Breaking News

Trending right now:
Description
 
Mar 13, 2015

അപകടകരമായ വാഹന പരിശോധന അവസാനിപ്പിക്കണം

image ആലപ്പുഴ: ആള്‍ക്കാരെ അപകടത്തില്‍പ്പെടുത്തുന്ന രീതിയിലുള്ള പോലീസിന്റെ റോഡിലെ വാഹന പരിശോധന അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്കണമെന്നു സിറ്റിസണ്‍സ് ഓപ്പണ്‍ ലീഗല്‍ ഫോറം (കോള്‍ഫ്) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍, കണ്‍വീനര്‍ അഡ്വ. വി.മഹേന്ദ്രനാഥ് എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അധികാരഗര്‍വ് പ്രദര്‍ശിപ്പിക്കാനും പണം പിരിക്കാനുമുള്ള ഉപാധിയായി മാത്രം വാഹനപരിശോധന പലപ്പോഴും തരംതാഴുന്നതായുള്ള പരാതികള്‍ ധാരാളമായി ഉണ്ടാകുന്നതായി കോള്‍ഫ് ചൂണ്ടിക്കാട്ടി. അപകടങ്ങള്‍ക്കു ഏറെ സാധ്യതയുള്ളതിനാല്‍ വളവുകളില്‍ നിന്നുള്ള പരിശോധന പാടില്ലെന്നു ഉത്തരവ് ഉണ്ടായിട്ടു പോലും അതു പാലിക്കപ്പെടുന്നില്ല. റോഡിന്റെ ഒരു വശത്തു കൂടെ പോകുന്ന വാഹനങ്ങള്‍ തടഞ്ഞിട്ട ശേഷം റോഡിന്റെ എതിര്‍വശത്തു നില്ക്കുന്ന പോലീസ് ജീപ്പിലേക്കു ഡ്രൈവര്‍മാരെ പരിശോധനയ്ക്കായി വരുത്തുന്ന രീതി വ്യാപകമാണ്. വീതിയേറിയ റോഡുകളില്‍ ഇത്തരത്തില്‍ ഡ്രൈവര്‍മാരെ റോഡു മുറിച്ചുവിട്ടു പരിശോധന നടത്തുന്നതു അപകടം വെറുതെ വരുത്തിവയ്ക്കുമെന്നു സാമാന്യബുദ്ധിക്കു തന്നെ മനസിലാക്കാവുന്നതേയുള്ളു. ക്രിമിനല്‍ കുറ്റവാളികള്‍ എന്നവിധമാണ് ഡ്രൈവര്‍മാരോടു പോലീസ് പെരുമാറുന്നതെന്നും പരാതികള്‍ ഉണ്ട്.

വാഹനപരിശോധനയ്ക്കു എം.സി റോഡ് മറ്റൂര്‍ ജംഗ്ഷനില്‍ കൈകാണിച്ചു ഹൈവേ പോലീസ് നിര്‍ത്തിച്ച വാന്‍ ഡ്രൈവര്‍, വാന്‍ നിര്‍ത്തി രേഖകളുമായി റോഡ് മുറിച്ചു കടക്കവേ മറ്റൊരു വാഹനമിടിച്ചു കഴിഞ്ഞ ദിവസം മരിച്ചതു ഗൗരവത്തോടെ കാണണം. പലയിടങ്ങളിലും ഇത്തരത്തിലുള്ള അപകടകരമായ പരിശോധന വ്യാപകമാകുന്നതില്‍ ഡ്രൈവര്‍മാരിലും യാത്രക്കാരിലും പ്രതിഷേധം നിലനില്ക്കുന്നത് നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എം.സി.റോഡില്‍ തിരുവല്ലയ്ക്കും കൊട്ടാരക്കരയ്ക്കും ഇടയ്ക്ക് രണ്ടിടങ്ങളില്‍ വീതിയേറിയ റോഡിന്റെ എതിര്‍വശത്തേക്കു പോലീസ് വിളിപ്പിച്ച ഡ്രൈവര്‍മാര്‍ വാഹനമിടിയില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതു ചൂണ്ടിക്കാട്ടി അത്തരത്തിലുള്ള വാഹനപരിശോധന നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടു 2012 ഡിസംബര്‍ നാലിനു നല്കിയ നിവേദനത്തില്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും കോള്‍ഫ് കൂട്ടിച്ചേര്‍ത്തു.