Breaking News

Trending right now:
Description
 
Mar 12, 2015

ഒരു സാധാരണ വാര്‍ത്തയുടെ വിഷ്വലുകള്‍

(ഗൃഹലക്ഷ്‌മി കഥാമത്സരത്തില്‍ രണ്ടാം സമ്മാനം നേടിയ കഥ) ജിജിമോള്‍ ഇ. എസ്‌
image സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മുറിയുടെ മുമ്പിലെ വരാന്തയില്‍ തണുത്തുറഞ്ഞു ഇരിക്കുകയായിരുന്നു ഗ്രെയ്‌സ്‌. മനുഷ്യപറ്റുള്ള സി.ഐ നല്‌കിയ കട്ടന്‍ കാപ്പി മൊത്തി കുടിക്കുമ്പോള്‍ പുറത്ത്‌ ഒരു ഗസല്‍ ഗാനത്തിന്റെ വിഷാദ രാഗം മുഴക്കി മഴയുടെ ഇരമ്പല്‍. കാപ്പി ഗ്ലാസ്‌ മേശപ്പുറത്തു വയ്‌ക്കുമ്പോള്‍ പോലീസ്‌ സ്‌റ്റേഷനിലെ ന്യൂസ്‌ ചാനലുകളില്‍ കഴിഞ്ഞ അഞ്ചു മണിക്കൂറായി തുടരുന്ന ഗ്രെയ്‌സ്‌ എന്ന ഭീകരത്തിയുടെ നിറം പിടിപ്പിച്ച കഥകളുടെ വിവരണം അവസാനിച്ചിരുന്നില്ല.

ഇടയക്ക്‌പ്പോഴോ അനുവിന്റെ തണുത്തറഞ്ഞ ഉടലിന്റെ ദൃശ്യം. വായിലേക്ക്‌ തികട്ടിവന്ന നിലവിളികളെവലതുകൈക്കൊണ്ട്‌ പൊത്തി വിഴുങ്ങുമ്പോള്‍ നഖങ്ങള്‍ക്കിടയില്‍ പറ്റിപിടിച്ചിരുക്കുന്ന മനുഷ്യച്ചോരയുടെ ചൊരുക്ക്‌ മൂക്കിലേക്ക്‌ ഇരച്ചു കയറി. വായിലേക്ക്‌ വന്ന കൊഴുത്ത മഞ്ഞദ്രാവകം വാഷ്‌്‌ബെയ്‌സനില്‍ തുപ്പുമ്പോള്‍ സിവിള്‍ പോലീസ്‌ ഓഫീസര്‍ സിനി തോമസ്‌ എന്ന കുലീനയായ സ്‌ത്രീ അനുകമ്പയോടെ ഗ്രെയ്‌സിന്റെ അടുത്തേക്ക്‌ ചെന്നു. ഇത്രയും നേരം മേശപ്പുറത്തു കിടന്ന വനിത അലസമായി മറിച്ചുകൊണ്ടു ഫോണില്‍ ഭര്‍ത്താവിനോട്‌ കെഞ്ചുകയും ക്ഷോഭിക്കുകയും യാചിക്കുകയും ചെയ്യുകയായിരുന്നു സിനി. അവരുടെ കണ്‍കോണുകളില്‍ പൊടിഞ്ഞുനിന്ന കണ്ണുനീര്‍ തുള്ളികള്‍ ഗ്രെയ്‌സിന്റെ വലതുകൈകളിലേക്ക്‌ ഇറ്റു വീണപ്പോള്‍ ഗ്രെയ്‌സ്‌ സിനിയുടെ കൈകളില്‍ ഇറുക്കി പിടിച്ചു പരസ്‌പരം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

