Breaking News

Trending right now:
Description
 
Feb 12, 2015

ശകുന്തളയുടെ വാലന്റയിന്‍ ദിനസമ്മാനം...

കഥ , ജിജി മോള്‍ ഇ എസ്‌
image പുതിയതായി പണിത വീടിന്റെ കറന്റ്‌ കണക്ഷനു വേണ്ടി ഉടമസ്ഥാവകാശ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റു മേടിക്കാന്‍ ഞാന്‍ പഞ്ചായത്ത്‌ ഓഫിസില്‍ ചെന്നതായിരുന്നു. അവിടെ അതാ ഇരിക്കുന്ന യുഡി ക്ലാര്‍ക്ക്‌ ശകുന്തള. പ്രീഡിഗ്രിക്ക്‌ എഫ്‌ ബാച്ചിലെ എന്റെ സഹപാഠിയായിരുന്നു ശകുന്തള. ഞാന്‍ കണ്ണുതിരുമി ഒന്നുകൂടി അസൂയയോടെ നോക്കി ഉറപ്പു വരുത്തി. അതേ അവള്‍ തന്നെ. അവള്‍ക്ക്‌ കാര്യമായ മാറ്റമില്ല ഇത്തിരികൂടി തടിച്ചിട്ടുണ്ട്‌. 

എണ്ണ കറുപ്പുള്ള പെണ്ണ്‌. ഉരുണ്ട ശരീരം, ഇത്തിരി ഉന്തിയ പല്ല്‌ . സത്യത്തില്‍ പണ്ട്‌ അവളുടെ കൂടെ നടക്കുമ്പോഴാണ്‌ എനിക്ക്‌ അഭിമാനവും ആത്മവിശ്വാസവും തോന്നിയിരുന്നത്‌. തീര്‍ച്ചയായും അവളെക്കാള്‍ ചന്തമുണ്ടായിരുന്നത്‌ എനിക്കായിരുന്നുവെന്നായിരുന്നു എന്റെ വിശ്വാസം. 
ആയിടയ്‌ക്ക്‌ ഞങ്ങള്‍ സ്ഥിരമായി യാത്ര ചെയ്‌തിരുന്ന ടിഎംഎസ്‌ ബസില്‍ നിന്നു പതുക്കെ ഒഴിവായി അവള്‍ കോളെജ്‌ യാത്ര ബോസ്‌ക്കോ ബസിലേയ്‌ക്ക്‌ മാറ്റിയത്‌. ആ മാറ്റം എന്തിനെന്നു ആദ്യമെനിക്ക്‌ മനസിലായില്ല. പിന്നെയാണ്‌ ഞാനാ ഞെട്ടിക്കുന്ന ആകാഴ്‌ച കണ്ടത്‌ 

ചുവന്ന പൂക്കള്‍ വാരി പുതച്ചു വാകമരച്ചുവട്ടില്‍ അവളും സുധീഷും ഒരുമിച്ചിരിക്കുന്നു. 

ഞാന്‍പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ വാലന്റയിന്‍സ്‌ ഡേ എന്നൊന്നുംകേട്ടിട്ടില്ല. എന്നാല്‍ കാമ്പസ്‌ നിറയെ തലയ്‌ക്കു പിടിക്കുന്ന രാഷ്ട്രീയവും പ്രണയവും ഉണ്ടായിരുന്നു. അധ്യാപകരാവട്ടെ ആരുടെയും പ്രണയത്തില്‍ ഇടപെട്ടിട്ടില്ല. രാഷ്ട്രീയത്തിലും. 
അതുകൊണ്ടു തന്നെ കാമുകി കാമുകന്മാര്‍ സുന്ദരവും സൗമ്യവുമായ പ്രണയ ചിന്തകള്‍ പങ്കിട്ടു കാമ്പസിലൂടെ നിര്‍ഭയം നടന്നിരുന്നു. രാഷ്ട്രീയകാര്‍ക്കും കലാകാരാന്മാര്‍ക്കും കൂവല്‍ തൊഴിലാളികള്‍ക്കും എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ടായിരുന്ന നല്ല കാലം


