Breaking News

Trending right now:
Description
 
Sep 20, 2012

കാറ്റ്‌ കാണാന്‍ രാമക്കല്‍മേട്ടിലേയ്‌ക്കു വരുന്നോ?
ഇ.എസ്‌. ജിജിമോള്‍

image മൂന്നാറും, വാഗമണും, തേക്കടിയുമെല്ലാം എല്ലാവര്‍ക്കും പരിചിതമാണെങ്കിലും അത്രയധികം അറിയപ്പെടാത്ത ഒരു സ്ഥലത്തേയ്‌ക്കാണ്‌ ഇക്കുറി യാത്ര. കാണാനും തൊട്ടറിയാനുമാകാത്ത കാറ്റിന്റെ പേരില്‍ പുറംലോകം അറിയപ്പെടുന്ന രാമക്കല്‍മേട്‌ എന്ന നയനമനോഹര ദേശത്തേയ്‌ക്ക്‌. ആയിരം കൈകളില്‍ ഊയലാടുന്ന കാറ്റിന്റെ സൗന്ദര്യം അടുത്തറിയാന്‍ ലോകത്തെവിടെയും ഇത്രയും ഭംഗിയുള്ളൊരു സ്ഥലമുണ്ടാകില്ല. 

വരൂ, രാമക്കല്‍മേട്ടിലേക്ക്‌... കൊച്ചിയില്‍നിന്ന്‌ 200 കിലോമീറ്ററും, കോട്ടയത്തുനിന്ന്‌ 150 കിലോമീറ്ററും അകലെയാണിത്‌. തേക്കടിയിലേയ്‌ക്ക്‌ രാമക്കല്‍മേട്ടില്‍നിന്ന്‌ 45 കിലോമീറ്ററേയുള്ളൂ. മൂന്നാറിലേയ്‌ക്ക്‌ 77 കിലോമീറ്ററും. കൊച്ചിയില്‍ നിന്ന്‌ ഇടുക്കി വഴി രാമക്കല്‍മേട്ടില്‍ എത്തിചേരുവാന്‍ ഏകദേശം മൂന്നര-നാലുമണിക്കൂര്‍ എടുക്കും. മൂന്നാര്‍ - തേക്കടി റൂട്ടില്‍ നെടുങ്കണ്ടത്തു നിന്ന്‌ പതിനഞ്ച്‌ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം. യാത്രയിലുടനീളം ബോറടിക്കുകയേയില്ല. 

പെരുംപാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞ്‌ പോകുന്ന മലമ്പാതകളിലൂടെയുള്ള ഇടുക്കിയാത്ര വ്യത്യസ്‌ത അനുഭവമാണ്‌. കൂട്ടിന്‌ മഞ്ഞുണ്ട്‌... ഒരു വശത്ത്‌ അഗാധ ഗര്‍ത്തങ്ങള്‍, മറുവശത്ത്‌ മഞ്ഞിന്റെ മേലാപ്പണിഞ്ഞ മലനിരകള്‍. ദാ എത്തികഴിഞ്ഞു. അങ്ങു ദൂരെ, വലിയ കാറ്റാടി മരങ്ങള്‍ കാറ്റിന്റെ താളത്തിനൊത്ത്‌ ചലിക്കുകയാണ്‌, നോക്കിനില്‍ക്കേ വേഗത കൂടിക്കൂടി വരും. ഇവിടുത്തെ ഇളംകാറ്റിനു പോലും വലിയ ടര്‍ബൈനുകള്‍ കറക്കാനുള്ള ശക്തിയുണ്ട്‌. കാറ്റിന്റെ ശരാശരി വേഗത 30.5 കിലോമീറ്ററാണ്‌. കാറ്റില്‍ നിന്ന്‌ വൈദ്യുതി ഉല്‌പാദിപ്പിക്കാന്‍ അനുയോജ്യമായ ഇന്ത്യയിലെ രണ്ടാമത്തെ സ്ഥലമാണ്‌ ഈപ്രദേശം. 