വീട്ടില്‍ നിന്ന്‌ പോലീസ്‌ തന്നെ അറസ്റ്റ്‌ ചെയ്‌തത്‌ ഏഴരയോടെയാണ്‌. സിഐ രാജന്‍ തോമസും സിവിള്‍ പോലീസ്‌ ഓഫീസര്‍ സിനിയും വീടില്‍ എത്തുമ്പോള്‍ നാട്ടുകാര്‍ പലരും സോമുവിനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. അപ്പോഴെയ്‌ക്കും ഫ്‌ളാഷുകള്‍ മിന്നി, ക്യാമറകളുടെ വെള്ളി വെളിച്ചം രാജകീയ പദവിയോടെ പോലീസ്‌ ജീപ്പിലേക്ക്‌..എന്താണ്‌ സംഭവിച്ചത്‌ ചാനല്‍ മൈക്കുകള്‍ മാറി മാറി തിരക്കിട്ടിരുന്നു. ഗ്രെയ്‌സ്‌ എന്ന സ്‌ത്രീ കൊലപാതകിയുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും അനാവരണം ചെയ്യാനുള്ളതിരക്കിലായിരുന്നു ഓരോ മൈക്കും. ചില മൈക്കുകള്‍ പകയോടെ. ചിലര്‍ സഹിഷ്‌ണുതയോടെ. എങ്കിലും അവരുടെ കണ്ണില്‍ വന്യമായ ഒരു പകയും ഭയവും സന്തോഷവും ആകാംഷയും നിറഞ്ഞിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്‌ മാത്രം ലഭിക്കുന്നവികാരം.

നാട്ടുകാരുടെ പിറുപിറുക്കലുകള്‍ക്കിടയിലൂടെ അലസമായി നടന്നു പോലീസ്‌ ജീപ്പില്‍ കയറുമ്പോള്‍ പുറത്തു മഴ പെയ്‌തു തുടങ്ങിയിരുന്നു.

തണുത്തമഴ തുള്ളികള്‍ ചൂടു ദേഹത്തേക്ക്‌ പതിച്ചപ്പോള്‍ മഴയെ പ്രതിരോധിക്കാന്‍ ്‌ചുരിദാറിന്റെ ഷാള്‍ തലയിലൂടെ വിടര്‍ത്തിയിട്ടു ഗ്രെയ്‌സ്‌ മന്ദം മന്ദം മഴതുള്ളികള്‍ക്കിടയിലൂടെ കുന്നിറങ്ങി പോലീസുകാര്‍ക്കൊപ്പം നടന്നു. ഇതിനു മുമ്പ്‌ മഴ പെയ്‌തതു മൂന്നു മാസവും ഇരുപ്പത്തിയേഴു ദിവസവും മൂന്നു മണിക്കൂറിനും മുമ്പാണ്‌.

പുതുമണ്ണിന്റെ സുഗന്ധം പ്രപഞ്ചമാകെ പരന്നൊഴുകി, ഗ്രെയിസിന്റെ മൂക്കിലൂടെ അന്നനാളത്തിലേക്ക്‌ കുതിച്ചു വിശപ്പിനെ തൊട്ടുണര്‍ത്തി. പുതുമണ്ണിന്റെ ഗന്ധമുള്ള ഒരു ക്രീം കേക്കു കിട്ടിയിരുന്നെങ്കില്‍.

ഒരു പ്രതിയാണ്‌ താന്‍, വിശപ്പും ദാഹവും ഒന്നും പാടില്ലാത്ത വെറും പ്രതി. ചെയ്‌തകുറ്റത്തിന്റെ കൂട്ടികിഴിക്കലുകള്‍ക്ക്‌ ശേഷം കോടതി വിധി വരുന്നതുവരെ കാത്തിരിക്കാതെ ശിക്ഷ വിധിച്ചു ലോകം കാത്തിരിക്കുന്നു. മഴയെ വകയവയ്‌ക്കാതെ മൈക്കുകള്‍ കൂട്ടത്തോടെ അവളെ വളഞ്ഞു തുടങ്ങി.

"നിങ്ങള്‍ മാധ്യമങ്ങളാണ്‌ എന്നെ കൊലപാതകിയാക്കിയത്‌.. ഗ്രെയ്‌സ്‌ നിര്‍വികാരതയോടെ വ്യക്തമായി പറഞ്ഞു."