മൂന്നാം വര്‍ഷ എക്കണോമിക്‌സ്‌ ഡിഗ്രി വിദ്യാര്‍ത്ഥിയായ സുധീഷ്‌ ഞങ്ങളുടെ തോറ്റകൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. അത്യാവശ്യം സുമുഖന്‍. മിമിക്രിയിലും പ്രസംഗത്തിലും പ്രാഗത്ഭ്യം തെളിയിച്ച എസ്‌ എഫ്‌ ഐയുടെ കരുത്തനായ പോരാളി. സുധീഷിനെ പ്രേമിക്കാന്‍ സുന്ദരികളായ പലരും തയാറായി നില്‍ക്കുമ്പോഴാണ്‌ ശകുന്തളയെ പ്രേമിക്കുക എന്ന അന്തവും കുന്തവുമില്ലാത്ത തീരുമാനം എടുത്തു സുധീഷ്‌ ഞങ്ങളെയെല്ലാം അതിശയിപ്പിച്ചത്‌. അതുകൊണ്ടു തന്നെ അവര്‍ കാമുകി കാമുകന്മാര്‍ അല്ലെന്നും സുഹൃത്തുക്കള്‍ മാത്രമാണെന്നും കാമ്പസില്‍ സംസാരമുണ്ടായി. എന്നാല്‍ സുധീഷ്‌ ആ വാര്‍ത്തയെ ശക്തമായി എതിര്‍ത്തു കൊണ്ടു ദളിതയായ, അത്ര സുന്ദരിയല്ലാത്ത ശകുന്തള തന്നെ തന്റെ ഭാവി വധുവും ഇപ്പോഴത്തെ കാമുകിയുമെന്നു പ്രഖ്യാപിച്ചു കളഞ്ഞു. അവര്‍ പ്രാവുകളെപ്പോലെ ചേര്‍ന്നിരിക്കുകയും വിശാലമായ കാമ്പസില്‍ ആരുമില്ലെന്ന ഭാവത്തില്‍ കൈകളില്‍ പരസ്‌പരം ചുംബിക്കുകയും ചെയ്‌തിരുന്നു. 
എന്നെ പോലെ നിര്‍ഭാഗ്യവതികളായ പ്രണയ രഹിതര്‍ അവരുടെ പ്രണയസല്ലാപങ്ങളെ നോക്കി നെടുവീര്‍പെടുകയും സുധീഷിനെ അവള്‍ കറക്കി വീഴിച്ചതാവുമെന്നു സമാശ്വസിക്കുകയും ചെയ്‌തു.സത്യത്തില്‍ അന്നു ആണുങ്ങള്‍ പെണ്ണുങ്ങളെ കറക്കി വീഴ്‌ത്തുന്നതാണ്‌ പ്രണയത്തിന്റെ ഒരു ത്രില്ല്‌. അതുകൊണ്ടു തന്നെ ശകുന്തളയുടെ പ്രണയം യഥാര്‍ത്ഥ പ്രണയമാണെന്നു ഞങ്ങളെപ്പോലെയുള്ള ഇടത്തരം സുന്ദരികളും സുന്ദരന്മാരും ഒരു കാരണവശാലും അംഗീകരിച്ചില്ല 
യാതൊരുവിധ മടുപ്പുകൂടാതെ രണ്ടുമൂന്നു മണിക്കൂര്‍ അവര്‍ സംസാരിക്കുന്നത്‌ എന്തായിരിക്കുമെന്നു ഞങ്ങളെ പോലെയുള്ള പ്രണയ രഹിതര്‍ ആലോചിച്ചു നെടുവീര്‍പ്പെട്ടുരുന്നു.
എല്ലാ പ്രീഡിഗ്രി പ്രണയം പോലെ അതും ഒരു വഴിക്ക്‌ ആകുമെന്നു ഞങ്ങളെല്ലാം സമാശ്വിസിച്ചു. 

ഡിഗ്രി കഴിഞ്ഞ്‌ സുധീഷ്‌ ബോംബെയ്‌ക്ക്‌ പോയി. മഴ കാത്തിരിക്കുന്ന വേഴമ്പലിനെപ്പോലെ ശകുന്തള പ്രീഡിഗ്രി രണ്ടാം വര്‍ഷം മുഴുവന്‍ സുധീഷിന്റെ കത്തുകള്‍ക്കായി കാത്തിരുന്നു. കത്തുകള്‍ വരാതായതോടെ പ്രസരിപ്പും ആഹ്ലാദവും നഷ്ടപ്പെട്ടു. ഏകയായ ചിലപ്പോഴൊക്കെ അവള്‍ വാകമരച്ചുവട്ടില്‍ ഇരിക്കുന്നത്‌ കണ്ട്‌ ഞാന്‍ മനസില്‍ ആര്‍ത്തു ചിരിച്ച്‌ അവളെ ചേര്‍ത്തു പിടിച്ചു ആശ്വസിപ്പിച്ചു. 

