Breaking News

Trending right now:
Description
 
Dec 07, 2012

കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ല; ഇതു സത്യം സത്യം സത്യം

image
പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടെന്നാണ്‌ സാമ്പ്രാണിത്തിരി കച്ചവടക്കാര്‍ പറയുന്നത്‌. എന്നാല്‍ വിശ്വാസം അതല്ലേ പ്രധാനം എന്നാണ്‌ സ്വര്‍ണക്കടക്കാരുടെ പക്ഷം. പക്ഷേ, വിശ്വാസികള്‍ ആരെ വിശ്വസിച്ച്‌ പ്രാര്‍ത്ഥിക്കണമെന്നറിയാതെ കുഴയുകയാണ്‌. അതിനു കാരണങ്ങള്‍ പലതുണ്ട്‌.

കേരളത്തിലെ കോണ്‍ഗ്രസുകാരെപ്പോലെ അര്‍ത്ഥശങ്കയോടെ ഇരിക്കുകയാണ്‌ 75-കാരനായ അന്തോനിച്ചേട്ടന്‍. അതിനു കാരണമുണ്ട്‌. കഴിഞ്ഞവര്‍ഷം വരെ എല്ലാ ഡിസംബര്‍ 25-ാം തീയതിയും കുളിരുപെയ്യുന്ന നട്ടാപ്പാതിരിരായ്‌ക്ക്‌ എഴുന്നേറ്റ്‌ ടോര്‍ച്ച്‌ ലൈറ്റ്‌ തെളിച്ച്‌ പുല്‍ത്തൊട്ടിയില്‍ കൈകാലിട്ട്‌ അടിക്കുന്ന യേശുക്രിസ്‌തുവിനെ കാണാന്‍ പോയിരുന്നത്‌, അതുമാത്രമോ സണ്‍ഡേ സ്‌കൂള്‍ പിള്ളാര്‌ നടത്തുന്ന തട്ടിപ്പ്‌ ക്രിസ്‌മസ്‌ട്രീയില്‍നിന്ന്‌ രണ്ടു രൂപയും മൂന്നു രൂപയും കൊടുത്ത്‌ പൊതി വാങ്ങി അഴിച്ചു നോക്കി ഇളിഭ്യനായതു യേശുക്രിസ്‌തു തമ്പുരാന്‍ ജനിച്ചുവെന്ന ഒറ്റ കാരണത്താലാണ്‌. കരോളെന്ന പേരില്‍ നാട്ടിലെ യൂത്തന്മാര്‍ കള്ളും കപ്പയും അടിച്ചിരുന്നതും പീക്കിരി കൂട്ടികള്‍ മിഠായി, ഊത്തപ്പം, കുഴലപ്പം തുടങ്ങിയവ തിന്നതും നാട്ടുകാരുടെ സൈ്വര്യം കെടുത്തുവാന്‍ ചെണ്ട കൊട്ടി രാത്രി വെളുക്കുവോളം അലഞ്ഞതും യേശുക്രിസ്‌തു ഡിസംബര്‍ 25-ാം തീയതി ജനിച്ചു എന്ന ഒറ്റ കാരണത്താലാണ്‌. 

എന്നാല്‍ ലോകത്തിന്റെ പൊന്നു തിരുമേനി യേശുവിനെക്കുറിച്ച്‌ ആധികാരികമായി പറയുവാന്‍ ലോകത്ത്‌ അനുവാദമുള്ള എക വ്യക്തി ബെനഡിക്ട്‌ മാര്‍പ്പാപ്പ ചോദിക്കുന്നു... ആരു പറഞ്ഞഡേ, ഡിസംബര്‍ 25-ാം തീയതി ക്രിസ്‌തു ജനിച്ചുവെന്ന്‌ പറഞ്ഞ്‌ കള്ളപ്പവും കോഴിക്കാലും തിന്നാന്‍? അതു കൃത്യം പന്ത്രണ്ടു മണിക്ക്‌ തന്നെ ക്രിസ്‌തു ജനിച്ചുവെന്ന്‌ നിനക്കൊക്കെ ഉറപ്പുണ്ടോയോടെയ്‌? രണ്ടായിരം വര്‍ഷം മുമ്പ്‌ എന്നു പറഞ്ഞത്‌ കലണ്ടര്‍ തയാറാക്കിയവര്‍ക്ക്‌ പറ്റിയ പിഴവാണ്‌ എന്നൊക്കെ. തോമാശ്ലീഹാ ആദ്യമായി ക്രിസ്‌തുമതം പ്രചരിപ്പിക്കാന്‍ കേരളത്തില്‍ വന്നപ്പോള്‍ വെന്തിങ്ങായും കൊന്തയും കുരിശുമായി മലയാളികള്‍ സ്വീകരിച്ചുവെന്നു പറയുന്നത്‌ അപ്പോള്‍ ശരിയാണോ? അങ്ങനെയാണെങ്കില്‍ രണ്ടായിരം വര്‍ഷം മുമ്പേ ക്രിസ്‌തു ജനിച്ച കാര്യം ആദ്യം അറിഞ്ഞവര്‍ നമ്മള്‍ മലയാളികള്‍ തന്നെ. 

അതല്ല സങ്കടം. വര്‍ഷം എത്ര മുന്നോട്ടുപറഞ്ഞാലും തീയതി മാറ്റിപ്പറയരുതെന്നേ നാട്ടുകാര്‍ക്ക്‌ പ്രാര്‍ത്ഥനയുള്ളൂ. മാര്‍പാപ്പ ഇത്രയും പറയുന്നതിനു മുമ്പ്‌ ഞങ്ങളെ ഓര്‍ത്തോ? പടക്കക്കാരുടെ കുടുബം ഓര്‍ത്തോ? ബിവറേജുകാരെ ഓര്‍ത്തോ? ബിവറേജുകാരുടെ കുടുംബത്തെ ഓര്‍ത്തോ? മാടുവെട്ടുകാര്‍, കോഴികച്ചവടക്കാര്‍, നാട്ടിലെ കരോള്‍ തൊഴിലാളികള്‍, തുണിക്കച്ചവടക്കാര്‍ എന്നുവേണ്ട ലോകത്താകമാനം ഒരു സാമ്പത്തിക ഉണര്‍വ്വുണ്ടാക്കുവാന്‍ കഴിഞ്ഞിരുന്ന പാവം ഡിസംബര്‍ 25-നേക്കുറിച്ചാണ്‌ മാര്‍പ്പാപ്പ ഇത്രയും കണ്ണില്‍ ചോരയില്ലാതെ പറയുന്നത്‌. മാര്‍പ്പാപ്പയുടെ ഈ പ്രഖ്യാപനം വന്ന അന്നുതന്നെ അന്തോനിച്ചേട്ടന്‍ ബൈബിള്‍ അരിച്ചു പെറുക്കി നോക്കി, ഇല്ല ഒരിടത്തും യേശുവിന്റെ ഡേറ്റ്‌ ഓഫ്‌ ബര്‍ത്ത്‌. അപ്പോള്‍ ഇത്രയും നാളും യേശുവിന്റെ പിറന്നാളിന്റെ പേരില്‍ നടത്തിയ പണപ്പിരിവുകള്‍? 

തിരുസഭയിലെ ചില നേതാക്കന്മാര്‍ അങ്ങനെയാണ്‌. ഇടയ്‌ക്കിടയ്‌ക്ക്‌ ചില കാര്യങ്ങള്‍ പറയും. ശുദ്ധീകരണസ്ഥലം എന്നൊരു സ്ഥലം ഉണ്ടെന്നു വിശ്വസിച്ചു നൂറ്റാണ്ടുകള്‍ കഴിഞ്ഞിരുന്ന വിശ്വാസികളുടെ ചങ്കിടിപ്പ്‌ കൂട്ടുന്ന രീതിയില്‍ ഒരു ദിവസം പറഞ്ഞു. ശുദ്ധീകരണസ്ഥലം വെറും സങ്കല്‍പ്പമാണെന്നതായിരുന്നു ഒരു ചര്‍ച്ചാവിഷയം. പാപങ്ങള്‍ കഴുകി വെടിപ്പാക്കി സ്വര്‍ഗത്തിലേയ്‌ക്കു ലേറ്റ്‌ എന്‍ട്രി കിട്ടുമെന്നു പ്രതീക്ഷിച്ചവര്‍ക്ക്‌ അത്‌ വലിയ അടിയായിപ്പോയി. സ്വര്‍ഗത്തിലേയ്‌ക്കോ നരകത്തിലേയ്‌ക്കോ ആണെങ്കില്‍ എന്‍ട്രി നേരിട്ടാണ്‌ എന്നതു കേട്ട്‌ ഞെട്ടിത്തരിച്ചവര്‍ എത്രപേരാണെന്നോ. ഗീവര്‍ഗീസ്‌ എന്ന യുവകോമളനായ പുണ്യാളച്ചനെപ്പറ്റിയും ഇതുപ്പോലൊരു ചര്‍ച്ചയുണ്ടായി. വിശ്വാസികളുടെ വീട്ടുമുറ്റത്തെ പാമ്പിനെ ഓടിച്ചും കോഴിയെ നോക്കി അത്യാവശ്യം സാമ്പത്തിക ഭദ്രത നേടിയ പുണ്യാളച്ചന്റ പള്ളിക്കാര്‍ പക്ഷേ, ഇത്തരം കാര്യങ്ങള്‍ കേട്ടതായിപ്പോലും ഭാവിച്ചില്ല.

