Breaking News

Trending right now:
Description
 
Feb 17, 2015

ഒരു ശിവരാത്രിയുടെ തണുപ്പിലേക്ക്,ചൂടുള്ള അടിയുടെ വേദനയിലേക്കും

P.Raju
image ഇന്ന് ശിവരാത്രി.ഓരോ ശിവരാത്രിയും ഒരു ഓര്‍മപ്പെടുത്തല്‍ ആണ്,ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ശിവരാത്രിയുടെ തണുപ്പിലേക്ക്,അത് എത്തി നില്‍കുന്ന ചൂടുള്ള അടിയുടെ വേദനയിലേക്കും.എന്‍റെ ബാല്യത്തില്‍ ഞങ്ങളുടെ നാട്ടിലെ പ്രധാനപ്പെട്ട രണ്ട് ഉത്സവങ്ങളാണ് ഏച്ചോം ശിവക്ഷേത്രത്തിലെ ശിവരാത്രിയും,പള്ളിക്കുന്നു പള്ളിപ്പെരുന്നാളും. പിന്നെയുള്ളത് വള്ളിയൂര്‍കാവ് ഉത്സവമാണ്,പക്ഷെ വീടിന്‍റെ തൊട്ടടുത്തുള്ള ഉത്സവങ്ങള്‍ എന്നനിലയില്‍ ഏറ്റവും പ്രാധാന്യം ശിവരാത്രിയും പള്ളിപ്പെരുന്നാളും തന്നെയായിരുന്നു. ചെറുപ്പത്തില്‍ തന്‍വര്‍ഷത്തെ കലണ്ടര്‍ കിട്ടിയാല്‍ ആദ്യം നോക്കുക പിറന്നാള്‍ എന്നാണ് വരുന്നെതെന്നയിരിക്കും.

പിന്നെ ശിവരാത്രി, വിഷു, ഓണം..പള്ളിക്കുന്ന് പെരുന്നാള്‍പിന്നെ സ്ഥിരം ആണ്,ഫെബ്രുവരി 10,11. ഉത്സവങ്ങള്‍ ശനിയോ ഞായറോ ആയാല്‍ വളരെ സന്തോഷമായി,കാരണം ഉറക്കച്ചടവോടെ പിറ്റേദിവസം സ്കൂളില്‍ പോകേണ്ടല്ലോ. ശിവരാത്രിയുടെയും,പള്ളിപ്പെരുന്നാളിന്റെയും പിറ്റേദിവസം വളരെ സന്തോഷത്തോടെയാണ് സ്കൂളിലേക്ക് പോവുക,കാരണം ഉത്സവത്തിനു വാങ്ങിയ പുതിയ കളിപ്പാട്ടം കൂട്ടുകാര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു ആളാകാനുള്ള ദിവസം ആണന്ന്.ഒരു ചെറിയ ഉത്സവപറമ്പ്‌ പോലെയായിരിക്കും അന്ന് സ്കൂള്‍ മൈതാനം.പീപ്പികളുടെയും,വിസിലുകളുടെയും ഒച്ച,പുതിയ പന്തുകള്‍, കാറുകള്‍,വിമാനങ്ങള്‍,തീവണ്ടികള്‍,എല്ലാം മൈതാനത്തുകൂടെ ഓടുന്നുണ്ടാവും.പെണ്‍കുട്ടികള്‍ പുതിയ മാലകളും വളകളും പരസ്പരം ആസ്വധിക്കുന്നുണ്ടാവും.അതിനിടെ മൈതാനത്ത് നിന്നും ബഹളം..എന്‍റെ കാര്‍ അവനെടുത്തു,എന്‍റെ പന്ത് അവന്‍ തട്ടിപ്പറിച്ചു തുടങ്ങിയ പരാതികള്‍.ഒടുക്കം ഹെട്മാസ്ടര്‍ എല്ലാം “സീസ്” ചെയ്തു സ്റ്റാഫ്‌റൂമില്‍ കൊണ്ടുവേക്കും വരെ ആ ബഹളം നീളും. അവസാനം സഹികെട്ട് കളിപ്പാട്ടങ്ങള്‍ സ്കൂളില്‍ കൊണ്ടുവരാന്‍ പാടില്ല എന്ന “ഓറല്‍ സര്‍കുലര്‍” വരെ ഇറക്കും ഹെട്മാസ്ട്ടര്‍. പറഞ്ഞുവന്നത് അടിയുടെ വേദനെയെക്കുറിച്ച്ആണ്. 

