Breaking News

Trending right now:
Description
 
Feb 20, 2015

ചാവറയച്ചന്റെ ഇടയനാടകം 'സുഭാഷിതം' ആലപ്പുഴയില്‍ 21-ന് അവതരിപ്പിക്കും

image ആലപ്പുഴ: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ മലയാളത്തില്‍ എഴുതിയ ഇടയനാടകങ്ങളില്‍ ഒന്നായ 'സുഭാഷിതം' ആലപ്പുഴയില്‍ അവതരിപ്പിക്കും. ഇതോടൊപ്പം പൊതു സമ്മേളനവും നടത്തും.പഴവങ്ങാടി കാര്‍മ്മല്‍ ഹാളില്‍ 2015 ഫെബ്രുവരി 21-ന് ശനിയാഴ്ച വൈകുന്നേരം ആറിന് പൊതുസമ്മേളനം കെ.സി.വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും.

കൈനകരി ചാവറ ഭവന്‍ ഡയറക്ടര്‍ ഫാ. മാത്യു പോളച്ചിറ സി.എം.ഐ അധ്യക്ഷത വഹിക്കും. വികാരി ജനറാള്‍ ഫാ. വര്‍ഗീസ് വിതയത്തില്‍ സി.എം.ഐ അനുഗ്രഹപ്രഭാഷണവും അവതാരകനും ഗാനരചയിതാവുമായ ബി.ആര്‍. പ്രസാദ് മുഖ്യപ്രഭാഷണവും നടത്തും. 'ഇടയനാടകങ്ങളും ചാവറ അച്ചനും' എന്ന വിഷയം ഇടയനാടക കളരി ഡയറക്ടറും നിര്‍മാതാവുമായ ഫാ. ഫ്രാന്‍സിസ് വള്ളപ്പുര സി.എം.ഐ അവതരിപ്പിക്കും. 

പഴവങ്ങാടി മാര്‍ ശ്ലീവാ ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, വൈ.എം.സി.എ പ്രസിഡന്റ് ഡോ.പി. കുര്യപ്പന്‍ വര്‍ഗീസ്, സംഘാടക സമിതി കണ്‍വീനര്‍ തോമസ് മത്തായി കരിക്കംപള്ളില്‍ എന്നിവര്‍ ആശംസകള്‍ നേരും. തിരുവനന്തപുരം വിഴിഞ്ഞം സെന്റ് പീറ്റേഴ്‌സ് കലാസംഘമാണ് നാടകം അവതരിപ്പിക്കുന്നത്. സംവിധാനം ടി.വി.സാംബശിവന്‍.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ എഴുതിയ ഇടയനാടകങ്ങളുടെ പഴമയുടെ പ്രൗഢിയും പുണ്യത്തിന്റെ പരിശുദ്ധിയും പുനരാവിഷ്‌ക്കരിച്ച് പൊതുസദസിനു മുന്നിലേക്ക് എത്തിക്കുകയാണ്. നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ചാവറയച്ചന്റെ ഇടയനാടകങ്ങളാണ് ഭാരതീയ ഭാഷകളിലെ ആദ്യ നാടക രചന. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് കവിയായ തീയോക്രിറ്റസ് ആണ് ഇടയകാവ്യങ്ങള്‍ ആദ്യം രൂപപ്പെടുത്തിയതെന്നു കരുതുന്നു. വിവിധ ഭാഷകളില്‍ പല തരത്തിലുള്ള ഇത്തരം നാടക രൂപങ്ങള്‍ കാണാം. 

ആലപ്പുഴയിലെ കൈനകരിയില്‍ ജനിച്ച്, വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് (1805 ഫെബ്രുവരി 10 - 1871 ജനുവരി 3) 1846-നും 55-നും മധ്യേ മാന്നാനത്തെ സെമിനാരി വിദ്യാര്‍ഥികള്‍ക്കു വേണ്ടി 12 ഇടയനാടകങ്ങള്‍ (എക്‌ളോഗ് അഥവാ ഷെപ്പേര്‍ഡ് പ്ലേ) എഴുതുകയും അവ തുടര്‍ച്ചയായി അവതരിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് ആശ്രമ രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എക്‌ളോഗ് എന്ന വാക്കിന് ഇടയഗാനം, ഗ്രാമീണ ഗീതം എന്നൊക്കെയാണ് അര്‍ഥം. ഗ്രാമീണരുടെ ലളിതജീവിതവും അതുനല്കുന്ന ആനന്ദവും എല്ലാമാണ് ഇത്തരം ഇടയഗീതങ്ങളിലെ പ്രതിപാദ്യം. 

ഇടയനാടകങ്ങളിലെ സംഭാഷണങ്ങള്‍ കാവ്യരൂപത്തില്‍ എഴുതിയതിനാലാണ്ചാവറയച്ചന്‍ അവയെ എക്‌ളോഗ് എന്ന വിഭാഗത്തില്‍പ്പെടുത്തിയത്. മനുഷ്യന്റെ നിത്യരക്ഷയാണ് പ്രമേയമായിട്ടുള്ളത്. മധ്യകാലഘട്ടത്തില്‍ തന്നെ പ്രചാരത്തിലിരുന്ന ബോധകപ്രവൃത്തിപരവും ധര്‍മ്മശാസ്ത്രപരവുമായിരുന്ന സന്മാര്‍ഗ (മൊറാലിറ്റി) നാടകങ്ങളോടാണ് സാദൃശ്യം. മനുഷ്യനെ നന്മയിലേക്കു നയിക്കുകയാണ് ഈ നാടകങ്ങളുടെ ലക്ഷ്യം.'സുഭാഷിതം' നാടകത്തില്‍ അമൂര്‍ത്തങ്ങളായ വിശ്വാസത്തിനും ശരണത്തിനും ഉപവിക്കും രംഗവേദിയില്‍ കഥാപാത്രങ്ങളായി ജീവന്‍ നല്കിയിരിക്കുകയാണ്.

കേരളത്തില്‍ പുതപ്പു നാടകം എന്ന ഓമനപ്പേരിട്ടു വിളിച്ചിരുന്ന ഇടയനാടകങ്ങള്‍ ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ ചിന്തിപ്പിക്കാന്‍ തുടങ്ങിയതില്‍ സി.എം.ഐ സഭയ്ക്കുള്ള പങ്ക് ഏറെയാണ്. ചാവറയച്ചനെ ഫ്രാന്‍സിസ് മാര്‍പാപ്പാ വത്തിക്കാനില്‍ 2014 നവംബര്‍ 23-ന് വിശുദ്ധ പദവിയിലേക്കുയര്‍ത്തിയപ്പോള്‍ ലളിതമായ പുതപ്പുനാടകത്തിനും ഒരു പുണ്യപരിവേഷം ലഭിച്ചു.