Breaking News

Trending right now:
Description
 
Mar 13, 2015

ഭാരതമേ ഉണരുക! ജ്യോതി ഭാരതപുത്രി: ഷീല ചെറു

image
ന്യൂയോര്‍ക്ക്: സമൂഹത്തിലെ ഉച്ചനീചത്വങ്ങളും, അപരിഷ്കൃതയും, സംസ്കാര ശൂന്യതയും, ദുഷ്ടതയും തുടച്ചു നീക്കി ഒരു നവഭാരതം കെട്ടിപ്പെടുക്കുന്നതിനായി ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) വൈസ് ചെയര്‍ പേഴ്സണ്‍ ഷീല ചെറു പറഞ്ഞു. ബിബിസി പുറത്തുവിട്ട 'ഇന്‍ഡ്യാസ് ഡോട്ടര്‍' എന്ന ഡോക്യുമെന്ററിയെ കുറിച്ച് ഇറക്കിയ പ്രസ്താവനയില്‍ ആണ് ഷീല ഇക്കാര്യം അറിയിച്ചത്.

ബിബിസിയുടെ 'ഇന്‍ഡ്യാസ് ഡോട്ടര്‍' എന്ന ഡോക്യുമെന്ററി തന്നെ കരയിപ്പിക്കുയും ലജ്ജിപ്പിക്കുകയുമുണ്ടായതായും മനുഷ്യര്‍ക്ക് ഇത്രമാത്രം ക്രൂരരാകുവാനും അധഃപതിക്കുവാനും കഴിയുമൊ എന്നു ഞാന്‍ സംശയിക്കുന്നതായും ഷീല പറഞ്ഞു. 

നമ്മുടെ ഭാരത ഗവണ്മെന്റും, സംസ്കാരവും ഇത്രയും മോശമായിട്ടാണല്ലൊ സ്ത്രീകളെ കരുതുന്നതെന്ന് അതില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത മുകേഷ് സിങ്ങിന്റെ വിശദീകരണം കേട്ട ഒരു നിമിഷം എനിക്കു തോന്നി. കൂടാതെ അതില്‍  വിദ്യാസമ്പന്നരെന്ന് സ്വയം നടിക്കുന്ന പലരുടെയും അഭിപ്രായപ്രകടനങ്ങള്‍ വളരെ ബാലിശവും, സംസ്കാര ശൂന്യവും വേദനിപ്പിക്കുന്നതുമായിരുന്നു. നരാധമരായ പീഡകരെയും ദുഷ്ടന്മാരെയും സംരക്ഷിക്കുകയും, അവര്‍ക്കുവേണ്ടി വാദിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ സഞ്ചയത്തോട് പുച്ഛം തോന്നുന്നു. എന്നിരുന്നാലും ഈ ബലാത്സംഗവീരന്മാര്‍ക്ക് അര്‍ഹമായ ശിക്ഷകള്‍ ലഭിക്കുമെന്നു തന്നെയാണ് താന്‍ കരുതുന്നത്.

ജ്യോതിക്കുവേണ്ടി നിലകൊള്ളുകയും പ്രതിഷേധ സമരങ്ങള്‍ നടത്തുകയും ചെയ്ത പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും ഈ സമയം അനുമോദിക്കുന്നതിനോടൊപ്പം നിയമപാലകര്‍ അവരെ കൈകാര്യം ചെയ്ത രീതിയില്‍ ഞാന്‍ ദുഃഖിക്കുന്നു. പ്രിയരെ, നിങ്ങളിലെ അഗ്നി അണയാതെ നമ്മള്‍ക്കു ലഭിച്ച സ്വാതന്ത്ര്യത്തില്‍ പുരുഷനൊപ്പം സ്ത്രീകള്‍ക്കും തുല്യമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിലേക്ക് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി സധൈര്യം പ്രവര്‍ത്തിക്കുക!

ജ്യോതിയുടെ കുടുംബത്തിനുണ്ടായ നഷ്ടത്തില്‍ ഞാന്‍ അവരോടൊപ്പം വേദനിക്കുകയും അവര്‍ക്കായി ഹൃദയം തുറന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ ഇതിനോടകം നിങ്ങള്‍ക്കുവേണ്ടി കഴിച്ച പ്രാര്‍ഥനകള്‍ ദൈവം കേട്ടിട്ടുണ്ട്, നിങ്ങളുടെ മകള്‍ ഒരു ധീരയായി ഞങ്ങളുടെ ഹൃദയത്തില്‍ എന്നും ജീവിക്കും! ഞങ്ങള്‍ അവളില്‍ അഭിമാനിക്കുന്നുവെന്നും ഷീല പറഞ്ഞു.

പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളില്‍ ഊറ്റം കൊള്ളുന്ന ഒരു സംഘടനയാണ്. മറ്റേതു സംസ്കാരങ്ങളെയും പോലെ ഉന്നതമാണ് നമ്മുടെ ഭാരത സംസ്കാരവും. അത് ചില സാമൂഹികദ്രോഹികളും സംസ്കാരശൂന്യരുമായവര്‍ മാത്രം വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല! കര്‍ശന നിയമങ്ങളില്‍ കൂടി മാത്രമെ  ഇത്തരം നീചമായ കുറ്റകൃത്യങ്ങള്‍ തുടച്ചു നീക്കാന്‍ സാധിക്കൂ! ഭരണകര്‍ത്താക്കള്‍ അതിനായി പ്രവര്‍ത്തിക്കുകയും മാനഭംഗ കേസുകളാല്‍ ലോകത്തിന്റെ മുന്നില്‍ നഷ്ടപ്പെട്ടുപോയ നമ്മുടെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ശ്രമിക്കുകയും വേണം. കൂടാതെ സമൂഹത്തിലെ അസമത്വങ്ങളും, അപരിഷ്കൃതയും, സംസ്കാര ശൂന്യതയും, ദുഷ്ടതയും തുടച്ചു നീക്കി ഒരു നവഭാരതം കെട്ടിപ്പെടുക്കുന്നതിനായി ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയവുമാണിത്! അതിനായി നമുക്ക് കൈകോര്‍ക്കാം! ജ്യോതി ഒരു ഭാരതപുത്രി തന്നെ!