ഈ ഉത്സവങ്ങളുടെ ഏറ്റവും പ്രധാന ആകര്‍ഷണം അവിടെ വരുന്ന പലതരം കച്ചവടങ്ങളാണ്.കളിപ്പാട്ടങ്ങള്‍,മാല/വള തുടങ്ങിയവ,ചായ/കാപ്പി കടകള്‍, കടലവരുക്കുന്നവര്‍, പൊരി വില്‍ക്കുന്നവര്‍,പല ആകൃതിയിലും,നിറത്തിലുമുള്ള ബലൂണുകള്‍,...ഒന്നും വാങ്ങാന്‍ ആയില്ലെങ്കിലും ഇവക്കിടയിലൂടെ നടക്കുക എന്നതുതന്നെ വലിയ കാര്യമായിരുന്നു. വട്ടത്തിലുള്ള ഒരു മരപ്പലകമേല്‍ ചുറ്റും മുള്ളാണികള്‍ തറച്ച് അതിന്റെ നടുവില്‍ ഉറപ്പിച്ച ഒരു “ടംഗ് ക്ലീനര്‍”,മരച്ചചക്രം കറക്കിവിടുമ്പോള്‍ ടംഗ്ക്ലീനറിന്റെ മറ്റേ അറ്റം ഓരോ മുള്ളാണികള്‍ക്കിടയിലൂടെ കറങ്ങി ഒരു സ്ഥലത്ത് നില്‍ക്കും. അവിടെ രേഖപ്പെടുത്തിയിരിക്കുന്ന എണ്ണത്തിന്റെ അത്രേം നിലക്കടല കിട്ടുന്ന ഒരു കച്ചവടവും ഉണ്ടാകും. ഒന്ന് കറക്കാന്‍ പത്ത് പൈസ ആരുന്നു ചാര്‍ജ്. അങ്ങനെ കറങ്ങി നടക്കുമ്പോളാണ് നമ്മുടെ ക്ലാസ്സിലെ ചില പഹയന്മാര്‍ ചായ കാപ്പി കച്ചവടം നടത്തുന്നത് കണ്ണില്പെടുന്നത്. ക്ലാസില്‍ പഠിക്കുന്നവന്‍ ആണെന്ന ഒരു “മൈന്റും” അവന്മാര്‍ക്ക് ഉണ്ടാവില്ല,വളരെ സീരിയസ് ആയിട്ട് കച്ചവടതിരക്കില്‍ആയിരിക്കും അവര്‍...(ഹും..നാളെ ക്ലാസില്‍ കണക്കിന്‍റെ ഉത്തരം കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ നമ്മളും മൈന്റു ചെയ്യില്ല എന്ന ആത്മഗതത്തോടെ തിരിഞ്ഞുനടകും) അങ്ങനെയിരിക്കവേ ഒരു ശിവരാത്രിതലേന്ന് സുരേഷ് പറയുന്നത്,നമുക്ക് കാപ്പികച്ചവടം നടത്തിയാലോ എന്ന്.എന്‍റെ വീട്ടില്‍ അറിഞ്ഞാല്‍ പിന്നെ ശിവരാത്രിക്ക് അമ്പലത്തിലേക്ക് വിടുകപോലുമില്ല. 

