Breaking News

Trending right now:
Description
 
Mar 13, 2015

പേരും പോലും നഷ്ടമാകുന്നവര്‍.

ജനറ്റ്‌ ബിനോയി
image ഈയിടെ ഫിലമിന്‍ എന്ന പേരുള്ള ഫാമിലി കൗണ്‍സിലിംഗ്‌ മേഖലയില്‍ പ്രവൃത്തിക്കുന്ന സിസ്റ്ററിനെ കാണാന്‍ പാലായ്‌ക്കടുത്ത്‌ അന്തിനാട്ടുള്ള കര്‍മ്മലീത്ത കോണ്‍വെന്റിലെത്തി. അറിയിച്ചിട്ട്‌ ചെന്നതിനാല്‍ സിസ്‌റ്റര്‍ എന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അടുത്തിരുന്ന്‌ ഒരു മണിക്കൂറോളം സംസാരിച്ചിട്ട്‌ ഒരു ഇടവേള എന്നവണ്ണം ഞങ്ങള്‍ പുറത്തേയ്‌ക്കിറങ്ങി നടക്കുന്നതിനിടയില്‍ സിസ്റ്റര്‍ പറഞ്ഞു, " പണ്ട്‌ പിഴക്‌ മഠത്തില്‍ ഉണ്ടായിരുന്ന ഒരു സിസ്റ്റര്‍ ഇവിടെ ഉണ്ട്‌, പരിചയപ്പെടുത്തി തരാം" 
മുറ്റത്തെ മനോഹരമായ റോസത്തോട്ടത്തെ വേനല്‍ച്ചൂടില്‍ നിന്ന്‌ രക്ഷിക്കാന്‍ നനച്ചു കൊടുക്കുന്നു എണ്‍പതിനോടടുത്ത്‌ പ്രായമുള്ള ഒരു കന്യാസ്‌ത്രീ. ഫിലമിന്‍ സിസ്റ്റര്‍ പറഞ്ഞു; "മദറേ അറിയുവോന്ന്‌ നോക്കിക്കേ പിഴകിലെ മങ്കോമ്പിലെയാ...? "
"നീ എല്‍സീടെ മകളാണോ.? "

മദറിന്റെ പ്രതികരണം പെട്ടെന്നായിരുന്നു. അതേയെന്ന്‌ പറഞ്ഞു തീരും മുമ്പേ അടുത്ത ചോദ്യം "നീ ഡിറ്റിന്റെ പെങ്ങളാണോ?" അവനെ ഞാന്‍ നേഴ്‌സറിയില്‍ പഠിപ്പിച്ചിട്ടുണ്ട്‌. ആലോചനയക്കിടയില്ലാതെയുള്ള പ്രസ്‌താവന എന്നെ ഞെട്ടിച്ചു. അന്നത്തെ ഡിറ്റിനെന്ന നേഴ്‌സറി വാവയ്‌ക്ക്‌ പ്രായം 37. രണ്ട്‌ വാവമാര്‍ നേഴ്‌സറി പ്രായം കഴിഞ്ഞു, ഒരാള്‍ ആ പ്രായത്തോടു അടുക്കുന്നു.
കന്യാസ്‌ത്രീമാരെ കണ്ടും കേട്ടും തുടങ്ങിയതിന്റെ അടുപ്പം എന്റെ ഓര്‍മ്മയുടെ ആദ്യാനാളുകളോളം പഴക്കമുണ്ട്‌. 34 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സെപ്‌റ്റിസീമിയ ആയി ്‌ ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ മുകളിലേയ്‌ക്കുള്ള വിളിയും കാത്തു കിടക്കുന്ന ഒന്നര വയസ്സുകാരിയ്‌ക്ക്‌ കൂട്ടിരിപ്പുകാരികളായിരുന്ന, തറയില്‍ പേപ്പര്‍ വിരിച്ചുകിടന്ന സ്വന്തം ആന്റിമാരായ അനസ്‌താസ്യമ്മയും ജസീന്താമ്മയിലും തുടങ്ങിയ കേട്ടുകേള്‍വി, തമ്പിയുടെ മകളെന്നു പറയുമ്പോള്‍ പണ്ട്‌ ആശുപത്രിയില്‍ കിടന്ന കുഞ്ഞല്ലേ ഞങ്ങളെന്തുമാത്രം പ്രാര്‍ത്ഥിച്ചെന്നോ എന്ന സ്‌നേഹന്വേഷണത്തില്‍ ദീപ്‌തമാകുന്ന അപരിചിതരായ കന്യാസ്‌ത്രീകളുടെ പരിചിതമാകുന്ന മുഖങ്ങള്‍. അങ്ങനെ എത്രയെത്ര മുഖങ്ങള്‍.