സുസ്ഥിരമായ ഊര്‍ജ്ജത്തെക്കുറിച്ചും രാമക്കല്‍മേട്ടില്‍ കാറ്റാടികള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചു പതിറ്റാണ്ടുകളായി പറയുന്നുണ്ടായിരുന്നെങ്കിലും 2008-ലാണ്‌ ഇവിടെ കാറ്റാടിപ്പാടം പ്രവര്‍ത്തനം ആരംഭിച്ചത്‌. ഈ പാടത്തുനിന്നും ഏഴു യൂണിറ്റ്‌ വൈദ്യുതിയാണ്‌ ഇപ്പോള്‍ കെ.എസ്‌.ഇ.ബിക്കു നല്‌കുന്നത്‌. കാറ്റിന്റെ കരുത്ത്‌ നേരിട്ടറിയാന്‍ ആദ്യം മല കയറണം. വെയിലുറച്ചാല്‍ മല കയറ്റം എളുപ്പമല്ല. രാവിലെ ഒന്‍പതു മണിയോടെ രാമക്കല്‍മേട്ടിലെത്തിയാല്‍ മഞ്ഞ്‌ മാറിത്തുടങ്ങിയിട്ടുണ്ടാകും. സദാ സമയവും വീശുന്ന തണുത്ത കാറ്റ്‌. കാറ്റിനൊപ്പം കുട്ടികള്‍ കുന്നുകളിലേക്ക്‌ ഓടിക്കയറുന്നതു കണ്ട്‌ അതുപ്പോലെ ഒന്നോടിയാല്‍ കൊള്ളാമെന്നുതന്നെ തോന്നും.

 പറഞ്ഞുവല്ലൊ, ഏറ്റവും വലിയ മല കയറുന്നതിന്‌ മുമ്പ്‌ സാഹസത്തിന്‌ മുതിര്‍ന്നാല്‍ ക്ഷീണിക്കും. ഹൊ, ഒരു കാര്യം മറന്നു! ഈ നാടിന്റെ ചരിത്രം ഇത്തിരി പറയേണ്ടേ? രാമക്കല്‍മേട്‌ പേരു സൂചിപ്പിക്കുന്നതുപ്പോലെ തന്നെ ഒരു പുല്‍മേടാണ്‌. പുരാണമനുസരിച്ച്‌ വനവാസക്കാലത്ത്‌ രാമന്‍ സീതയുമൊത്ത്‌ ഇവിടെ എത്തിചേര്‍ന്നുവത്രെ, രാമന്റെ കാല്‌പാടുകള്‍ പതിഞ്ഞതുകൊണ്ടാണ്‌ ഈ സ്ഥലത്തിന്‌ രാമക്കല്‍മേടെന്ന്‌ പേരു കിട്ടിയതെന്നാണ്‌ ഐതിഹ്യം. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിര്‍ത്തിപ്രദേശമാണ്‌ ഇവിടം. ഇനി ഈ ഇടുങ്ങിയ വഴിയിലൂടെ കാട്ടിലേക്ക്‌ കയറാം. ചുറ്റും ചെവിയോര്‍ക്കണം. 

ചീവിടിന്റെ താളമുള്ള പാട്ടിനപ്പുറം പേരറിയാത്ത ഒട്ടേറെ പക്ഷികളുടെ ശബ്‌ദം കേള്‍ക്കാം. ചിലപ്പോള്‍ ഒരു സ്വര്‍ഗവാതില്‍പക്ഷിയോ കുയിലോ, മരംകൊത്തിയോ, മഞ്ഞയുടുപ്പുകാരനോ ഒക്കെ കണ്ണില്‍ പെട്ടുവെന്നും വരാം. പ്രകൃതിയില്‍ ലയിച്ചങ്ങനെ നടക്കുകയാണോ? ഒന്നു ശ്രദ്ധിക്കണേ... ഇനി ഒരു ഇറക്കമാണ്‌. 500 അടി താഴ്‌ച്ചയെങ്കിലും കാണും. പക്ഷേ, പേടി തോന്നേണ്ട കാര്യമൊന്നുമില്ല. കണ്ടില്ലേ ആ ചെറുപ്പക്കാര്‍ ചിരിച്ചുല്ലസിച്ച്‌ വരുന്നത്‌. ആകെയൊരു അടിപൊളി മൂഡിലാണവര്‍. മല കയറി ഇറങ്ങിയതിന്റെ ക്ഷീണമൊന്നും അവരുടെ മുഖത്തില്ല. ഇത്തിരി ഒതുങ്ങി നിന്നേക്കാം.. വര്‍ത്തമാനം പറഞ്ഞു നിന്നാല്‍ സമയം പോകും. വീണ്ടും നടന്നു തുടങ്ങണം. ഇനിയൊരു അരുവിയാണ്‌. കാല്‍വിരല്‍ ഒന്നു തൊട്ടുനോക്കുമ്പോഴേ തണുപ്പറിയാം. 