അമ്പലപ്പറമ്പില്‍ കരങ്ങിനടക്കുന്നതും,കടകള്‍ക്ക് മുന്നില്‍ പോയി വാ പൊളിച്ചു നില്‍ക്കുന്നതും മോശമെന്ന് കരുതുന്ന അച്ചനും അമ്മയും. അവര്‍ ഉത്സവത്തിനു പോയി വരുമ്പോഴാണ് എനിക്കും അനിയത്തിക്കും,അനിയനും കളിപ്പാട്ടങ്ങളും മാലയും വളയുമൊക്കെ കൊണ്ടുവരുന്നത്. നമുക്ക് “നോ ചോയിസ് “ അങ്ങനെയുള്ള ഞാന്‍ ഉത്സവപ്പറമ്പില്‍ കാപ്പികച്ചവടം നടത്താന്‍ പോവുക!!!അമ്പലപ്പറമ്പിലെ ശബ്ദവും,വെളിച്ചവും,കച്ചവടക്കാരന്റെ ഗമ ..ഇതൊക്കെ ഉള്ളിലുള്ളത് കൊണ്ട് ഞാന്‍ അവനോട് യെസ് പറഞ്ഞു. ഒരു ഡിമാന്റും,എന്‍റെ അമ്മയോട് പറയരുത്.അമ്മയും അച്ഛനും അവന്‍റെ ടീച്ചറും മാഷും ആണേ,എന്റേതും.അങ്ങനെ ശിവരാത്രി ദിവസം..അവന്‍ വീട്ടില്‍ നിന്നും ഒരു വലിയ കെറ്റില്‍നിറയെ ശര്‍ക്കരകാപ്പിയും, രണ്ടു ഗ്ലാസ്സും കൊണ്ടുവന്നു.എനിക്കിതിലൊന്നും ബന്ധമില്ല എന്ന രീതിയില്‍ ഞാന്‍ അവനെ ചുറ്റിപ്പറ്റി നിന്നു,ഇതിരികഴിഞ്ഞപ്പോള്‍ കുറച്ചുധൈര്യം ഒക്കെ തോന്നി.ഞാന്‍ കെറ്റിലും തൂക്കി കാപ്പി കാപ്പി എന്ന് അനൌണ്‍സ് ചെയ്തു..കച്ചവടം പൊടിപൊടിച്ചു.പെട്ടന്നതാ മുന്നില്‍ അച്ഛന്‍...എല്ലാ ഗമയും ആവിയായി പോയി,ഉത്സവത്തില്‍ പങ്കെടുത്ത്,അനിയനേം കൊണ്ട് അവര്‍ വീട്ടിലേക്ക് തിരിച്ചു പോയി എന്നുറപ്പ് വരുതിയിട്ടായിരുന്നു ഞാന്‍ കച്ചവടം തുടങ്ങിയത്.ഏതവനാണോ എന്‍റെ കച്ചവടം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വീട്ടില്‍ പോയി അച്ഛനോട് വിളമ്പിയത് എന്ന് ഇന്നും അജ്ഞാതം. അതോടെ എന്‍റെ കച്ചവടം പൂട്ടി.

ചെവിമ്മേല്‍ പിടിച്ചാണ് എന്നെ വീട്ടിലേക്ക് തൂക്കിയത്‌. നാളെ എങ്ങനെ മറ്റു ടീച്ചര്‍മാരുടെ മുഖത്ത്നോക്കും എന്ന അരിശത്തോടെ അമ്മ,നിനക്കിത് വേണം എന്ന സന്തോഷത്തോടെ അനിയനും അനിയത്തിയും..പിന്നെ പൊടിപൂരം ആയിരുന്നു....ഇന്നും ഉത്സവപറമ്പുകളില്‍ കുട്ടികച്ചവടക്കാരെ കാണുമ്പോള്‍,ഇതെനിക്കൊര്‍മ വരും..ഞാന്‍ അനുഭവിച്ച ഉത്സവബാല്യങ്ങള്‍ എന്‍റെ മോന് കിട്ടിയില്ലല്ലോ.