ഞങ്ങളോ... ഒരു കൊലപാകിയുടെ കുറ്റപ്പെടുത്തല്‍ കേട്ടപ്പോള്‍ കൂലിക്ക്‌ വിളിച്ചു പറയുവാന്‍ നടക്കുന്നവരുടെ പരിഹാസവും അസഹിഷ്‌ണുതയും ആ ചോദ്യത്തില്‍ നിറഞ്ഞു നിന്നു. നിങ്ങള്‍ കാര്യം പറയു. നിങ്ങളാണ്‌ ഞങ്ങളുടെ നാട്ടുവഴികളും സ്വപ്‌നങ്ങളും കവര്‍ന്നെടുത്തത്‌. അപൂര്‍ണമായ പിഞ്ചുപെണ്‍കുഞ്ഞിന്റെ ശരീരത്തിലും കാമവാസനകളുടെ അനന്തസാധ്യതകള്‍ തുറന്നു കാട്ടിയത്‌ നിങ്ങള്‍ നല്‌കിയ വിവരണങ്ങള്‍ തന്നെ. എന്നിട്ട്‌ ഭയത്തിന്റെ അദൃശ്യ ചങ്ങലകള്‍ ഇട്ടു ഞങ്ങളെ തളച്ചു. നിങ്ങള്‍ നഷ്ടപ്പെടുതിയതിന്റെ വില നിങ്ങള്‍ക്ക്‌ അറിയുമോ..

പത്രക്കാര്‍ കിറികോട്ടി ചിരിച്ചു. വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയെന്ന പിറുപിറുക്കല്‍ പത്രക്കാര്‍ക്കിടയില്‍ പടര്‍ന്നു.

ഗ്രെയ്‌സ്‌ പറഞ്ഞു തുടങ്ങി. കഴിഞ്ഞ രണ്ടുമണിക്കൂര്‍ മുമ്പുവരെ അവള്‍ക്ക്‌ സ്വന്തമായിരുന്ന തുവല്‍കനമുള്ളസ്വപ്‌നങ്ങള്‍ നഷ്ടമായതിനെക്കുറിച്ച്‌.....

മഴ പെയ്യുമ്പോഴെല്ലാം മഴയ്‌ക്കൊപ്പം ഒരു നടത്തം ഗ്രെയിസിന്‌ പതിവാണ്‌. പണ്ടു മുതലുള്ള ഒരു ശീലമാണിത്‌. വയസ്‌ 32 കഴിഞ്ഞിട്ടും കുട്ടിക്കളി മാറിയിട്ടില്ലെന്നാണ്‌ സോമു പറയുന്നത്‌. മഴയുണ്ടെങ്കിലും ഇല്ലെങ്കിലും അനുവും സോമുവും പോയി കഴിഞ്ഞാല്‍ ബാക്കിയാവുന്ന സമയത്ത്‌ ഗ്രെയ്‌സ്‌ തന്റെ ഭൂമിക്കൊപ്പമുള്ള നടത്തമാരംഭിച്ചിരിക്കും. മഴയും വെയിലും കാറ്റും കൊണ്ടു വള്ളിപ്പുറത്തുകാര്‍ കാണാത്ത വള്ളിപ്പുറത്തെ തേടി ഗ്രെയ്‌സ്‌ നടന്നു തുടങ്ങും. ആററിലെ അമ്മിച്ചി പാറയില്‍ കാണാറുള്ള വെള്ളയും കറുപ്പു കലര്‍ന്ന ശലഭങ്ങള്‍ക്ക്‌ ദിവ്യശക്തിയുണ്ടെന്നു ഗ്രെയ്‌സ്‌ കണ്ടെത്തിയത്‌ ഇത്തരമൊരു നടത്തത്തിനിടയിലായിരുന്നു. അങ്ങനെ വള്ളിപ്പുറത്തുകാര്‍ക്ക്‌ അറിയാത്ത വള്ളിപ്പുറത്തിന്റെ ഓരോരോ രഹസ്യങ്ങള്‍ ഗ്രെയ്‌സിന്റെ മുമ്പില്‍ മലര്‍ക്കെ തുറന്നു വന്നു.

രഹസ്യങ്ങള്‍ മാത്രമല്ല പുതിയ കൂട്ടുകാരെയും കിട്ടിയിരുന്നു ഗ്രെയ്‌സിന്‌. ഇവരില്‍ ഗ്രെയ്‌സിന്‌ ഏറ്റവും പ്രീയപ്പെട്ട ആള്‍ വിരുതന്‍ അപ്പുണ്ണിയായിരുന്നു. അവന്റെ ചില സൂത്രങ്ങള്‍ക്ക്‌്‌ സോമുവിന്റെ ചില കള്ളത്തരങ്ങളോട്‌ വലിയ സാമ്യമുണ്ടെന്ന കണ്ടെത്തലാവാം അതിനു കാരണം.

