Breaking News

Trending right now:
Description
 
Feb 15, 2015

ആഗോള സ്വര്‍ണഡിമാന്‍ഡ്‌ നാലാം പാദത്തില്‍ 6 ശതമാനം വര്‍ദ്ധിച്ചു

image കൊച്ചി: രണ്ടായിരത്തിപതിമൂന്നിലെ സ്വര്‍ണവിലയിലെ മാറ്റംമറിച്ചിലുകളില്‍നിന്ന്‌ വിമുക്തമായ സ്വര്‍ണവിപണിയില്‍ കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ ആവശ്യകത വര്‍ദ്ധിച്ചു. സ്വര്‍ണാഭരണങ്ങള്‍ക്കു ഡിമാന്‍ഡ്‌ കൂടുകയും സെന്‍ട്രല്‍ ബാങ്കുകള്‍ കൂടുതല്‍ സ്വര്‍ണം കരുതല്‍ നിക്ഷേപമായി വാങ്ങുകയും ചെയ്‌തതോടെ നാലാം പാദത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറുശതമാനമാണ്‌ വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍, മുന്‍ വര്‍ഷത്തേക്കാള്‍ 2014-ല്‍ വാര്‍ഷിക സ്വര്‍ണ ഡിമാന്‍ഡ്‌ നാലു ശതമാനം കുറവായിരുന്നു. 
മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2014-ല്‍ ആകെ ഡിമാന്‍ഡ്‌ 4087.6 ടണ്ണില്‍നിന്ന്‌ 3924 ടണ്ണായി കുറഞ്ഞു. ആഭരണങ്ങള്‍ക്കുള്ള ആഗോള സ്വര്‍ണ ഡിമാന്‍ഡ്‌ മുന്‍വര്‍ഷത്തേക്കാള്‍ പത്തുശതമാനം കുറഞ്ഞ്‌ 2153 ടണ്ണിലെത്തി. എന്നാല്‍, സെന്‍ട്രല്‍ ബാങ്കുകള്‍ക്കുള്ള ആവശ്യകത 409.3 ടണ്ണില്‍നിന്ന്‌ 477.2 ടണ്ണായി വര്‍ദ്ധിച്ചു. 
നാലാം പാദത്തില്‍ സ്വര്‍ണ ഡിമാന്‍ഡ്‌ 987.5 ടണ്‍ ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 930 ടണ്‍ ആയിരുന്നു ഡിമാന്‍ഡ്‌. ആഭരണങ്ങള്‍ക്കുള്ള ആവശ്യം ഒരു ശതമാനം വര്‍ദ്ധിച്ച്‌ 575 ടണ്ണായി. നിക്ഷേപത്തിനായുള്ള സ്വര്‍ണത്തിന്റെ ഡിമാന്‍ഡ്‌ 180 ടണ്ണില്‍നിന്ന്‌ പത്തുശതമാനം വര്‍ദ്ധിച്ച്‌ 198 ടണ്ണായി. എന്നാല്‍ സ്വര്‍ണബാറുകള്‍ക്കും നാണയങ്ങള്‍ക്കും 22 ശതമാനം ഡിമാന്‍ഡ്‌ കുറഞ്ഞു. സെന്‍ട്രല്‍ ബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍ 40 ശതമാനം വര്‍ദ്ധിച്ച്‌ 119.1 ടണ്ണായി. കഴിഞ്ഞ വര്‍ഷം 85 ടണ്‍ മാത്രമായിരുന്നു സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയിരുന്നത്‌. 
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ഡിമാന്‍ഡ്‌ എട്ടു ശതമാനം വര്‍ദ്ധിച്ച്‌ 662 ടണ്ണിലെത്തി. 1995-നു ശേഷമുള്ള ഏറ്റവും മികച്ച ഡിമാന്‍ഡാണിത്‌. ഇതേസമയം ചൈനയില്‍ സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ഡിമാന്‍ഡില്‍ 33 ശതമാനം കുറവുണ്ടായി. സ്വര്‍ണാഭരങ്ങളുടെ കാര്യത്തില്‍ യുകെയില്‍ 18 ശതമാനവും അമേരിക്കയില്‍ ഒന്‍പതു ശതമാനവും വര്‍ദ്ധനയുണ്ടായി.