോസിന്റെ ബസിലിക്കയിലെ വിശുദ്ധവാതില്‍ തുറക്കും. 2016 നവംബര്‍ 20ന്‌ യേശുവിന്റെ രാജത്വത്തിരുനാളില്‍ വിശുദ്ധവാതില്‍ അടയ്‌ക്കും. രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്റെ സമാപനത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചാണു വിശുദ്ധവര്‍ഷം ആരംഭിക്കുന്നത്‌. ഇതു കരുണയുടെ കാലമാണെ ന്നു മാര്‍പാപ്പ ഇക്കൊല്ലത്തെ നവവത്സര സന്ദേശത്തില്‍ പറഞ്ഞിരുന്നു. വിശ്വാസസമൂഹം കരുണയില്‍ ജീവിക്കുകയും വിവിധ സാമൂഹ്യ പരിതാവസ്ഥയിലേക്കു കാരുണ്യം എത്തിക്കുകയും വേണമെന്ന്‌ ആ സന്ദേശത്തില്‍ ആഹ്വാനം ചെയ്‌തിരുന്നു. വിശുദ്ധ വര്‍ഷത്തിലെ ഞായറാഴ്‌ചകളിലെ സുവിശേഷ വായനകള്‍ കൂടുതലും വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍നിന്നാകും. കരുണയുടെ സുവിശേഷകന്‍ എന്നാണു വിശുദ്ധ ലൂക്ക അറിയപ്പെടുന്നത്‌. നവസുവിശേഷവത്‌കരണ പ്രോത്സാഹനത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണു വിശുദ്ധ വര്‍ഷാചരണം നിര്‍ദേശിച്ചതെന്നു വത്തിക്കാന്‍ അറിയിച്ചു. ഇതിനു മുന്‍പു രണ്ടായിരാമാണ്ടിലാണു വിശുദ്ധവര്‍ഷം ആചരിച്ചത്‌.