മാര്‍പാപ്പയെ പോലെയുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ചങ്കിടിപ്പാണ്‌ കൂടുന്നത്‌. കാരണമുണ്ട്‌ മാര്‍പ്പാപ്പയെപ്പോലെ രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുകൂടി ഈയിടയ്‌ക്ക്‌ ഒരു പ്രഖ്യാപനം നടത്തി. ഇവിടെ ഗ്രൂപ്പില്ല. യേശുക്രിസ്‌തു ഡിസംബര്‍ 25-നു ജനിച്ചില്ല എന്നു പറയുന്നതിനെക്കാള്‍ കഷ്ടമാണ്‌ കേരളത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പില്ല എന്നു പറയുന്നത്‌. ഈ വാക്കുകള്‍ പക്ഷേ, കോണ്‍ഗ്രസുകാരാരും കേട്ടതായി ഭാവിച്ചില്ല. കേരളത്തിലെ എല്ലാ കോണ്‍ഗ്രസുകാരും രമേശിനെ തള്ളികളഞ്ഞു. ഗ്രൂപ്പില്ലെന്ന്‌ പറഞ്ഞ്‌ പുനഃസംഘടനാ ലിസ്റ്റുമായി നീയൊക്കെ ഇങ്ങു വാ കാണിച്ചു തരാമെന്നു പറഞ്ഞ്‌ കോണ്‍ഗ്രസ്‌ യൂത്തന്മാര്‍ തിരിഞ്ഞു മറിഞ്ഞ്‌ അടി തുടങ്ങി. പോലീസ്‌ വന്നാല്‍ യൂത്തന്മാര്‍ കല്ലെറിയുന്നത്‌ പോലീസ്‌ എയാണോ, ഐയാണോ യൂ ആണോയെന്ന്‌ നോക്കിയിട്ടാണത്രേ. 

ഇപ്പോള്‍ പാവം ഉമ്മന്‍ ചാണ്ടിയുടെ കാര്യമാണ്‌ ദയനീയം. കേരളത്തെ പാലും തേനും ഒരുകുന്ന കാനാന്‍ദേശമാക്കാമെന്ന്‌ പാവം ഒരു സ്വപ്‌നം കണ്ടു പോയി. അതിനായി ആരുടെയെല്ലാം കാലു പിടിക്കണം, ഇടയ്‌ക്കിടയ്‌ക്ക്‌ ഡല്‍ഹിയില്‍ ചെന്ന്‌ സോണിയ മാഡത്തെ കണ്ട്‌ ഒരു കുപ്പി ധന്വന്തരം കുഴമ്പും കൊടുത്ത്‌ പറയും, മാഡം ദയവുചെയ്‌ത്‌ ആ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കരുത്‌, പിന്നെ ചെക്കനു ചോക്ലേറ്റ്‌, കപ്പലണ്ടി മിഠായി എന്നിവ വേറെ. തോമസ്‌ മാഷിന്റെ തിരുതനയതന്ത്രം പയറ്റാന്‍ ചാണ്ടിയും ശ്രമിക്കുന്നുവെന്നാണ്‌ പിന്നാമ്പുറസംസാരം.

കെപിസിസി പുനസംഘടിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന്‌ മുരളീനാദം. പാവം ചാണ്ടിച്ചായന്‍ പണ്ട്‌ പറഞ്ഞു കേട്ട ഒരു കുട്ടിയുടെ അവസ്ഥയിലാണ്‌. സത്യം പറഞ്ഞാല്‍ അമ്മയ്‌ക്ക്‌ ഇടികിട്ടും, കള്ളം പറഞ്ഞാല്‍ അച്ഛന്‍ പട്ടിയിറച്ചി തിന്നും. പുനസംഘടിപ്പിച്ചാല്‍ ഭരണം താഴെ പോകും, ഇല്ലേല്‍ ഗ്രൂപ്പ്‌ നേതാക്കള്‍ മനസമാധാനത്തോട ഇരിക്കാന്‍ സമ്മതിക്കില്ല, ഉമ്മന്‍ സാര്‍ എന്തു ചെയ്യണം. ഈ പ്രതിസന്ധിയില്‍ നിന്ന്‌ അദ്ദേഹത്തെ കര കയറ്റുവാന്‍ നിങ്ങളുടെ വിലയേറിയ എസ്‌എംഎസ്‌ അയക്കുക. ഫോര്‍മാറ്റ്‌ ഇതാ. ഉമ്മന്‍സ്‌ സ്‌പേയ്‌സ്‌ ചാണ്ടി സ്‌പേയ്‌സ്‌ ധിം തരികിടതോം...

keywords: Malayalam, malayalam, kerala, news, Kerala News, Kerala, Keralanews, nurse, Nurses, Nurse's Strike, Nursing Corner, Wedding Planner, Wedding, Cookery, Business, Business news, Kerala Business, NRI, nri, non-resident Indians, career, business, general news, cinema, profitb, immigration, automobiles, auto/tech, technology, woman, women, technology news, Malayalamnews, Malayalam News, politics, politrics, Kerala Politics, Cinema, cinema, film,