Breaking News

Trending right now:
Description
 
Mar 06, 2015

സംവിധായിക ലെസ്ലി ഉഡ്വിനും മാനഭംഗത്തിന്റെ ഇരയെന്ന്‌ വെളിപ്പെടുത്തല്‍

image കൂട്ടമാനഭംഗത്തിനും ക്രൂര ആക്രമണത്തിനും ഇരയായ ഡല്‍ഹി പെണ്‍കുട്ടിയുടെ ദാരുണാന്ത്യം ആസ്‌പദമാക്കി ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്‌ത്‌ ബ്രിട്ടീഷുകാരി ലെസ്ലി ഉഡ്വിനും മാനഭംഗത്തിന്റെ ഇരയെന്ന്‌ വെളിപ്പെടുത്തല്‍. ഇന്ത്യവിടും മുമ്പ്‌ അവരുടെ നല്‍കിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം സംവിധായിക വെളിപ്പെടുത്തിയത്‌. കൂട്ടമാനഭംഗക്കേസിലെ പ്രതി മുകേഷിന്റെ ഞെട്ടിക്കുന്ന പരാമര്‍ശങ്ങള്‍ കേട്ട്‌ ചിത്രീകരണ വേളയില്‍ തനിക്കു ചെറിയതോതില്‍ ഹൃദയാഘാതമുണ്ടായെന്നും ലെസ്ലി പറഞ്ഞു. ഡല്‍ഹി പെണ്‍കുട്ടിയുടെ മരണത്തെതുടര്‍ന്ന്‌ ഇന്ത്യയിലുടനീളം നടന്ന വന്‍ പ്രക്ഷോഭങ്ങല്‍ ടിവിയില്‍ കണ്ടതാണു ഡോക്യുമെന്ററിക്കു പ്രചോദനമെന്നും അവര്‍ പറയുന്നു. എന്റെ ധാര്‍മികതയും ഉദ്ദേശവും തികച്ചും സത്യസന്ധമാണ്‌. ലിംഗഅസമത്വം അവസാനിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രമേയുള്ളൂ-ലെസ്ലി മനസു തുറന്നു. ഡല്‍ഹി കൂട്ടമാനഭംഗത്തെക്കുറിച്ചു ഡോക്യുമെന്ററി തയാറാക്കാന്‍ രണ്ടുവര്‍ഷം ഇന്ത്യയില്‍ ലെസ്ലി ചെലവഴിച്ചു. ഡല്‍ഹിസംഭവത്തില്‍ പ്രതിഷേധിക്കാന്‍ സാധാരണക്കാരായ പുരുഷന്മാരും സ്‌ത്രീകളും വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളും തെരുവില്‍ ഇറങ്ങി. പൊലീസിന്റെ ജലപീരങ്കികളും കണ്ണീര്‍വാതകത്തേയും ലാത്തിയടിയേയും അവര്‍ വകവച്ചില്ല. സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കൂ എന്നവര്‍ ഒറ്റക്കെട്ടായി അലമുറയിട്ടുകൊണ്ടിരുന്നു. ഞാനുള്‍പ്പെടെയുള്ള എല്ലാ സ്‌ത്രീകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ്‌ അവര്‍ തെരുവില്‍ ഇറങ്ങിയത്‌. ടിവിയില്‍ ഇക്കാര്യങ്ങള്‍ കണ്ടതോടെ എനിക്കു പ്രതീക്ഷയുണ്ടായി. ഞാന്‍ ഇന്ത്യയിലേക്കു പറക്കുകയായിരുന്നു. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ വെളിച്ചത്തില്‍ എന്തുകൊണ്ടാണ്‌ പുരുഷന്മാര്‍ സ്‌ത്രീകളെ മാനഭംഗപ്പെടുത്തുന്നു എ്‌ന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയാണ്‌ ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററിയുമായി യാത്ര ആരംഭിച്ചതെന്നും ലെസ്ലി പറയുന്നു.