Breaking News

Trending right now:
Description
 
Feb 19, 2015

കോഫി ബ്ലൂം അടുത്തമാസം തീയേറ്ററുകളില്‍ എത്തും

image തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ മനുവാര്യര്‍ സംവിധാനം ചെയ്‌ത ബോളിവുഡ്‌ ചിത്രം കോഫി ബ്ലൂം അടുത്തമാസം തീയേറ്ററുകളില്‍ എത്തും. ഇത്തവണത്തെ എംഎഎംഐ ഫെസ്റ്റിവലില്‍ ന്യൂ ഫെയ്‌സസ്‌ ഓഫ്‌ ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട കോഫി ബ്ലൂം നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസനേടിയിരുന്നു. അര്‍ജുന്‍ മാത്തൂര്‍, സുഗന്ധ റാം എന്നിവരാണ്‌ പ്രധാന വേഷങ്ങളില്‍ എത്തുന്നത്‌. വെറ്ററന്‍ താരം മോഹന്‍ കപൂറും ബംഗാളി നടി ഈശ്വരി ബോസും സപ്പോര്‍ട്ടിങ്‌ റോളുകളില്‍ ചിത്രത്തിലെത്തുന്നുണ്ട്‌. സ്വയം ബുദ്ധിമാനെന്നു നടിക്കുന്ന, പ്രണയ നൈരാശ്യത്തെ തുടര്‍ന്ന്‌ ജീവിതത്തെ ഉപേക്ഷിക്കുകയും ചെയ്‌ത ദേവ്‌ ആനന്ദ്‌ എന്ന യുവാവിന്റെ കഥയാണ്‌ ചിത്രം പറയുന്നത്‌. ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവം അദ്ദേഹത്തെ ഒരു കോഫി പ്ലാന്റിലെത്തിക്കുന്നു. അവിടെവച്ച്‌ അയാള്‍ തന്റെ പഴയ പ്രണയനിയും നിലവിലെ ബോസുമായ അനികയെ കണ്ടുമുട്ടുന്നു. വീണ്ടും പൂവിടുന്ന പ്രണയം ദേവിനെ, താന്‍ സ്വയം അടിച്ചേല്‍പ്പിച്ച ഭീതിയില്‍നിന്നു മോചിതനാക്കുകയും വീണ്ടും ജീവിക്കാനുള്ള ആഗ്രഹം സമ്മാനിക്കുകയും ചെയ്യുന്നു. ഹാരിഷ്‌ അമീന്റെ സ്‌പീക്കിങ്‌ ട്രീ പിക്‌ചേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ആണ്‌ കോഫി ബ്ലൂം നിര്‍മ്മിക്കുന്നത്‌. ഇന്ത്യയില്‍ മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ്‌, ചെന്നൈ, പൂനെ, അഹമ്മദാബാദ്‌, കൊച്ചി എന്നിവിടങ്ങളിലാണ്‌ ചിത്രം റിലീസ്‌ ചെയ്യുന്നത്‌. അമേരിക്ക, കാനഡ എന്നിവിടങ്ങളിലും ചിത്രം എത്തും. മാര്‍ക്കറ്റിങില്‍ മാസ്റ്റര്‍ ബിരുദം നേടിയ മനു അമേരിക്കയില്‍ ജോലിയിലിരിക്കെ രണ്ട്‌ ഷോര്‍ട്ട്‌ ഫിലിമുകള്‍ സംവിധാനം ചെയ്‌തുകൊണ്ടാണ്‌ സിനിമാ രംഗത്തേക്ക്‌ ചുവട്‌ വയ്‌ക്കുന്നത്‌.