ഐസിനൊപ്പം തണുപ്പ്‌. കാട്ടരുവിയില്‍ കാല്‍ നനച്ച്‌, മുഖംകഴുകി വരുമ്പോഴേയ്‌ക്കാം ഇരട്ടി ഉന്മേഷമാകും. ചാടിക്കടക്കാവുന്നത്ര ചെറിയ അരുവികളാണ്‌ ഇവിടെ. പറയാതെ അറിയാമല്ലോ, കാടും മലയും കയറുമ്പോള്‍ അതിന്‌ അനുയോജ്യമായ ചെരുപ്പുകള്‍ വേണം ധരിക്കാന്‍... ചില ഹൈഹീല്‍ഡുകാര്‍ ചെരുപ്പും ചുമന്ന്‌ കയറുന്നത്‌ കണ്ടു. ഇനിയും കയറ്റമാണ്‌. മഞ്ഞിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശത്തില്‍ ഉഷ്‌ണിക്കാന്‍ തുടങ്ങിയല്ലേ? 

മിക്കവരും കമ്പിളി പുതപ്പും സ്വെറ്ററും ഊരി മാറ്റിക്കഴിഞ്ഞു. ദാ അതുകണ്ടോ? അതാണ്‌ ആമപ്പാറ. അതിന്റെ പുറത്ത്‌ കയറണമെന്നുണ്ടോ? പക്ഷെ ചുമ്മാ കയറാന്‍ പറ്റില്ല. രണ്ടാള്‍ പൊക്കമുള്ള പാറയുടെ വശത്തിലൂടെ പിടിച്ചു കയറണം. മുകളില്‍ എത്തിയാല്‍ നില്‌ക്കാന്‍ കഴിയില്ല. കിടന്നുകൊണ്ടു വേണം താഴേക്ക്‌ നോക്കാന്‍. തമിഴ്‌നാടിന്റെ കാര്‍ഷികഭംഗിയും കേരളത്തിന്റെ ലാസ്യസൗന്ദര്യവും ഒത്തുചേര്‍ന്ന വിസ്‌മയക്കാഴ്‌ച്ചയാണ്‌ അവിടെ. മറ്റൊരു പാറ കണ്ടില്ലേ? ആ പാറ കണ്ടാല്‍ ഒരു തവളയെപ്പോലെയില്ലേ? 

തവളപ്പാറയെന്നു വേണമെങ്കില്‍ പേരിടാം. നിങ്ങളുടെ ഭാവനയെ ഞാന്‍ പരിമിതപ്പെടുത്തുന്നില്ല. ഇഷ്ടമുള്ളത്‌ അനുമാനിച്ചോളൂ. ഇതുപോലെ പ്രത്യേകതയുള്ള പാറകള്‍ ഇനിയുമുണ്ട്‌. തമിഴ്‌നാടിന്റെ കാര്‍ഷികജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്‌ച്ചയാണ്‌ അങ്ങു ദൂരെ കാണുന്നത്‌. സ്വര്‍ണനിറമാര്‍ന്ന കൃഷിയിടം കള്ളികളായി തിരിച്ച്‌ കൃഷിയിറക്കിയിരിക്കുന്നു. താഴ്‌വരങ്ങളിലെ വിശാലമായ പാടങ്ങളെ നോക്കി ആരും അസൂയപ്പെട്ടു പോകും. കുറേപ്പേര്‍ മാറിയിരുന്ന്‌ ഒരു ചര്‍ച്ച തന്നെ നടത്തുകയാണ്‌. എന്തുകൊണ്ട്‌ തമിഴ്‌നാട്ടില്‍ കൃഷി വിജയിക്കുന്നു എന്നതാണ്‌ വിഷയം. പലരുടെയും ആവേശം കണ്ടാല്‍ തോന്നും തമിഴ്‌നാടിനെ ഒരു പാഠം പഠിപ്പിക്കാന്‍ ഇന്നുതന്നെ കൃഷി തുടങ്ങുമെന്ന്‌. ബൈനോക്കുലറിലൂടെ നോക്കിക്കോളൂ. ദൂരെ കാണുന്നതാണ്‌ കമ്പം. 

