Breaking News

Trending right now:
Description
 
Feb 16, 2015

ആലപ്പുഴയിലെ ആറ് തീരദേശ സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കും: മന്ത്രി കെ ബാബു

image ആലപ്പുഴ: സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ആറ് സ്‌കൂളുകളില്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിച്ചു നല്‍കുമെന്ന് സംസ്ഥാന ഫിഷറീസ്, തുറമുഖ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ കെ ബാബു പറഞ്ഞു. പാനൂര്‍, പല്ലന, വലിയഴീക്കല്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയഴീക്കല്‍ ജിഎച്ച്എസ്എസ്, പല്ലന ഗവ. എല്‍പിഎസ്, പാനൂര്‍ ഗവ. എല്‍പിഎസ് എന്നീ സ്‌കൂളുകള്‍ക്കു പുറമെ തൃക്കുന്നപ്പുഴ ഗവ. എല്‍പിഎസ്, മംഗലം ജിഎച്ച്എസ്എസ്, അര്‍ത്തുങ്കല്‍ ജിആര്‍എഫ്ടിഎച്ച്എച്ച്എസ് എന്നിവിടങ്ങളിലും തീരദേശ വികസന കോര്‍പ്പറേഷന്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിച്ചു നല്‍കും. 

നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലുള്‍പ്പെടുത്തി 6.63 കോടി രൂപ ചെലവിലാണ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. സംസ്ഥാനത്ത് 54.72 കോടി രൂപയുടെ 55 വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 1.66 കോടി രൂപ ചെലവില്‍ വലിയഴീക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന മൂന്നുനില കെട്ടിടത്തില്‍ നാലു ക്ലാസ് മുറികള്‍, ലാബ്, ഹാള്‍, പാചകമുറി എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. പല്ലന ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന് 49 ലക്ഷം രൂപയും പാനൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് 73 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. എല്‍ പി സ്‌കൂളുകളിലെ അക്കാദമിക് ബ്ലോക്കുകളില്‍ മൂന്ന് ക്ലാസ് മുറികളും പാചക മുറിയും ടോയ്‌ലറ്റ് സംവിധാനവും ഉണ്ടാകും. 53.78 കോടി രൂപയുടെ വിവിധ പദ്ധതികളാണ് തീരദേശ വികസന കോര്‍പ്പറേഷന്‍ ആലപ്പുഴയില്‍ നടപ്പാക്കുന്നത്. ഇതില്‍ 7.51 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

37.32 കോടി രൂപയുടെ പദ്ധതിനിര്‍വ്വഹണം വിവിധ ഘടങ്ങളിലാണ്. 8.95 കോടി രൂപയുടെ പദ്ധതികള്‍ ഭരണാനുമതിയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നു. ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശ്രീ കെ സി വേണുഗോപാല്‍ എം പി, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിരാമ്മ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബബിത ജയന്‍, തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ് വിനോദ് കുമാര്‍, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ കരുണാകരന്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ കെ അമ്പാടി, റീജിയണല്‍ മാനേജര്‍ ഡോ പി റ്റി മാത്യു, ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീ അനില്‍ ബി കളത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.