Breaking News

Trending right now:
Description
 
Feb 09, 2015

വിശ്വാസ തീക്ഷ്‌ണതയില്‍ മാരാമണ്‍ കണ്‍വന്‍ഷനു തുടക്കം

image പമ്പാ മണല്‍പ്പുറത്ത്‌ 120-ാം മാരാമണ്‍ കണ്‍വന്‍ഷനു തുടക്കമായി. വിശ്വാസത്തിലൂന്നിയ മാനവികതയുടെ വക്താക്കളാകാനുള്ള ആഹ്വാനത്തോടെ മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു. ലോകത്തിന്റെ അറ്റത്തോളം നിങ്ങള്‍ എന്റെ സാക്ഷികളാകുവിന്‍ എന്ന തിരുവചനം വ്യക്തികളെയും സമൂഹത്തെയും നയിക്കണമെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. മത പരിവര്‍ത്തനമല്ല, കാലാകാലങ്ങളില്‍ നടപ്പിലിരിക്കുന്ന സാഹചര്യങ്ങളില്‍ ദൈവവചനം ആനുകാലികമായി ഗ്രഹിക്കുന്നതിലൂടെയുള്ള മാനവികതയുടെ നവീകരണമാണ്‌ കണ്‍വന്‍ഷന്റെ ലക്ഷ്യം. ദൈവവചനത്തില്‍ വേരൂന്നി ജീവിക്കുമ്പോള്‍ സാമൂഹികമായ തിരുത്തലുകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തേണ്ടിവരും. ദൈവസൃഷ്ടിയെ നന്മയില്‍ നിലനിര്‍ത്താനുള്ള ദൗത്യം മനുഷ്യനുണ്ട്‌. ആര്‍ക്കും എന്തും വിളിച്ചുപറയാവുന്ന മാനവികതയാണ്‌ ഇന്നു പ്രകടമാകുന്നത്‌. ഇതു മാനവികതയുടെ മുഖം വികൃതമാക്കുകയാണ്‌. ആരോപണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നവര്‍ ഒന്നും നേടുന്നില്ല. മറിച്ച്‌, സാമൂഹികമായ അധഃപതനമാണ്‌ ഇവിടെ പ്രകടമാകുന്നത്‌. മഹാത്മാഗാന്ധി വിഭാവനം ചെയ്‌ത മൂല്യാധിഷ്‌ഠിത ജനാധിപത്യത്തിനുവേണ്ടിയാണു നാം നിലകൊള്ളേണ്ടതെന്നും ഡോ.ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്‌ തോമസ്‌ മാര്‍ തീമോത്തിയോസ്‌ എപ്പിസ്‌കോപ്പ അധ്യക്ഷതവഹിച്ചു. ദക്ഷിണാഫ്രിക്കയിലെ മെഥഡിസ്റ്റ്‌ സഭകളുടെ പ്രിസൈഡിംഗ്‌ ബിഷപ്‌ സിഫോ ഡി.സിവ മുഖ്യസന്ദേശം നല്‍കി. പ്രാരംഭ ആരാധനയ്‌ക്കു ഡോ.ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയും പ്രാര്‍ഥനയ്‌ക്കു കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവയും നേതൃത്വം നല്‍കി.