Breaking News

Trending right now:
Description
 
Feb 18, 2015

ഓണ്‍ലൈന്‍ വീഡിയോ മത്സരവുമായി കേരളാ ടൂറിസം വെബ്‌സൈറ്റ്‌

image കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്‌ സന്ദര്‍ശകരുടെ എണ്ണം വീണ്ടും വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ സമയം അവരെ സൈറ്റില്‍ വ്യാപരിപ്പിക്കുന്നതിനുമായി പുതുമയുള്ള മത്സരവുമായി രംഗത്തെത്തുന്നു. ഒരു വീഡിയോ ദൃശ്യം പല ഭാഗങ്ങളാക്കി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌ അതിന്റെ ക്രമത്തില്‍ പുനഃക്രമീകരിക്കുന്നതാണ്‌ ഈ മല്‍സരം. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ ദൃശ്യബോധവും കഴിവും പരിശോധിക്കുകയാണ്‌ 'വീഡിയോ സീക്വന്‍സിംഗ്‌ കോണ്‌ടസ്റ്റ്‌' എന്നു പേരിട്ടിരിക്കുന്ന മല്‍സരത്തിന്റെ ലക്ഷ്യം. രണ്ടു മിനിറ്റ്‌ വീതം ദൈര്‍ഘ്യമുള്ള 30 വീഡിയോ ദൃശ്യങ്ങളാണ്‌ ഇതിനായി തയാറാക്കിയിരിക്കുന്നത്‌. ഇവയോരോന്നും 20 സെക്കന്‍ഡ്‌ വീതം ദൈര്‍ഘ്യമുള്ള ആറ്‌ ഭാഗങ്ങളാക്കി പലയിടത്തായി വിന്യസിച്ചിരിക്കും. മല്‍സരത്തില്‍ പങ്കെടുക്കുന്നതിനായി www.keralatourism.org എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്‌തു കയറുന്നവര്‍ ഈ ഭാഗങ്ങള്‍ ക്രമത്തില്‍ അടുക്കി ഓരോ വീഡിയോ ചിത്രത്തിനും പൂര്‍ണത വരുത്തുകയാണ്‌ ചെയ്യേണ്ടത്‌.
 
മാര്‍ച്ച്‌ പതിനേഴുവരെയാണ്‌ മത്സരം. വിജയികളാകുന്ന രണ്ടുപേര്‍ക്കു ബമ്പര്‍ സമ്മാനമായി കേരളത്തില്‍ ഏഴു പകലും ആറു രാത്രിയും താമസിക്കാനുള്ള ടൂറിസം പാക്കേജും ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും കേരളത്തിലെത്താനുള്ള ഇക്കോണമി ക്ലാസ്‌ വിമാന ടിക്കറ്റും സമ്മാനമായി നല്‍കും. രണ്ടുപേര്‍ക്ക്‌ ആറു പകലും അഞ്ചു രാത്രിയും കേരളത്തിലെ താമസമാണ്‌ രണ്ടാംസമ്മാനമായി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. അഞ്ചു പകലും നാലു രാത്രിയും നീളുന്ന പാക്കേജ്‌ രണ്‌ടുപേര്‍ക്ക്‌ മൂന്നാം സമ്മാനമായും നല്‍കും. വിജയികളാകുന്ന മല്‍സരാര്‍ഥികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന മൂന്നുപേര്‍ക്ക്‌ ദിവസവും സ്‌മാര്‍ട്ട്‌ ഫോണ്‍, ആറന്മുള കണ്ണാടി, ഹൗസ്‌ ബോട്ട്‌ മാതൃക, നെട്ടൂര്‍പെട്ടി, കേരള സാരി, കേരള മുണ്ട്‌ തുടങ്ങിയവയും സമ്മാനമായി നല്‍കും.