വിശക്കുന്നില്ലേ? കയ്യില്‍ കരുതിയ പൊതി കഴിച്ചിട്ടാകാം ബാക്കി കയറ്റം. പ്ലാസ്റ്റിക്കും മറ്റും ചുറ്റുപാടുമായി വലിച്ചെറിയാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നു പറയേണ്ടതില്ലല്ലോ? ഇനി കുറെക്കൂടി മുകളിലേക്ക്‌ കയറാന്‍ ബാക്കിയുള്ളവര്‍ തയാറെടുത്തു കഴിഞ്ഞു. മുകളിലെത്തുംമുമ്പ്‌ ഒരു ഗുഹ കാണാം അതിലൂടെ മുകളിലേക്ക്‌ കയറാം. ഹായ്‌, എന്തു ഭംഗി! നല്ല കാറ്റ്‌. ലോകത്തിന്റെ നിറുകയില്‍ എത്തിയതുപോലെയുള്ള സന്തോഷം തോന്നും. മലകയറ്റം വേണ്ടെന്നു വച്ചു പിന്തിരിഞ്ഞവര്‍ക്ക്‌ നഷ്‌ടംതന്നെ. താഴെ നില്‌ക്കുന്ന മനുഷ്യരൊക്കെ ഇപ്പോള്‍ കുള്ളന്മാര്‍. ഇവിടെ കയറിനിന്ന്‌ താഴേയ്‌ക്കു നോക്കുമ്പോള്‍ പൊക്കമില്ലാത്തതിന്റെ സങ്കടമൊക്കെ മാറി. 

തമിഴ്‌നാടിന്റെ മനോഹരമായ കൃഷിസ്ഥലങ്ങളുടെ നേര്‍ക്കാഴ്‌ച്ച കൂടുതല്‍ തെളിമയോടെ കാണാം. ഒരു വശത്ത്‌ വനദൃശ്യങ്ങള്‍. ഇടയ്‌ക്കിടയ്‌ക്ക്‌ മഞ്ഞുമൂടി തമിഴ്‌നാട്ടിലേയ്‌ക്കുള്ള കാഴ്‌ച മറയും... ഇനി മഞ്ഞ്‌ മാറിയാലേ തമിഴ്‌നാട്ടിലെ കാഴ്‌ചകള്‍ കാണാന്‍ കഴിയൂ. ഏകദേശം 3660 അടി ഉയരത്തിലാണ്‌ നാം ഇപ്പോള്‍ നില്‌ക്കുന്നത്‌. ഇനി തിരിച്ച്‌ ഇറങ്ങാം, പക്ഷെ, കയറ്റത്തേക്കാള്‍ പ്രയാസം ഇറക്കമാണ്‌. ഒറ്റയോട്ടത്തിന്‌ ഇറങ്ങാമെന്നു തോന്നുന്നുണ്ടോ? സൂക്ഷിക്കണം, വീഴരുതെന്നു മാത്രം. 

കുറവന്റെയും കുറത്തിയുടെയും പ്രതിമ സ്‌ഥാപിച്ചിട്ടുള്ള മലയിലേക്ക്‌ പോകാം. മലയെന്നു പറയാന്‍ പറ്റില്ല, ചെറിയൊരു കുന്ന്‌. കേരളത്തിലെ ഏറ്റവും വലിയ സിമന്റ്‌ പ്രതിമയാണിത. 35 അടിയോളം ഉയരമുണ്ട്‌. തണുപ്പിനെ മറന്ന്‌ ഒരു ഐസ്‌ക്രീം കഴിക്കണമെങ്കില്‍ ആകാം. ഒന്നോ രണ്ടോ പെട്ടിക്കടകള്‍ ഉണ്ട്‌. ടൂറിസ്റ്റ്‌ വകുപ്പ്‌ അത്യാവശ്യം സൗകര്യങ്ങളൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്‌. ചൂടും തണുപ്പും കാറ്റും. ഇനി... കാറ്റാടിപ്പാടത്തേയ്‌ക്ക്‌ വരുകയല്ലേ? നമ്മള്‍ ഇപ്പോള്‍ നില്‌ക്കുന്ന ഈ മലമുകളില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ്‌ കാറ്റാടിപ്പാടം. വണ്ടിയില്‍ കയറിക്കോളൂ. കുറെക്കൂടി നിരപ്പായ ഭൂമിയാണിത്‌. 