സത്യത്തില്‍ ഞാന്‍ ആരെയും പ്രേമിക്കാത്തത്‌ ഇത്തരം പുരുഷ ചതികളെക്കുറിച്ച്‌ വീണ്ടു വിചാരം ആവശ്യത്തിനുള്ളതു കൊണ്ടാണെന്നു കൂടെ കൂടെ അവളെ ഓര്‍മ്മിപ്പിക്കുകയും ചെയ്‌തിരുന്നു. എന്തായാലും പ്രീഡിഗ്രിക്ക്‌ അവള്‍ തോറ്റു . ഞാന്‍ ഫസ്റ്റ്‌ ക്ലാസോടെ ജയിച്ചു കാമ്പസും വിട്ടു. അതോടെ ശകുന്തളയുമായുള്ള സൗഹൃദവും അവസാനിച്ചിരുന്നു. അതിനു ശേഷം ഇന്ന്‌ ഈ പഞ്ചായത്ത്‌ ഓഫിസില്‍ വച്ചാണ്‌ അവളെ കാണുന്നത്‌. 


അവള്‍ സ്‌നേഹത്തോടെ എന്റെ കയ്യില്‍ പിടിച്ചു അപേക്ഷ വാങ്ങി സെക്രട്ടറിയെ കണ്ടു സര്‍ട്ടിഫിക്കറ്റും വാങ്ങി തന്നു. 
സത്യത്തില്‍ അവളുടെ കയ്യില്‍ നിന്ന്‌ എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നായിരുന്നു എന്റെ ചിന്ത. എന്താണ്‌ എന്റെ ജോലിയെന്നവള്‍ ചോദിക്കുമെന്നും അപ്പോള്‍ വീട്ടമ്മയാണെന്ന പറയാനുള്ള നാണക്കേടുമൂലം ഉരുകുകയായിരുന്നു ഞാന്‍. പക്ഷേ അവള്‍ എന്നെ വിടാന്‍ ഭാവമില്ല. അടുത്തുള്ള കാന്റിനിലേയ്‌ക്ക്‌ വിളിച്ചു കൊണ്ടു പോയി പരിപ്പു വടയും ചായയും വാങ്ങിത്തന്നു. ശകുന്തള എന്റെ നമ്പര്‍ വാങ്ങി ഇനിയും വിളിക്കാമെന്നു പറഞ്ഞു എന്നെ യാത്രയാക്കി. വിളിക്കരുതെന്നു ഞാന്‍ ശക്തമായി ആഗ്രഹിച്ചിരുന്നതു കൊണ്ടു വേഗം അവിടെ നിന്നു രക്ഷപ്പെട്ടു.

ബസിലിരുന്ന്‌ ഞാന്‍ ആലോചിക്കുകയായിരുന്നു. ശകുന്തള ഇതുവരെ എന്താ കല്യാണം കഴിക്കാത്തത്‌? കല്യാണത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അവളുടെ മുഖത്ത്‌ വിഷാദത്തിന്റെ നീലിമ പടര്‍ന്നിരുന്നവോ? അപ്പോഴും ഞാന്‍ സമാശ്വസിച്ചു. ജോലി കിട്ടിയില്ലെങ്കില്‍ എന്താ എനിക്ക്‌ കല്യാണം കഴിക്കാനും രണ്ടു കുട്ടികളുടെ അമ്മയാവാനും പറ്റിയില്ലേ... ? എത്ര ജോലി കിട്ടിയാല്‍ എന്താ ജീവിതം ഇല്ലല്ലോ?

കുറെ ദിവസങ്ങള്‍ക്ക്‌ ശേഷം ഞാന്‍ ശകുന്തളയെ മനപൂര്‍വം മറന്നു തുടങ്ങിയപ്പോഴാണ്‌ ശകുന്തളയുടെ ഫോണ്‍ എന്നെ തേടി അപ്രത്യക്ഷമായി എത്തിയത്‌. 
അവളുടെ പ്രീഡിഗ്രി കാലത്തെ സ്‌നേഹിതനായ സുധീഷിന്റെ വീട്‌ അന്വേഷിച്ചു പോകാന്‍ ഒരു ദിവസം കൂട്ടു ചെല്ലാമോയെന്നു ചോദിച്ചായിരുന്നു ഫോണ്‍. 
ഞാന്‍ അതിശയിച്ചു പോയി. അയ്യേ, പ്രീഡിഗ്രികാലത്തെ പ്രേമത്തെക്കുറിച്ച്‌ ഈ 36-ാം വയസിലും ചിന്തിച്ചിരിക്കാന്‍ നിനക്കു നാണമില്ലേ.. ഞാന്‍ അവളോടു ചോദിച്ചു.
വെറുതേ ഒന്നു കണ്ടാല്‍ മാത്രം മതി. നിന്നെ വീണ്ടു കണ്ടപ്പോള്‍ മുതല്‍ സുധീഷിനെക്കുറിച്ചുള്ള ചിന്ത കാരണം എനിക്ക്‌ ഉറങ്ങാന്‍ പറ്റുന്നില്ല അവള്‍ ദയനീയതയോടെ പറഞ്ഞു 

