Breaking News

Trending right now:
Description
 
Feb 12, 2015

ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ ആദ്യ ദേശീയ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍

സിറിയക് സ്‌കറിയ
image ന്യൂയോര്‍ക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ആദ്യ ദേശീയ കണ്‍വന്‍ഷന്‍ 2015 ഒക്ടോബര്‍ 9 മുതല്‍ 12 വരെ ന്യൂയോര്‍ക്കില്‍ നടത്തുന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് അജയ്‌ഘോഷ്, ജനറൽ സെക്രട്ടറി വിനീത നായര്‍, ബോർഡ്‌  ഓഫ്  ഡയറക്ടർസ്   ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സക്കറിയ തുടങ്ങിയ പ്രമുഖ  മാധ്യമപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന എക് സിക്യൂട്ടീവ് കമ്മിറ്റി കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. 
ഇന്ത്യന്‍ വംശജരായ മാധ്യമ പ്രവര്‍ത്തകരുടെ ശബ്ദമായ ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബ് കഴിഞ്ഞവര്‍ഷമാണ്  രൂപീകരിച്ചത്. ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ കഴിവുകളും ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുന്നതിനുളള വേദി  എന്ന നിലയിലാണ് കണ്‍വന്‍ഷന്‍ നടത്തുന്നതെന്നു  പ്രസിഡന്റ് അജയ് ഘോഷ് പറഞ്ഞു. രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ പരസ്പര സഹകരണം ഉറപ്പാക്കുന്നതിനും അതിലൂടെ തൊഴില്‍ സാഹചര്യവും നിലവാരവും ഉയര്‍ത്തുകയുമാണ് ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബ് കൂട്ടായ്മയുടെ ലക്ഷ്യമെന്നു ബോര്‍ഡ് ഓഫ് ഡയറക്ടർസ്  ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സക്കറിയ പറഞ്ഞു. നോര്‍ത്ത് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും  അച്ചടി- ദൃശ്യ- ഓണ്‍ലൈന്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രയോജനകരമായ പരിപാടികളായിരിക്കും കണ്‍വന്‍ഷനിൽ ഉൾപ്പെടുത്തുന്നതെന്ന്  ജനറൽ സെക്രട്ടറി വിനീത നായര്‍ പറഞ്ഞു.  ഇന്ത്യന്‍ സമൂഹത്തെ അമേരിക്കന്‍ മുഖ്യധാരാമാധ്യമങ്ങള്‍ക്കിടയിലെ ഉറച്ച ശബ്ദമാകാന്‍ കഴിയത്തക്ക നിലയിലേക്കുയര്‍ത്തുന്നതിനാണ് ഐഎപിസിയുടെ പ്രവര്‍ത്തനങ്ങള്‍ വരും കാലങ്ങളില്‍ വഴിതെളിയിക്കുകയെന്ന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫാ. ജോണ്‍സന്‍ പുഞ്ചകോണം കൂട്ടിചേർത്തു .  

ജനാധിപത്യത്തിന്റെ നാലാമത്തെ തൂണ് എന്ന് വിശേഷിപ്പിക്കാവുന്ന പ്രസ് ഒരു ഏകീകൃത സംവിധാനത്തിന്റെ ശക്തിയിലും ഊര്‍ജ്ജസ്വലതയിലും പരിപോഷിപ്പിച്ചെടുക്കുന്നത് സാമൂഹ്യനന്മയ്ക്കും സാമൂഹ്യപ്രതിബദ്ധതയ്ക്കും ഉതകുമെന്നതാണ്  ഐഎപിസി എന്ന മാധ്യമകൂട്ടായ്മയുടെ  പ്രസക്തി. Informed Action Promotes Change എന്ന മുദ്രാവാക്യം പ്രവര്‍ത്തന രേഖയായ ഐഎപിസി  മാറുന്ന ലോകത്തിന്റെ പതാക വാഹകരാണ്.  'മാറ്റുവിന്‍ ചട്ടങ്ങളെ' എന്ന വാചകം അന്വര്‍ഥമാക്കുമാറ് പുത്തന്‍ ആശയങ്ങളുടെയും പ്രവര്‍ത്തന ശൈലിയുടെയും ഒരു പ്രഫഷണല്‍ ആവിഷ്‌ക്കാരമാണ്  ഐഎപിസി കൊണ്ട് ലക്ഷ്യമിടുന്നത് . ചിന്തയും വിചാരവീഥിയും പുനരുദ്ധരിക്കുന്നതിലൂടെ സമൂഹപുനര്‍സൃഷ്ടി സാധ്യമാക്കാം എന്ന് മാധ്യമ ലോകം കാലാകാലങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. തികച്ചും പ്രാദേശികവും മതപരവും ഇന്ത്യന്‍ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളതുമായ വാര്‍ത്തകളാണ് ഇന്ത്യൻ, ഏഷ്യന്‍ മാധ്യമങ്ങളിൽ  സാധാരണ നിറയാറുള്ളത്. എന്നാല്‍, ഇത്തരം സാധാരണ മേഖലകളില്‍ നിന്ന് ഉയര്‍ന്നു നിന്നുകൊണ്ട് പത്ര, ഇലക്ടോണിക് മാധ്യമങ്ങളുടെ സാധ്യതകള്‍ അതിബഹുലമായ രംഗങ്ങളില്‍ പരീക്ഷിച്ചു വിജയിക്കുന്നതിലാണ് ഐഎപിസി അംഗങ്ങള്‍ പ്രതിജ്ഞാബദ്ധരായിട്ടുള്ളത്. അമേരിക്കയിൽ ഇന്ത്യന്‍ വംശജര്‍  കടന്നു ചെല്ലാത്ത കര്‍മ്മ മേഖലയില്ല, നല്‍കാത്ത സംഭാവനകളും. വിവിധ  മാധ്യമങ്ങളിലൂടെ ഇവയൊക്കെ അവതരിപ്പിച്ചു കാണാനും  ജനാഭിമുഖ്യമുള്ള ആശയങ്ങൾ   പ്രചാരം നേടാനും  ഐഎപിസി വഴിയൊരുക്കും. 

നോര്‍ത്ത് അമേരിക്കയെ വിവിധ സോണുകളായി തിരിച്ച് ഐഎപിസിയുടെ പ്രാദേശിക ചാപ്റ്ററുകളും ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
കൂടുതല്‍വിവരങ്ങള്‍ക്ക്: http://indoamericanpressclub.com/