വില്ലേജ്‌ ആഫീസര്‍ ജോയി തോമസിന്റെ പറമ്പിലെ മഞ്ഞവാലന്‍ കിളിയാണ്‌ വിരുതന്‍ അപ്പുണ്ണി്‌ . ഗ്രെയ്‌സ്‌ അതുവഴി പോകുമ്പോഴെല്ലാം വിരുതന്‍ അപ്പുണ്ണി കപ്പളത്തിന്റെ മുകളിലിരുന്ന്‌ പഴുത്ത കപ്പളങ്ങകള്‍ കൊത്തി തിന്നുകയാവും. ഗ്രെയ്‌സിന്റെ കഴിവില്ലായ്‌മയെ പുച്ഛത്തോടെ പ്രത്യേക രീതിയില്‍ തലതിരിച്ചു നോക്കുകയും ചില അനക്കങ്ങളെ പാടെ അവഗണിച്ചു ഒരു പ്രത്യേക താളത്തില്‍ തന്റെ ജോലിയില്‍ വ്യാപൃതനാണെന്നു നടിക്കുകയും അതേസമയം മറ്റുള്ളവരുടെ നീക്കങ്ങളെ ശ്രദ്ധയോടെയും ചടുലതയോടെയും നേരിടുകയും ചെയ്യുന്നതില്‍ വലിയ സാമര്‍ത്ഥ്യക്കാരനായിരുന്നു ഈ വിരുതന്‍ അപ്പുണ്ണി. ചിലപ്പോള്‍ ഇരട്ടത്തലച്ചി കിളികള്‍ കപ്പളങ്ങയുടെ അവകാശ സ്ഥാപനത്തിനായി എത്താറുണ്ട്‌. അപ്പോഴെല്ലാം ഇരട്ടത്തലച്ചികള്‍ വിരുതന്‍ അപ്പുണ്ണിയോട്‌ തോറ്റു മടങ്ങിയിരുന്നു. സോമുവിനോട്‌്‌ താന്‍ തോറ്റു മടങ്ങുന്നതു പോലെ. ഓരോ വഴക്കിനൊടുവിലുമാണ്‌ സോമുവിന്റെ വാക്കരുകുകളുടെ മൂര്‍ച്ഛ അറിയുന്നതു തന്നെ.

മൂന്നു വര്‍ഷംമുമ്പാണ്‌ വള്ളിപ്പുറത്തേക്ക്‌ സോമുവിന്‌ സ്ഥലമാറ്റം ലഭിച്ചത്‌. മഴയുടെ താളബോധമില്ലാത്ത, സമയക്രമം ഇല്ലാത്ത വള്ളിപ്പുറവും വള്ളിപ്പുറം ദേശവാസികളായ വിരുതന്‍ അപ്പുണ്ണിയും പോക്രി തവളയും ചിന്നന്‍ അണ്ണാനും അങ്ങനെ ഗ്രെയ്‌സിന്റെ ഏറ്റവും അടുത്ത സുഹൃത്തക്കളായി.

കൂട്ടുകൂടി കാടും മേടും താണ്ടി ഇവരോടൊപ്പം കറങ്ങി നടക്കുമ്പോള്‍ സമയത്തിന്റെ പാലായനം കുഞ്ഞി വാലന്‍ എന്ന കാട്ടുകോഴി ഗ്രെയ്‌സിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ചിറകടിയില്‍ പെട്ടെന്ന്‌ പൊട്ടിവീണു നിലവിളിയെ ഓര്‍മ്മിപ്പിക്കുന്ന മാതിരി ഒച്ചയിട്ടു എവിടെ നിന്നോ വന്നു കുഞ്ഞിവാലന്‍ എങ്ങോട്ടെയ്‌ക്കോ അപ്രത്യക്ഷനാകും, തന്റെ വാടക വീടിന്റെ ഉടസ്ഥനെപ്പോലെ.

