Breaking News

Trending right now:
Description
 
Dec 05, 2012

യുഎന്‍എ വിദേശ നഴ്‌സുമാരെ ഉള്‍പ്പെടുത്തി പ്രവാസി യൂണിറ്റുകള്‍ സ്ഥാപിക്കും

image ഗള്‍ഫ്‌ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ മലയാളികളുടെ അഭ്യര്‍ത്ഥന മാനിച്ച്‌ യുണൈറ്റ്‌ഡ്‌ നഴ്‌സ്സ്‌ അസോസിയേഷന്‍ പ്രവാസി നഴ്‌സുമാരിലേയ്‌ക്കും സംഘടനാ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. സ്വദേശിവല്‍ക്കരണത്തിന്റെ പേരില്‍ സൗദി ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന്‌ നൂറു കണക്കിനു നഴ്‌സുമാരെ പിരിച്ചു വിടുന്നതായി കഴിഞ്ഞ ദിവസം ഗ്‌ളോബല്‍ മലയാളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴില്‍ ഏജന്‍സികളുടെ തട്ടിപ്പിന്‌ ഇരയാകുന്ന നഴ്‌സുമാരുടെ എണ്ണം ദിനം പ്രതി കൂടി വരുകയാണ്‌. സംഘടനാ പ്രവര്‍ത്തനങ്ങളുടെ അഭാവം മൂലം ഈ മേഖലയിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി വരുകയാണെന്നും എന്നാല്‍ ഇന്ത്യ ഗവണ്‍മെന്റ്‌ ഈ വിഷയങ്ങളില്‍ കാര്യമായ നിലപ്പാട്‌ സ്വീകരിക്കാത്തത്‌ ഖേദകരമാണെന്നും യുണൈറ്റ്‌ഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ പറഞ്ഞു. ഇന്ത്യയ്‌ക്ക്‌ വിദേശ നാണ്യം നേടി തരുന്നതില്‍ നഴ്‌സുമാര്‍ വഹിക്കുന്ന പങ്ക്‌ വലുതാണ്‌. എന്നാല്‍ ആഗോളതലത്തില്‍ മാറിയ തൊഴില്‍ സാഹചര്യങ്ങള്‍ നഴ്‌സിങ്ങ്‌ മേഖലയെയും പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. 

ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഓരോ രാജ്യങ്ങളും വ്യത്യസ്‌തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഇന്ത്യ മാത്രം ഇത്ര നിഷേധകരമായ നിലപാട്‌ സ്വീകരിക്കുന്നത്‌ ഇന്ത്യന്‍ പ്രവാസി നഴ്‌സുമാര്‍ക്ക്‌ അപമാനകരമാണെന്ന്‌ യുണൈറ്റഡ്‌ നഴ്‌സ്സ്‌ പ്രവാസി അസോസിയേഷന്‍ ആസ്‌ട്രേലിയന്‍ യൂണിറ്റിന്റെ ചാര്‍ജ്‌ വഹിക്കുന്ന വിനോദ്‌ മത്തായി പറഞ്ഞു.

യുണൈറ്റഡ്‌ നഴ്‌സ്സ്‌ പ്രവാസി അസോസിയേഷന്റെ പ്രസിഡന്റായി ജാസ്‌മിന്‍ ഷായെയും സെക്രട്ടറിയായി സുധീഷ്‌ ക്യഷ്‌ണനെയും തിരഞ്ഞെടുത്തു. നഴ്‌സിങ്ങ്‌ മാധ്യമ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വിനോദ്‌ മത്തായിയെ പ്രവാസിയൂണിറ്റുകള്‍ രൂപീകരിക്കാനുള്ള ചുമതല ഏല്‌പിച്ചതായി ജാസ്‌മിന്‍ അറിയിച്ചു. 

ഡിസംബര്‍ പത്താം തീയതി കേരള മുഖ്യമന്ത്രിയെ നേരിട്ട്‌ കണ്ട്‌ സൗദി നഴ്‌സുമാരുടെ തൊഴില്‍ വിഷയത്തില്‍ ഗവണ്‍മെന്റ്‌ അടിയന്തരമായി ഇടപെടണമെന്ന ആവിശ്യപ്പെട്ട്‌ നിവേദനം നല്‌കുവാനും യുഎന്‍എ തീരുമാനം എടുത്തിട്ടുണ്ട്‌.