Breaking News

Trending right now:
Description
 
Feb 27, 2015

ചന്ദ്രബോസിന്റെ കുടുംബത്തിന്‌ നല്‌കേണ്ടിയിരുന്നത്‌ സര്‍ക്കാരിന്റെ പത്ത്‌ ലക്ഷമോ

സന്തോഷ്‌ പവിത്രമംഗലം
image കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു നിഷാം എന്ന ക്രൂര മനുഷ്യന്റെ അതിക്രമങ്ങള്‍ക്ക്‌ ഇരയായി ദാരുണമായി കൊല്ലപ്പെട്ട ചന്ദ്രബോസ്‌ എന്ന സെക്യൂരിറ്റി ജീവനക്കാരന്റെ അതിദാരുണമായ അന്ത്യം. ഏകദേശം 13 കേ്‌സുകളില്‍ പ്രതിയായ നിഷാം ഇതുവരെയും അതിക്രമങ്ങള്‍ക്ക്‌ ഇരയായവരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും നമ്മുടെ ഇടയില്‍ വിഹരിക്കുകയായിരുന്നു. ക്രമസമാധാനം കാത്തുസൂക്ഷി്‌ക്കേണ്ട പോലീസിലെ ഒരു വിഭാഗം ഉയര്‍ന്ന ഉ്‌ദ്യോഗസ്‌ഥരും ഇയാള്‍ക്ക്‌ പാദസേവ ചെയ്യുന്നവര്‍ ആയതിനാലാണ്‌ പോലീസ്‌ ഉദ്‌്യോഗസ്‌ഥയ്‌ക്ക്‌ എതിരെ കൈയ്യേറ്റം നടത്തിയിട്ടും അതൊന്നും ശരിയാംവണ്ണം പുറംലോകം അറിയാതെപോയത്‌. എന്നാല്‍ ഏത്‌ വമ്പനും ഒരിക്കല്‍ പിടിയ്‌ക്കപ്പെടും എന്നുള്ള ലോക തത്വമാണ്‌ ഇന്ന്‌ ഇയാള്‍ നിയമത്തിന്റെ മുമ്പില്‍ യാദ്യശ്‌ചികമായി അകപ്പെട്ടത്‌. അതിനായി ഒരു ചന്‌ദ്രബോസിന്റെ ജീവന്‍ ബലികൊടുക്കേണ്ടതായി വന്നുവെന്ന്‌ ഓര്‍ക്കുമ്പോള്‍ അറിയാതെ പോലും ഇനി മലയാളികള്‍ നാവില്‍ ഉച്‌ഛരിയ്‌ക്കരുത,്‌ ഇത്‌ ദൈവത്തിന്റെ സ്വന്തം നാടെന്ന്‌. എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിരുന്ന ഈ നാട്ടില്‍, നമ്മുടെ സംരക്ഷകരായി സ്വയം, പൊതുസേവകന്റെ കുപ്പായം അണിഞ്ഞ ചില രാഷ്‌ട്രീയക്കാര്‍ക്ക്‌ ആട്ടിന്‍ തോല്‌ അണിഞ്ഞ ചെന്നായ്‌ക്കളെക്കാള്‍ എന്താണ്‌ ഇവര്‍ക്ക്‌ മഹത്വം? നിഷാം എന്ന വ്യവസായ പ്രമുഖന്‍ ഇന്നും സര്‍ക്കാര്‍ ഉദ്യോഗര്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കും പ്രിയപ്പെട്ടവന്‍ ആകുന്നു. അതുകൊണ്ടാണ്‌ ചന്ദ്രബോസിന്റെ മരണമൊഴി പോലും രേഖപ്പെടുത്താന്‍ പോലീസ്‌ തയ്യാറാകാഞ്ഞതും ജനപ്രതിനിധിയുടെ ജയില്‍ സന്ദര്‍ശനവും. സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ പുല്ല്‌വില കല്‌പിച്ചാണ്‌ ഇയാളുടെ ജയില്‍ സന്ദര്‍ശനം. ജയിലില്‍ സന്‌ദര്‍ശനം നടത്തിയ ജനപ്രതിനിധിയെക്കുറിച്ച്‌ പാര്‍ട്ടി തലത്തിലെങ്കിലും ഒരു അന്വേഷണം നടത്തുവാന്‍, മദ്യവ്യവസായികള്‍ക്ക്‌ എതിരെ പടവാള്‍ എടുത്ത ആദര്‍ശധീരന്‍ എന്ന്‌ അറിയപ്പെടുന്ന കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ അധ്യക്ഷനും കഴിയാതെ പോയത്‌ വിസ്‌മയം തന്നെ. ഇതുപോലെയുള്ള ധാരാളം വ്യവസായ പ്രമുഖര്‍ ഇന്ന്‌ കേരളത്തില്‍ വിലസുന്നുണ്ട്‌. ഇവര്‍ക്കെല്ലാം കുടപിടിയ്‌ക്കുവാന്‍ ഒരു ജനകീയ സര്‍ക്കാര്‍. ഉന്നതരുടെ സഹായം ഇല്ലാതെ ഇന്‍ഡ്യയിലെ ഒരു പൗരനും ഇതുപോലുള്ള അതിക്രമങ്ങള്‍ നടത്തുവാന്‍ കഴിയുകയില്ല. ഇന്‍ഡ്യയിലെ നിയമ വ്യവസ്‌ഥ വളരെ ശക്‌തമാണ്‌ എന്നുള്ള കാര്യത്തില്‍ ആര്‍ക്കും തര്‍ക്കില്ല. എന്നാല്‍ വ്യക്‌തികളുടെ സ്വാധീനം അനുസരിച്ച്‌ വളച്ചൊടിയ്‌ക്കപ്പെടുന്ന സാഹചര്യമാണ്‌ നിലനില്‌ക്കുന്നത്‌. ഈ ദുഷിച്ച അവസ്‌ഥയില്‍ ജനങ്ങള്‍ക്ക്‌ പ്രതികരിയ്‌ക്കുവാന്‍ കഴിയാതെ ബുദ്‌ധിമുട്ടുകയാണ്‌. പ്രതികരിയ്‌ക്കുന്നവരെ ഉന്‌മൂല നാശം വരുത്തിയിട്ട്‌ മാത്രമെ ഈ വമ്പന്‍മാര്‍ അടങ്ങുകയുള്ളൂ. ഇതിനായി രാഷ്‌ട്രീയ ശക്‌തികള്‍ അവരുടെ ആദര്‍ശങ്ങള്‍ പോലും ബലികഴിച്ച്‌ കൈകള്‍ കോര്‍ക്കുന്നു. കേരളത്തിലെ ഈ ദുഷിച്ച വ്യവസ്‌ഥികള്‍ കണ്ട്‌ ജനങ്ങള്‍ പൊറുതിമുട്ടുകയാണ്‌. ഈ അടുത്തകാലത്ത്‌ ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങളും അഴിമതികളും നിരവധിയാണ്‌. എന്നാല്‍ അതിലൊന്നും ശരിയായ വിശദീകരണം നല്‌കുവാന്‍ ഈ സര്‍ക്കാരിന്‌ സാധിച്ചിട്ടില്ല. ഉത്തരം കിട്ടാതെ മുഖ്യമന്ത്രി മുതല്‍ തഴേക്കുള്ളവര്‍ ഇരുട്ടില്‍ തപ്പുകയാണ്‌. വാര്‍ത്ത മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇടറുന്നു. ഇതില്‍ നിന്നെല്ലാം ജനങ്ങള്‍ക്ക്‌ മനസ്‌സിലാകുന്നത്‌ ഇദ്‌ദേഹം ജനങ്ങളുടെ ഭാഗത്ത്‌ നിന്നുള്ള ഭരണമല്ല നടത്തുന്നത്‌ എന്നാണ്‌. വളരെയധികം പ്രതീക്ഷയോടു കൂടിയാണ്‌ ഈ സര്‍ക്കാരിനെ കേരളത്തിലെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്‌. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ക്കെല്ലാം മങ്ങലേല്‍പിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകരെ പോലും ഞെട്ടിയ്‌ക്കുന്ന സംഭവ വികാസങ്ങള്‍ ആണ്‌ ദിനംപ്രതി പുറത്തുവരുന്നത്‌. കൊല്ലപ്പെട്ട ചന്ദ്രബോസിന്‌ സര്‍ക്കാരിന്റെ ദാനമായി പത്ത്‌്‌ ലക്‌ഷം രൂപ നല്‌കുന്ന നയത്തോട്‌ യോജിയ്‌ക്കുവാന്‍ കഴിയുകയില്ല. കാരണം ഒരു പ്രക്യതി ഷോഭമോ, മറ്റ്‌ മാരകമായ അസുഖങ്ങളോ ബാധിച്ചല്ല ഈ നിരപരാധിയായ വ്യക്‌തി കൊല്ലപ്പൈട്ടത്‌. പിന്നെയോ, പണത്തിന്റെ ഹുങ്കും അധികാരികള്‍ തന്റെ കീശയില്‍ ആണ്‌ എന്നുള്ള അഹങ്കാരവും ആണ്‌ മനുഷ്യ മ്യഗമായ നിഷാമിനെ ഇങ്ങനെ ഒരു ക്യത്യം നടത്തുവാന്‍ ധൈര്യം നല്‌കിയത്‌. പാവപ്പെട്ടവന്റെ നികുതിപണം, പണക്കാരാനാല്‍ കൊല്ലപ്പെട്ടവന്‌ കൊടുക്കുവാന്‍ കാണിച്ച ഉത്‌സാഹം, ഒരു മന്ത്രിമാരുടെയും പോക്കറ്റില്‍ നിന്നും അല്ലാത്തതുകൊണ്ടാണ്‌. കൊല്ലപ്പെട്ട വ്യക്‌തിയുടെ ആശ്രിതര്‍ക്ക്‌ ധനസഹായം, പണക്കാരനായ നിഷാമിന്റെ സ്വത്തുക്കള്‍ കണ്ട്‌കെട്ടി അതില്‍ നിന്നുമുള്ള വിഹിതമാണ്‌ നല്‌കേണ്ടിയിരുന്നത്‌. പാവപ്പെട്ടവന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‌കേണ്ട ജനാധിപത്യ സര്‍ക്കാര്‍, അതില്‍ വീഴ്‌ച സംഭവിയ്‌ക്കുമ്പോള്‍, പൊതു ഖജനാവില്‍ നിന്നുമുള്ള പണം എടുത്ത്‌ നല്‌കുന്നത്‌ ഉചിതമല്ല. ഇങ്ങനെ ഒരു നയമാണ്‌ സര്‍ക്കാരിന്റെതെങ്കില്‍ സാധാരണക്കാരന്റെ നികുതി മുഴുവനായും ഇതുപോലുള്ള സംഭവങ്ങള്‍ക്കായി വിനിയോഗിയ്‌ക്കേണ്ടതായി വരും. ദേശീയ ഗയിംസിന്റെ പേരില്‍ നടത്തിയ ധൂര്‍ത്തും ലാലിസത്തിന്റെ ഭാരവും ഒക്കെ കൂടി അടുത്തു വരാന്‍ പോകുന്ന ബഡ്‌ജറ്റില്‍ കൂടി പാവപ്പെട്ടവര്‍ അനഭവിച്ച്‌ തീര്‍ക്കണം. പത്ത്‌ വര്‍ഷം തുടര്‍ച്ചയായി ഇന്‍ഡ്യ ഭരിച്ച കോണ്‍ഗ്രസ്‌ പാര്‍ട്ടി ഇന്ന്‌ ഒന്നുമല്ലാതെ ആയി തീര്‍ന്നിരിയ്‌ക്കുന്നു. പതിനഞ്ച്‌ വര്‍ഷക്കാലം ഡല്‍ഹി അടക്കി വാണ ഷീല ദീക്ഷിത്‌ ഏതോ മാളത്തില്‍ ഒളിച്ച ഭീരുവിന്റെ അവസ്‌ഥയിലേക്ക്‌ മാറിയിരിയ്‌ക്കുന്നു. രാഷ്‌ട്രീയ പാരമ്പര്യം ഒന്നുംതന്നെയില്ലാത്ത കെജ്‌രിവാള്‍ ഇന്ന്‌ ഡല്‍ഹിയില്‍ മുഖ്യമന്ത്രി ആയിരിയ്‌ക്കുന്നു. ഇതില്‍ നിന്നൊക്കെയും രാഷ്‌ട്രീയ പാര്‍ട്ടികള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ തയ്യാറായില്ലെങ്കില്‍ അധികാരത്തിന്റെ പടവുകളില്‍ നിന്നും താഴേക്കുള്ള അവരുടെ വീഴ്‌ചയുടെ വേദനയും അതിന്റെ വിലയും വളരെ വലുതായിരിയ്‌ക്കും. അവിടെനിന്നും ധാരാളം കെജ്‌രിവാള്‍മാര്‍ ഇവിടെ ഉടലെടുക്കും. മരണപ്പെട്ട ചന്ദ്രബോസ്‌ ഇന്ന്‌ കേരളത്തിലെ മനുഷ്യ സ്‌നേഹികളുടെ ഒരു തീരാവേദനയാണ്‌. അതിന്റ അലയടിയും പ്രതിഷേധവുമാണ്‌ ഈ കേസ്‌സില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കങ്ങള്‍ക്ക്‌ കാരണം. ഈ പ്രതിഷേധത്തെ അവര്‍ക്ക്‌ കണ്ടില്ലെന്ന്‌ നടിയ്‌ക്കുവാന്‍ കഴിയുകയില്ല. ആഭന്തരമന്ത്രി കേരളത്തിലെ ജനങ്ങള്‍ക്ക്‌ കൊടുത്ത വാക്ക്‌ പാലിയ്‌ക്കപ്പെടും എന്ന്‌ പ്രത്യാശിയ്‌ക്കാം. കാരണം മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇന്ന്‌ പഴകിയ ചാക്കിന്‌ സമാനമായിരിയ്‌ക്കുന്നു. കേരളത്തിലെ ആഭ്യന്തരമന്ത്രി തന്റെ വകുപ്പിലുള്ള ഉദ്‌ദ്യോഗസ്‌ഥര്‍ക്ക്‌ കര്‍ശനമായ നിര്‍ദ്‌ദേശം നല്‌കുകയും ബാഹ്യശക്‌തികളുടെയും, ഘടക കക്ഷികളുടെയും സമ്മര്‍ദ്‌ധങ്ങള്‍ക്ക്‌ ഉദ്‌ദ്യോഗസ്‌ഥര്‍ വഴങ്ങാതെ അവര്‍ക്ക്‌ സംരക്ഷണം നല്‌കി, കുറ്റവാളിയായ നിഷാമിന്‌ മാത്യകാപരമായ ശിക്ഷ നേടികൊടുക്കുവാന്‍ മുന്നിട്ടിറങ്ങും എന്ന്‌ പ്രത്യാശിയ്‌ക്കാം.