കാറ്റില്‍ കറങ്ങുന്ന പങ്കകള്‍ അടുത്ത്‌ കാണണമെങ്കില്‍ കുറച്ച്‌ ദൂരം നടക്കണം. ദൂരെക്കാഴ്‌ച്ചക്കുള്ളത്ര ഭംഗിയില്ല അടുത്തെത്തുമ്പോള്‍. നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം സമയം ഒന്നര, വേറെ എവിടെയെങ്കിലുംകൂടി പോയാലോയെന്നാണോ ആലോചന? തേക്കടിയെന്ന്‌ ചിലര്‍, വാളറയെന്ന്‌ മറ്റു ചിലര്‍. തമിഴ്‌നാട്ടിലെ ശുരുളിഫോള്‍സ്‌ കാണാമെന്ന്‌ വേറൊരു കൂട്ടര്‍... ശുരുളിയിലേയ്‌ക്ക്‌ ഇവിടെനിന്നും ഒരു മണിക്കൂര്‍ യാത്രയുണ്ട്‌. ഇന്നുതന്നെ തിരികെപ്പോകണമെന്നാണെങ്കില്‍ തര്‍ക്കം വേണ്ട... സ്ഥലവാസിയായ കടക്കാരനോടു തന്നെ ചോദിക്കാം.

 കടക്കാരന്‍ തേക്കടി റെക്കമെന്‍ഡു ചെയ്‌തു. ഇവിടെ നിന്ന്‌ ഒരു മണിക്കൂര്‍ യാത്ര, തടാകത്തിന്‌ അടുത്ത്‌ എത്തുമ്പോള്‍ ബോട്ടിങിന്‌ സമയമായി. ഭാഗ്യത്തിനാണ്‌ ടിക്കറ്റ്‌ കിട്ടിയത്‌. അപകടത്തിനു ശേഷം ബോട്ടിങിന്റെ സമയം മാറ്റിയിരുന്നു. നിര്‍ദേശങ്ങളും നിയമങ്ങളും കര്‍ക്കശമാക്കിയിട്ടുണ്ട്‌. എല്ലാവരും സീറ്റ്‌ബെല്‍റ്റ്‌ ധരിച്ചു. ബോട്ട്‌ നീങ്ങി തുടങ്ങി. ആനക്കൂട്ടങ്ങളെയും മാനുകളെയും കാട്ടുപോത്തിനേയും മരക്കുറ്റികളില്‍ കൂടുകൂട്ടിയ നീര്‍ക്കാക്കകളേയും ചേരക്കൊഴികളേയും എല്ലാം കണ്ട്‌ തിരികെ ബോട്ട്‌ ലാന്‍ഡിംഗിലെത്തിയപ്പോള്‍ സമയം ആറര. 

രാമക്കല്‍മേട്ടിന്റെ തനിത്തണുപ്പറിഞ്ഞ്‌ ഒരു രാത്രിയെങ്കിലും കഴിയണമെന്നുള്ളവര്‍ക്ക്‌ സ്വകാര്യ റിസോര്‍ട്ടുകളുണ്ട്‌. വിന്‍ഡ്‌ ഹാവന്‍ പോലെയുള്ളവ. രാത്രിക്കാഴ്‌ചയില്‍ തമിഴ്‌നാട്ടിലേയും ഇടുക്കിയിലേതുമായി ഏഴു നാടുകളുടെ കാഴ്‌ചകളുണ്ട്‌ ഇവിടെ. പകല്‍ ഒരു കറക്കത്തിന്‌ മുന്തിരിപ്പാടങ്ങളും ഏലത്തോട്ടങ്ങളും കുരുമുളകു തോട്ടങ്ങളുമെല്ലാമുണ്ട്‌.