Breaking News

Trending right now:
Description
 
Feb 09, 2015

ആലപ്പുഴ ബീച്ച് കൂടുതല്‍ മലിനമാകാതെ സംരക്ഷിക്കണമെന്നു ടി.ആര്‍.എ

image ആലപ്പുഴ: കേരളത്തിലെ ഏറ്റവും മനോഹരമായ കടല്‍ത്തീരങ്ങളിലൊന്നായ ആലപ്പുഴ ബീച്ച് കൂടുതല്‍ മലിനമാകാതെ സംരക്ഷിച്ചു നിലനിര്‍ത്താനുള്ള നടപടികള്‍ അധികൃതരും സന്ദര്‍ശകരും ഒത്തുചേര്‍ന്നെടുക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് പഞ്ചസാര പോലെ നിറഞ്ഞു കിടന്നിരുന്ന വൃത്തിയുള്ള വെളുത്ത മണ്ണിനു പ്രസിദ്ധി കേട്ട ബീച്ച് ഇപ്പോള്‍ തവിട്ടു നിറമായി മാറിക്കൊണ്ടിരിക്കുകയാണ്. മണ്ണില്‍ ദിനംപ്രതി വീഴുന്ന കപ്പലണ്ടിതോടു മുതല്‍ ഒട്ടകചാണകം വരെ ഇതിനു കാരണമാകുന്നുണ്ട്. പല ബീച്ചുകളും കടലില്‍ നിന്നു ഒഴുകിയെത്തുന്ന എണ്ണ പോലെയുള്ള വസ്തുക്കള്‍ കൊണ്ടാണ് നിറം മാറുന്നതെങ്കില്‍ ആലപ്പുഴ ബീച്ചില്‍ സന്ദര്‍ശകര്‍ ഉപേക്ഷിച്ചു പോകുന്ന പാഴ്‌വസ്തുക്കളാണ് ഇതിനു കാരണമാകുന്നത്. ദിവസേന ആയിരക്കണക്കിനു സന്ദര്‍ശകരാണ് ബീച്ചില്‍ ഉല്ലാസത്തിനെത്തുന്നത്.

ബീച്ചില്‍ ഇടയ്ക്കിടെ സൗന്ദര്യവത്കരണ പദ്ധതികള്‍ നടപ്പാക്കുമെങ്കിലും അതിനു തുടര്‍നടപടികളില്ലാത്തതിനാല്‍ പൂര്‍ണപ്രയോജനം ഉണ്ടാകാറില്ല. പലയിടങ്ങളും പൊട്ടിപ്പൊളിഞ്ഞാലും ഉടന്‍ നന്നാക്കാന്‍ നടപടിയില്ല. ബീച്ചിലേക്കുള്ള റോഡ് സദാ കുണ്ടും കുഴിയുമായിട്ടാണ് കിടപ്പ്. നടപ്പാതകളില്‍ പോലും കച്ചവടക്കാര്‍ ആധിപത്യമുറപ്പിച്ചിരിക്കുന്നു. വിനോദസഞ്ചാരികളുടെ ആകര്‍ഷണങ്ങളില്‍ ഒന്നായ കടല്‍പ്പാലം അറ്റകുറ്റപ്പണികള്‍ നടത്താതെ ഒരിക്കലും പുനഃരുദ്ധരിക്കാനാകാത്തവിധം തകര്‍ന്നു. കടല്‍ത്തീരത്തു നിന്നു മണ്ണും വിരിച്ചിരിക്കുന്ന ടൈലുകളും വരെ മോഷണം പോകുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

പാഴ്‌വസ്തുക്കള്‍ ശേഖരിക്കാന്‍ ചവറ്റുതൊട്ടികള്‍ പോലുമില്ല. അതിനാല്‍ പ്ലാസ്റ്റിക് കുപ്പികളും ഐസ്‌ക്രീം കപ്പുകളും കടലാസ് പ്ലേറ്റുകളും മറ്റും ബീച്ചിലാകെ ചിതറിക്കിടക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികള്‍ മാത്രമാണ് ചില സ്വകാര്യവ്യക്തികള്‍ പെറുക്കിക്കൊണ്ടു പോകുന്നത്. മൂന്നു വര്‍ഷം മുന്‍പ് ചില സന്നദ്ധ സംഘടനകള്‍ ചവറിടാന്‍ വീപ്പകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും അവ വൈകാതെ അപ്രത്യക്ഷമായി. ചവറിടാന്‍ സംവിധാനമേര്‍പ്പെടുത്തിയാല്‍ മണ്ണില്‍ വലിച്ചെറിയുന്ന സ്വഭാവം സന്ദര്‍ശകര്‍ ഉപേക്ഷിക്കും.

സന്ദര്‍ശകരെത്തുന്ന വാഹനങ്ങളില്‍ നിന്നുള്ള വന്‍ഫീസ് പിരിവ് മാത്രം ഊര്‍ജിതമായി നടത്തുന്നുണ്ട്. യാതൊരു സേവനവും നല്കാതെ നേരമ്പോക്കിനെത്തുന്നവരില്‍ നിന്നു തുക പിരിക്കുന്നതില്‍ പ്രതിഷേധം നിലനില്ക്കുന്നുണ്ടെന്നു ടി.ആര്‍.എ ചൂണ്ടിക്കാട്ടി. ഏകദേശം ഒരു കിലോമീറ്ററോളം നീളമുള്ള ആലപ്പുഴ ബീച്ച് ഉല്ലാസത്തിനും കളികള്‍ക്കും സാംസ്‌ക്കാരിക പരിപാടികള്‍ക്കും മറ്റുമായി വിഷയാടിസ്ഥാനത്തില്‍ വേര്‍തിരിച്ചു മാതൃകാപരമാക്കണമെന്നും തുമ്പോളി, പുന്നപ്ര തുടങ്ങിയ സമീപ ബീച്ചുകള്‍ വികസിപ്പിക്കണമെന്നുമുള്ള വര്‍ഷങ്ങളായുള്ള ആവശ്യം അധികാരികള്‍ പരിഗണിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കാറ്റുകൊണ്ടു വിശ്രമിക്കാന്‍ എത്തുന്ന ആള്‍ക്കാരുടെ ഇടയിലൂടെയുള്ള കളികള്‍ അസൗകര്യവും അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്. ബീച്ച് കായികകലകള്‍ക്കു ഏറെ സാധ്യതയുള്ള ആലപ്പുഴയില്‍ അതിനു വേണ്ടുന്ന പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി വേര്‍തിരിച്ചു നല്കുകയാണ് വേണ്ടതെന്നും ടി.ആര്‍.എ ഓര്‍മ്മിപ്പിച്ചു.