കുഞ്ഞിവാലന്റെ നിലവിളികള്‍ "വീട്ടില്‍ പോടി കുഞ്ഞു വരാറിയില്ലെ" എന്ന ശകാരമാണെന്നു ഗ്രെയ്‌സ്‌ കണ്ടെത്തിയിരുന്നു.

കുഞ്ഞിവാലന്റെ ഓര്‍മ്മപ്പെടുത്തലുകളാണ്‌ ഗ്രെയ്‌സിനെ അവളുടെ സഞ്ചാരപാതകള്‍ പാതിയില്‍ ഉപേക്ഷിച്ചുമടങ്ങുവാന്‍ പ്രേരിപ്പിച്ചിരുന്നത്‌.

ഇടവഴികളില്‍ നിന്ന്‌ ഓടി കിതച്ചെത്തുമ്പോള്‍ പോബ്‌സ്‌ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ബസിന്റെ നിറുത്താതെ ഹോണ്‍ അടി മുഴങ്ങി തുടങ്ങിയിരിക്കും.

കൃത്യം 3,30നാണ്‌ പോബ്‌സ്‌ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ബസ്‌ വീടിനു താഴെയുള്ള കുന്നിന്‍ ചെരുവിലെ ഇടവഴിയില്‍ വന്നു നിലക്കുക. മുട്ട കൂട താഴെയിറക്കുന്നയാളെ പോലെ, ഒരിക്കലും ചിരിക്കാത്ത ആഗ്നസ്‌ എന്ന ആയ, വളരെ സൂക്ഷ്‌മതയോടെയും കൃത്യതയോടെയും യുകെജി വിദ്യാര്‍ത്ഥിനിയായ അനുവിനെ ബസില്‍ നിന്നു ഇറക്കി താഴെ വയ്‌ക്കും. ചിലപ്പോഴൊക്കെ ആഗ്നസ്‌ ഗ്രെയ്‌സിനെ ക്രൂരമായ നോക്കി കുട്ടിയോടുള്ള ഉത്തരവാദിത്വകുറവിനെ ഓര്‍മ്മപ്പെടുത്തി കൊണ്ടിരുന്നു. അവരോടു വീട്ടില്‍ നിന്നിറങ്ങുവാന്‍ താമസിച്ചതിനു ചില ഒഴിവുകഴിവുകള്‍ പറയുവാന്‍ ഗ്രെയ്‌സ്‌ ശ്രമിച്ചിട്ടുണ്ട്‌. അതിനൊന്നും മറുപടി നല്‌കാതെ ഒന്നു ചിരിക്കുക പോലും ചെയ്യാതെ അവര്‍ ബസില്‍ കയറി പോയിരിക്കും. അവരെ കാണുമ്പോഴെല്ലാം ടി.വിയില്‍ കാണുന്ന മന്‍മോഹന്‍സിംഗിനെയാണ്‌ ഗ്രെയ്‌സിന്‌ ഓര്‍മ്മ വരുക.

അനുവന്നറിങ്ങന്നതേ പാതിമാത്രം തിന്നു തീര്‍ത്ത ബിസ്‌ക്കറ്റുകള്‍ ഗ്രെയ്‌സിന്‌ നേരെ നീട്ടും. അമ്മയുടെ കൂട്ടുകാര്‍ക്ക്‌ നല്‌കാന്‍. അമ്മയുടെ ഇനിയും കാണാത്ത കൂട്ടുകാരുടെ വിശേഷങ്ങള്‍ തിരക്കിയാവും കുന്നിന്‍മുകളിലേക്ക്‌ പിന്നെ ഞങ്ങളുടെ നടത്താം. അല്ലെങ്കില്‍ ഗ്രെയ്‌സിനെ മനസിലാക്കുവാന്‍ ദൈവം ഭൂമിയിലേക്ക്‌ അയച്ച മാലാഖയാണ്‌ അനുവെന്നാണ്‌ ഗ്രെയ്‌സിന്റെ പക്ഷം.

