Breaking News

Trending right now:
Description
 
Mar 02, 2015

ഗുണ്ടാ ഓപ്പറേഷനില്‍ അറസ്റ്റിലായവരിലധികവും ഹെല്‍മറ്റില്ലാതെ വണ്ടിയോടിച്ച പെറ്റിക്കേസുകാര്‍!

image കേരളത്തിലെ ഏറ്റവും കൊടിയ ക്രിമിനല്‍ കുറ്റവാളികള്‍ ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നവരാണെന്നു പോലീസ് വീണ്ടും തെളിയിക്കുന്നു. ഗുണ്ട-മാഫിയ സംഘങ്ങളെ പിടികൂടാന്‍ സംസ്ഥാന വ്യാപകമായി നടപ്പാക്കിയ 'ഓപ്പറേഷന്‍ സുരക്ഷ'യുടെ പേരില്‍ പോലീസ് പിടികൂടിയവരില്‍ അധികവും പെറ്റികേസുകളില്‍ പെട്ട സാധാരണക്കാരാണെന്നു വ്യക്തമായതോടെയാണ് ഇക്കാര്യം ഒന്നു കൂടെ ഉറപ്പിച്ചത്.

ഇതേസമയം, ഓപ്പറേഷന്‍ തുടങ്ങിയിട്ടും ഗുണ്ടാ, ലഹരി മരുന്നു മാഫിയകള്‍ അഴിഞ്ഞാടുകയാണ്. ഇതിനിടെ, ലഹരി-ഗുണ്ടായിസത്തിന്റെ പേരില്‍ പരാതിപ്പെട്ടവരുടെ പേരുകള്‍ പോലീസില്‍ നിന്നു തന്നെ ചോര്‍ത്തിക്കൊടുത്തതിനെത്തുടര്‍ന്നു ആലപ്പുഴയില്‍ പരാതിക്കാരുടെ വീടുകളില്‍ ഗുണ്ടകള്‍ ഇടിച്ചുകയറി ആക്രമിക്കുകയും വസ്തു വകകള്‍ നശിപ്പിക്കുകയും ചെയ്തത് പോലീസിന്റെ വീഴ്ചയാണെന്നു റിപ്പോര്‍ട്ടുണ്ട്. പോലീസ്-അക്രമിസംഘ ബന്ധമാണ് ഇതില്‍ തെളിഞ്ഞിട്ടുള്ളത്.

പോലീസ് നടത്തിയ പരിശോധനയില്‍ 'പിടി'ച്ചിട്ടുള്ളത് അധികവും ഹെല്‍മറ്റില്ലാതെ വാഹനമോടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കല്‍ തുടങ്ങിയ പെറ്റി കേസുകളില്‍ പ്രതികളായിട്ടുള്ളവരെയാണ്. നിയമവിരുദ്ധമാണെങ്കിലും ഇവയൊന്നും തന്നെ ശാരീരികമായോ മാനസികമായോ മറ്റുള്ളവര്‍ക്കു യാതൊരു തരത്തിലുമുള്ള ക്ഷതമുണ്ടാക്കുന്ന കുറ്റകൃത്യങ്ങളല്ല. പ്രധാനമായും പോലീസ് പരിശോധന നടത്തിയത് ഇത്തരം പ്രതികളുടെ വീട്ടിലാണത്രേ. സ്വന്തം വീടുകളില്‍ സാധാരണ കിടക്കാറില്ലാത്ത ക്രിമിനല്‍ കേസ് പ്രതികളെ പോലീസിനു കണ്ടെത്താനായിട്ടില്ല.

പെറ്റിക്കേസുകളില്‍പ്പെട്ട് വഴിയില്‍ നിന്നു പിഴപ്പണം അടയ്ക്കാത്തവരുടെ കോടതിയിലുള്ള കേസുകളും വാറണ്ടുകളും തപ്പിയെടുത്താണ് പോലീസ് ഓപ്പറേഷന്‍ കൊഴുപ്പിച്ച് ഗുണ്ടകളുടെ എണ്ണം പെരുപ്പിച്ചു പത്രക്കുറിപ്പിറക്കുന്നത്. പെറ്റിക്കേസുകളില്‍പ്പെട്ടവരെ അറസ്റ്റു ചെയ്തു കോടതിയിലെത്തിച്ചു പിഴയടപ്പിച്ചു മടക്കി വിടുകയായിരുന്നു. അക്രമികളെയും ഗുണ്ടാമാഫിയകളെയും അമര്‍ച്ച ചെയ്യാന്‍ ആഭ്യന്തര വകുപ്പ് നടപ്പാക്കിയ പദ്ധതിയുടെ ദുരവസ്ഥയാണിത്. വേലി തന്നെ വിളവു തിന്നുകൊണ്ടിരിക്കുയാണെന്നു ജനങ്ങള്‍ ഭയത്തോടെ മനസ്സിലാക്കുന്നു.

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരായുള്ള പരാതികള്‍ വിളിച്ചുപറയാന്‍ ഫോണ്‍നമ്പര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും മിക്കവരും അതിനു തയാറാകുന്നില്ല. വിവരമറിയിക്കുന്നവര്‍ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തേണ്ടതില്ലെന്നും വിളിക്കുന്ന നമ്പര്‍ അറിയാന്‍ കഴിയില്ലെന്നുമുള്ള പോലീസിന്റെ അറിയിപ്പ് ആരും മുഖവിലയ്‌ക്കെടുക്കുന്നില്ല. ശബ്ദശല്യത്തിനെതിരേ പരാതിപ്പെട്ടു സ്ഥലത്തു കാത്തു നിന്നിട്ടു പോലീസ് എത്താത്തതും എന്നാല്‍ മൈക്കു വച്ചിട്ടുള്ള ആരാധനാലയത്തിലെ ആള്‍ക്കാര്‍ എത്തി ഭീക്ഷണിപ്പെടുത്തിയിട്ടുള്ള അനുഭവവും ഒരു പൊതുപ്രവര്‍ത്തകന്‍ പങ്കുവച്ചു. അങ്ങനെയിരിക്കെ ആക്രമികള്‍ക്കെതിരേയോ സാമൂഹ്യവിരുദ്ധര്‍ക്കെതിരേയോ ഗുണ്ടാമാഫിയകള്‍ക്കെതിരെയോ ആരും ഒരു പരാതിയും പറയാന്‍ തുനിയില്ല! പോലീസ് സ്വമേധയാ ആത്മാര്‍ഥമായി ജോലി ചെയ്താലെ സാധാരണ ജനങ്ങള്‍ക്കു രക്ഷയാകൂ.