അവളുടെ സ്‌നേഹത്തിന്റെ തീവ്രത കൊണ്ടാവണം ഞാന്‍ സമ്മതിച്ചു. മുണ്ടക്കയത്തായിരുന്നു സുധീഷിന്റെ വീട്‌. സുധീഷിന്റെ വീട്‌ അന്വേഷിച്ചു ചെന്നപ്പോഴാണറിയുന്നത്‌ സുധീഷ്‌ വിവാഹം കഴിച്ചു മൂന്നു മക്കളുമായി തിരുവനന്തപുരത്താണ്‌ താമസം. ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങാന്‍ നേരത്ത്‌ സുധീഷിന്റെ അമ്മ ദയനീയതയോടെ ശകുന്തളയുടെ കയ്യില്‍ പിടിച്ചു പറഞ്ഞു. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയാണ്‌.. ശകുന്തള അവരെ ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിച്ചു.

അവനു രോഗമാ.. രണ്ടു കിഡ്‌നിയും പോയി. കിഡ്‌നി അടിയന്തരമായി മാറ്റിവയ്‌ക്കണം. എന്റെ കിഡ്‌നി അവനു ചേരില്ല. അല്ലായിരുന്നുവെങ്കില്‍ ഞാന്‍ കൊടുത്തേനെ. അവര്‍ വിതുമ്പി. എ നെഗറ്റീവ്‌ കിഡ്‌നിയാ ആരുടെയെങ്കിലും കിട്ടുമോ? വീടും സ്ഥലവും അവന്റെ ചികിത്സയ്‌ക്കായി വിറ്റിരിക്കുകയാ.. അതു മുഴുവന്‍ കൊടുക്കാം.. 

ഞാന്‍ ആ വൃദ്ധയെ ആശ്വസിപ്പിക്കാനായി പറഞ്ഞു. അമ്മ കരയരുത്‌. തിരുവനന്തപുരത്തുള്ള എന്റെ കൂട്ടുകാരി ശ്രീജ ഫെയ്‌സ്‌ ബുക്കിലൂടെ കിഡ്‌നി രോഗികളെ സഹായിക്കുന്നയാളാണ്‌. ശ്രീ ഫൗണ്ടേഷന്‍ എന്ന സംഘടനയെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഞാന്‍ വാചലയായി. വാര്‍ധക്യം കൊണ്ട്‌ ചുളിഞ്ഞ കണ്ണുകളില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ വിടരുന്നു വന്നു.
അമ്മ പ്രതീക്ഷയോടെ സുധീഷിന്റെ ഫോണും ഫോട്ടയും എന്റെ കയ്യില്‍ തന്നു. ശകുന്തള പാവയെപ്പോലെ മരവിച്ചു നില്‍ക്കുകയാണ്‌. അവള്‍ കരയുമെന്നു ഞാന്‍ ഭയപ്പെട്ടു പോയി..
ബസില്‍ അവളുടെ സമീപത്തിരിക്കുമ്പോള്‍ ഞാന്‍ അവളോടു പറഞ്ഞു. 
"നിന്നെ ചതിച്ചതിന്‌ അവനു ദൈവം നല്‍കിയ ശിക്ഷയാ.. ഈ രോഗം." അവളെന്റെ വാ പൊത്തി

അവള്‍ എന്റെ കയ്യില്‍ പിടിച്ചു കൊണ്ടു ഉറച്ച ശബ്ദത്തില്‍ പറഞ്ഞു എന്റെ ഗ്രൂപ്പും എ നെഗറ്റീവാ.. സുധീഷ്‌ ഒരിക്കലും അറിയേണ്ട, നിന്റെ കൂട്ടുകാരി ശ്രീജ വഴി എന്റെ കിഡ്‌നി അവനു നല്‍കണം. ഇപ്പോഴത്തെ കൂട്ടികളൊക്കെ പ്രേമിക്കുന്നവര്‍ക്ക്‌ സമ്മാനം നല്‍കാറില്ലേ.. ഞങ്ങള്‍ പ്രേമിച്ചിരുന്ന കാലത്ത്‌ ഒന്നും സമ്മാനമായി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അവന്‍ അറിയാതെ അവനു ഞാന്‍ നല്‍കുന്ന വാലന്റയിന്‍ സമ്മാനം.. അവള്‍ ചിരിച്ചു..
എപ്പോഴും എന്നെ അസൂയപ്പെടുത്തുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന അവളെ സത്യത്തില്‍ ആദ്യമായി ആരാധനയോടെ ഞാന്‍ ചേര്‍ത്തു പിടിച്ചു ഉമ്മ വച്ചു.