പിന്നെ 1984ലെ വേനല്‍ക്കാലം ഞാനന്ന്‌ പാല ദേശത്തെത്തി. നാട്ടിലെങ്ങും വെള്ളത്തിനു ക്ഷാമം. ഞങ്ങളുടെ മുറ്റത്തെ കിണര്‍ വറ്റി. പറമ്പിന്റെ വടക്കു വശത്തുള്ള കിണറും വറ്റി. പുതിയ സ്ഥാനം കണ്ടു പറമ്പിന്റെ തെക്കുവശത്ത്‌ പുതിയ കിണര്‍ കുളിച്ചു വെള്ളം കണ്ടു. നാട്ടുകാരൊക്കെ വെള്ളമുള്ള കിണര്‍ക്കരയില്‍ ഒത്തുകൂടി.
അന്നത്തെ ഓര്‍മ്മയില്‍ നിറം മങ്ങാത്ത കാഴ്‌ചയാണ്‌ കൈത്തോടിന്‌ കുറുകെയിട്ട തടിയുടെ കുഞ്ഞു പാലത്തിലൂടെ കടന്ന്‌ റബര്‍ മരത്തിലൂടെ മഠത്തിലേയ്‌ക്‌ തലച്ചുമടായി വെള്ളം കൊണ്ടുപോകുന്ന ആന്റിമാര്‍. ( അന്ന്‌ സിസ്‌റ്റര്‍മാരെല്ലാം എനിക്ക്‌ ആന്റിമാരായിരുന്നു. )
പിന്നെ അക്ഷരങ്ങള്‍.. അക്കങ്ങള്‍.. വിദ്യയുടെ വിശാലമായ ലോകത്തേയ്‌ക്ക്‌ പിച്ചവച്ചപ്പോള്‍ സിസ്‌േറഴ്‌സ.്‌ നന്മയുടെ പാഠങ്ങള്‍ പഠിപ്പിച്ച്‌ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തികരിച്ചതും കന്യാസ്‌ത്രീമാര്‍. 
പി ജി കഴിഞ്ഞ്‌ ജോലിയുടെ ഭാഗമായി ഒരു തിരുവനന്തപുരം യാത്രയക്ക്‌ കണിച്ചുക്കുളങ്ങരയില്‍ നിന്ന്‌ ബസില്‍ കയറി. സീറ്റ്‌ കിട്ടിയത്‌ തിരുവിഴക്കവലയില്‍നിന്ന്‌ കയറി കന്യാകുമാരിയ്‌ക്ക്‌ പോകുന്ന ഒരു സിസ്റ്ററിന്റെ അടുത്ത്‌ സിസ്‌റ്റര്‍ ജയ എന്നെ പ്പോലെ ചുരുണ്ട മുടിയുള്ള കോളെജ്‌ കാലം തൊട്ടെ അറിയാവുന്ന കുട്ടി. ഒരു കനേഷ്യന്‍ സുന്ദരി. അമ്പലപ്പുഴ എത്തിയപ്പോഴെ ഞാന്‍ ഉറക്കം തുടങ്ങി. ഞാന്‍ ചുമലിലേയ്‌ക്ക്‌ ചാഞ്ഞപ്പോള്‍ അമ്മയെപ്പോലെ എന്നെ ചാരത്ത്‌ കിടത്തി ഉറക്കി സമപ്രായക്കാരി ആയിരിന്നിട്ടും കന്യാസ്‌ത്രീ അയപ്പോള്‍ പ്രവ്യത്തികളില്‍ മാതൃത്വത്തിന്റെ സ്‌പര്‍ശം. 