വെയില്‍ താന്ന വഴികളിലൂടെ അമ്മുവും ഗ്രെയ്‌സും നിഴല്‍ ചവിട്ടി കളിച്ചാണ്‌ കുന്നിന്‍ മുകളിലേക്ക്‌ നടക്കുന്നത്‌. സ്വന്തം നിഴലില്‍ ചവിട്ടു കൊള്ളാതെ മറ്റെയാളുടെ നിഴലില്‍ ചവിട്ടണം. എപ്പോഴും നിഴല്‍ ചവിട്ടി കളിയില്‍ വിജയിക്കുക അനുവാണ്‌. പൂമ്പാറ്റയുടെ ചിറകുള്ള കുട്ടിയാണ്‌ താനെന്ന അവകാശപ്പെട്ടു അവള്‍ പൂക്കളില്‍ പൂക്കളിലേക്ക്‌ തെന്നിനീങ്ങി അമ്മയുടെ ചിറകുകളില്‍ പിടിച്ച്‌ പൊക്കിയെടുത്ത്‌ നൂലുകെട്ടി കല്ലെടുപ്പിച്ച്‌ രസിക്കുമ്പോള്‍ വീടെത്തിയിരിക്കും.

ഇന്നു സ്‌കൂള്‍ ബസില്‍ നിന്നിറങ്ങുമ്പോള്‍ അനുവിന്റെ മുഖം വിങ്ങി വീര്‍ത്തിരുന്നു. അമ്മാ, ഞാന്‍ കള്ളം പറയുകയാണെന്നു മിസ്‌ പറഞ്ഞു. അനു വിതുമ്പി, 'മോള്‍ എന്തു കള്ളമാണ്‌ പറയുന്നത്‌'. 'വിരുതന്‍ അപ്പുണ്ണിയും ചിന്നന്‍ അണ്ണാനും അമ്മയോട്‌ സംസാരിക്കുമെന്നും ഞാന്‍ മിസിനോട്‌ പറഞ്ഞു. അങ്ങനെ അമ്മമാരൊന്നും മൃഗങ്ങളോട്‌ സംസാരിക്കില്ലെന്നു മിസ്‌ തീര്‍ത്തു പറഞ്ഞു. ഗംഗയും ആഷ്‌നയും എല്ലാം പറഞ്ഞു അവരുടെ അമ്മമാരൊന്നും അങ്ങനെ മൃഗങ്ങളോട്‌ സംസാരിക്കില്ലയെന്ന്‌. എന്റെ അമ്മയ്‌ക്ക്‌ മൃഗങ്ങളുടെ ഭാഷ അറിയാമെന്നു പറഞ്ഞപ്പോള്‍ ക്ലാസിലെല്ലാവരും ചിരിച്ചു.

കഴിഞ്ഞ തവണ ഓപ്പണ്‍ ഹൗസിന്‌ ചെന്നപ്പോള്‍ പ്രിന്‍സിപ്പള്‍ സി.റോസ്‌ മരിയ ഗ്രെയ്‌സിനെ വിളിപ്പിച്ചിരുന്നു. നോക്കൂ നിങ്ങടെ കുട്ടിക്ക്‌ ആവശ്യത്തിലേറെ ഭാവനയാണ്‌. ഇത്തരം ഭാവനകള്‍ അവളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാല്‍ നിങ്ങള്‍ കൂടുതല്‍ ജാഗ്രതയുള്ളവള്‍ ആകണം.

അന്നാണ്‌ അമ്മച്ചി പാറയിലെ ശലഭങ്ങളെ കാണാന്‍ ഞാനും അനുവും കൂടി പോയത്‌.

"അമ്മ, നിറമുള്ള ശലഭങ്ങളുടെ നിഴലുകള്‍ക്ക്‌ എന്തുനിറമാവും? " അനു കൗതുകത്തോടെ ശലഭങ്ങളുടെ നിഴലുകള്‍ തിരഞ്ഞു.

"എനിക്ക്‌ ഇന്ന്‌ അവരെ കാണണം അനു വാശി പിടിച്ചു, അവരോടൊത്ത്‌ നിഴല്‍ കളി കളിക്കണം. എനിക്കും മൃഗങ്ങളുടെ ഭാഷ പഠിക്കണം. ഓര്‍മ്മകളെ ഉണര്‍ത്തി അനുവിന്റെ നിലവിളികളാണ്‌."

