Breaking News

Trending right now:
Description
 
Mar 08, 2015

കംപാര്‍ട്ടുമെന്റിന്റെ പ്രദര്‍ശനം നിര്‍ത്തി; ഇനി വിഷുവിനുശേഷം

image ദേശീയ പുരസ്‌കാര ജേതാവ്‌ സലിംകുമാര്‍ സംവിധാനം ചെയ്‌ത സിനിമ കംപാര്‍ട്ടുമെന്റിന്റെ പ്രദര്‍ശനം തല്‍ക്കാലമായി നിര്‍ത്തി. ഭിന്നശേഷിയുള്ളവരുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയ ചിത്രം കാണാന്‍ തീയറ്ററുകളില്‍ ആളുകളുടെ എണ്ണം തീരെ കുറഞ്ഞു. ദിവസവും ആളുകള്‍ കുറഞ്ഞതോടെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്‌ക്കുകയാണെന്ന്‌ സലിംകുമാര്‍തന്നെ വ്യക്തമാക്കി. എസ്‌എസ്‌എല്‍സി പരീക്ഷകൂടി കണക്കിലെടുത്താണ്‌ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടിവന്നതെന്ന്‌ ഇന്നലെ സലിംകുമാര്‍ കൊച്ചിയില്‍ പറഞ്ഞു. ഏറെ പ്രത്യേകതയുള്ള ഈ സിനിമ കൂടുതല്‍ ആളുകള്‍ കാണണമെന്നാണ്‌ താന്‍ ആഗ്രഹിക്കുന്നത്‌. അതിന്‌ പറ്റിയ സാഹചര്യമല്ല നിലവിലുള്ളത്‌. കലാമൂല്യമുള്ള നല്ല ചിത്രങ്ങള്‍ക്ക്‌ തിരിച്ചടി നേരിടുന്ന കാലഘട്ടമാണിത്‌. സര്‍ക്കാരും മറ്റു സംവിധാനങ്ങളും ഇത്തരം സിനിമകള്‍ക്കു നേരെ മുഖംതിരിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തീയേറ്ററുകളില്‍പ്പോലും കാമ്പുള്ള മലയാളചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുന്നില്ല. കൂടുതല്‍ ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരം തീയറ്ററുകളും അന്യഭാഷാ ചിത്രങ്ങള്‍ക്കു പിന്നാലെയാണിപ്പോള്‍. കംപാര്‍ട്ട്‌മെന്റ്‌ സിനിമ കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കുകയെന്നതാണ്‌ തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും സലിംകുമാര്‍ പറഞ്ഞു. ചിത്രത്തിന്റെ നിര്‍മാണവും, വിതരണവും പ്രചാരണവും സലിംകുമാര്‍ തന്നെയാണ്‌.