യാതൊരു സൗകര്യവുമില്ലാത്ത ഉള്‍നാടുകളില്‍ സേവനം അനുഷ്‌ഠിക്കുന്ന മിഷന്‍ സിസ്‌റ്റേഴ്‌സ്‌. ഇനിയും ഒരുപാട്‌ മുഖങ്ങള്‍ ഓര്‍മ്മയില്‍ തിളങ്ങുന്നു. ഉടുപ്പിന്റെയും സാരിയുടെയും തലമുണ്ടിന്റെയും നിറങ്ങള്‍ മാറുന്നതൊഴിച്ചാല്‍ കാണുന്നത്‌ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റയും നന്മയുടെയും മുഖങ്ങള്‍ മാത്രം. അതിന്‌ കര്‍മ്മലീത്തയെന്നോ വിസിറ്റേഷനന്നോ ഹോളി ക്രോസോയെന്നോ വകഭേദങ്ങലില്ലാതെ. 
ഫിലമിന്‍ സിസ്റ്റേനോട്‌ യാത്ര പറഞ്ഞ്‌ ഞാന്‍ ഇറങ്ങി.
ഉദ്യാനത്തിലപ്പോഴും മദറുണ്ട്‌. എന്നെ കണ്ടതേ മദര്‍ ചോദിച്ചു നിന്റെ പേര്‌ ജനറ്റെന്നല്ലേ..? ഞാന്‍ ആലോചിച്ചു കണ്ടുപിടിച്ചു. ഞാന്‍ കണ്ണു മിഴിച്ചു. 
ഞാന്‍ എന്റെ നേഴ്‌സറി സിസ്റ്ററിനെ ഓര്‍ത്തെടുക്കാന്‍ നോക്കി. മുഖം ഓര്‍മ്മയില്ല, പേരും. മെലിഞ്ഞു വെളുത്ത ഒരു സിസ്റ്ററെന്നു മാത്രം ഓര്‍മ്മ. സിസ്റ്ററെന്നു മാത്രം ഓര്‍മ്മ. സിസ്റ്റര്‍ പഠിപ്പിച്ച ജില്‍ജില്‍ പൂക്കളുടെ എട്ടുവരി ഇപ്പോഴും ഓര്‍മ്മയുണ്ട്‌. എനിക്ക്‌ കുറ്റബോധം തോന്നി. ഞാന്‍ മെല്ലെ പടിയിറങ്ങി. 
ബോബിയച്ചന്റെ ഏതോ ഒരു ലേഖനത്തിലെ ചിന്ത എന്റെ മനസ്സിലൂടെ ശരവേഗത്തില്‍ പാഞ്ഞു.
"അള്‍ത്താരയില്‍ കത്തിയെരിയുന്ന തിരിനാളത്തിന്‌ മുന്നില്‍ നിന്നപ്പോള്‍ എന്തിനാവും ആ സിസ്‌റ്ററിന്റെ കണ്ണ്‌ നിറഞ്ഞിട്ടുണ്ടാവുക. സ്വന്തമായ്‌ ഒരുപാട്‌ ഇഷ്ടങ്ങള്‍ വേണ്ടെന്നു വച്ചവള്‍ ഒരുപാട്‌ ത്യാഗം ഏറ്റുവാങ്ങിയവള്‍ സ്വന്തം പേരു പോലും നഷ്ടപ്പെട്ടവള്‍. എനിക്ക്‌ ഓര്‍ത്തിട്ട്‌ കരച്ചില്‍ വന്നു. "
എനിക്കും. ഒരു വേള ശൂന്യമായിപ്പോയ എന്റെ മനസ്‌ നിറയെ ഞാന്‍ ഒരുപാട്‌ സ്‌നേഹിക്കുന്ന ഒരുപാട്‌ കന്യാസ്‌ത്രീകളുടെ മുഖം മിന്നി മറഞ്ഞു.....