അവള്‍ വാശിപിടിച്ചപ്പോള്‍ എന്നിലെ അമ്മ ഉണര്‍ന്നു. "വേണ്ട ഇന്നു പോവേണ്ട വേറൊരുദിവസമാകട്ടെ". കുട്ടി എന്റെ വാക്കുകളെ തട്ടി തെറിപ്പിച്ചു കാട്ടുവഴികളിലൂടെപൂമ്പാറ്റയെപ്പോലെ തെന്നി നീങ്ങി. എന്നത്തേയും പോലെ ഞാന്‍ അവളുടെ ചിറകുകളില്‍ പിടിക്കുവാന്‍ എത്തുമെന്ന്‌ അവള്‍ ചിന്തിച്ചുകാണും. "ഞാന്‍ വരില്ല നീ തനിച്ചു പൊയ്‌ക്കൊ.."

ഞാന്‍ കുന്നിന്‍ മുകളിലേക്ക്‌ നടന്നു.

പിന്നെ എന്താണ്‌ സംഭവിച്ചത്‌ ചാനലുകാര്‍ അക്ഷമരായി, അരമണിക്കൂര്‍ നീളുന്ന ഇന്നത്തെ ന്യൂസ്‌ ബുള്ളറ്റിന്‌ പ്രേക്ഷകരെ കിട്ടിയ സന്തോഷം വികാര രഹിതരായ ഓരോ മൈക്കിന്റെയും മുഖത്ത്‌ ഒളിപ്പിച്ചുവച്ചിരുന്നു.

കുട്ടി ഏറെ നേരം കഴിഞ്ഞു കാണാതായതിനെ തുടര്‍ന്നാണ്‌ ഞാന്‍ വീട്ടില്‍ നിന്ന്‌ ഇറങ്ങിയോടി ചെന്നത്‌. സത്യത്തില്‍ അവള്‍ ഒരു കുട്ടിയാണെന്നതിനെക്കാള്‍ എന്നെ വേദനിപ്പിച്ചത്‌ അവള്‍ ഒരു പെണ്ണാണെന്ന സത്യമാണ്‌. ഒരു പെണ്ണിനു ഭീതി കൂടാതെ നടക്കാന്‍ സ്വന്തമായൊരു കാട്ടുവഴി പോലും ഇല്ലെന്ന ഭയം ആദ്യമായി എന്നില്‍ വളര്‍ന്നു തുടങ്ങിയിരുന്നു. ചിറകുകള്‍ മുളച്ചു ഞാന്‍ പറന്നു ചെല്ലുമ്പോഴാണ്‌ കാട്ടരുവിയുടെ സമീപത്തു ആ കാഴ്‌ച കണ്ടത്‌.

അയാളെ ഞാന്‍ ഇതിനു മുമ്പ്‌ ഇവിടെ കണ്ടിരുന്നില്ല. എന്റെ കുട്ടിയെ കൈവെള്ളയില്‍ കോരിയെടുത്ത്‌ അയാള്‍... പിന്നെ ഞാന്‍ ഒന്നുമാലോചിച്ചില്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും ഭയാരഹിതരായി നടക്കാന്‍ വേണ്ടി പാറക്കല്ലുകൊണ്ടു ഇടിച്ചു ഇടിച്ചു കൊല്ലണമെന്നനിക്ക്‌ തോന്നി.

ഓരോ ഇടിയിലും ഒരായിരം പെണ്ണുടലുകളുടെ നിലവിളികളാണ്‌ എന്റെ ഹൃദയത്തില്‍ മുഴങ്ങിയത്‌.ഒരു എലിക്കുഞ്ഞിനെ കൊല്ലുന്ന ആനന്ദത്തോടെ. അവളുടെ സ്വരം ഉയര്‍ന്നു. ക്ഷോഭം കൊണ്ടു വിറച്ച ഗ്രെയ്‌സിന്റെ കണ്ണുകള്‍ കലങ്ങി ചുമന്നു.

എല്ലാ മൈക്കും ഒരു നിമിഷം നിശബ്ദരായി. അവളുടെ ആത്മവിനെ ഫോക്കസ്‌ ചെയ്യാന്‍ ക്യാമറകള്‍ മത്സരിച്ചു.