Breaking News

Trending right now:
Description
 
Feb 06, 2015

സോഷ്യല്‍ മീഡിയ സമരം അരാഷ്ട്രീയമോ?

അരുണ്‍ ജിത്ത്‌ എ പി
image ഇന്ത്യന്‍ സമര രംഗത്ത്‌ സോഷ്യല്‍ മീഡിയ വിപ്ലവം ന്യൂഡല്‍ഹി മുതല്‍ ഇങ്ങു പാലാ വരെ എത്തി നില്‍ക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നു വരുന്ന പ്രതിഷേധം വ്യത്യസ്‌തമായ സമര മുഖങ്ങള്‍ തുറന്നിടുമ്പോഴും കുറെ അരാഷ്ട്രീയ വാദികളെ സൃഷ്ടിക്കുന്നുവെന്നു പരാതി ഉണ്ടാകാറുണ്ട്‌. എന്നാല്‍ ആ വാദഗതികള്‍ക്ക്‌ യാതൊരു അടിസ്ഥാനവുമില്ല.
ഡല്‍ഹി പെണ്‍കുട്ടിക്കു വേണ്ടി യുവജനങ്ങള്‍ സോഷ്യല്‍ മീഡിയ വിപ്ലവം സൃഷ്ടിച്ചപ്പോള്‍ അവിടെ അവര്‍ക്ക്‌ കൃത്യമായൊരു നിലപാടും അനീതിക്കെതിരെ ഒരു അജന്‍ഡയും ഉണ്ടായിരുന്നില്ലേ? ഇങ്ങു കേരളത്തില്‍ സദാചാര ഗുണ്ടായിസത്തിനെതിരെ നടത്തിയ ചുംബന സമരത്തിലും ആദിവാസി നില്‍പ്പു സമരത്തിന്റെ പിന്തുണയ്‌ക്കും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച എന്റെ വക 500 എന്ന കോഴ വിരുദ്ധ സമരത്തിനും കൃത്യമായ അജന്‍ഡയില്ലേ ?
മുന്‍പില്‍ പറഞ്ഞ എല്ലാ സമരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അത്‌ മറ്റുള്ളവരിലേയ്‌ക്ക എത്തിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ഓരോരുത്തര്‍ക്കും ഓരോ യുവ സോഷ്യല്‍ മീഡിയ സുഹൃത്തുക്കള്‍ക്കും കൃത്യമായ രാഷ്ട്രീയവും അതിനേക്കാളുപരി നന്മതിന്മകളെ തിരിച്ചറിഞ്ഞ്‌ കൃത്യമായി പ്രതികരിക്കാനുള്ള വിവേകവും ഉണ്ടെന്നും നാം തിരിച്ചറിയണം.
സഹായങ്ങളും പ്രശസ്‌തിയും മാത്രമല്ല ഈ മീഡിയ പലര്‍ക്കും നേടികൊടുത്തത്‌. മുന്‍ നിരമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാതെ കൈവിട്ട പല വാര്‍ത്തകളും സോഷ്യല്‍ മീഡിയ രാഷ്ട്രീയ പക്ഷപാതം പിടിക്കാതെ ചര്‍ച്ച ചെയ്‌തു നീതി നേടിയെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. 
തിരുവനന്തപുരത്തെ ആശുപത്രിയില്‍ ഉണ്ടായ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയും ദേശീയ ഗെയിംസ്‌ അപാകതകള്‍ എല്ലാം അടങ്ങുന്ന വാര്‍ത്തകളും മുഖ്യധാരയിലേയ്‌ക്ക്‌ എത്തിക്കാന്‍ കഴിഞ്ഞത്‌ സോഷ്യല്‍ മീഡിയ ഇടപെടലുകളിലൂടെയാണ്‌. പലപ്പോഴും മുഖ്യധാര യുവജന പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും കണ്ടില്ലെന്നു നടക്കുന്ന കാമ്പുള്ള സാമൂഹിക വിഷയങ്ങളെ കൃത്യമായി പിന്തുണയ്‌ക്കുകയും അവയെ സമൂഹ മനസാക്ഷിക്കു മുന്നില്‍ എത്തിച്ചു അര്‍ഹമായ അംഗീകാരം നേടിയെടുക്കുകയുമാണ്‌ ഈ സോഷ്യല്‍ മീഡിയകള്‍. 
ഹര്‍ത്താലും ബന്ദും നടത്തിയും വണ്ടിച്ചില്ലുകള്‍ കല്ലേറില്‍ നശിപ്പിച്ചുമല്ല പ്രതിഷേധിക്കേണ്ടത്‌ എന്ന സന്ദേശം കൂടിയല്ലേ യുവ നവ മാധ്യമ സമരക്കാര്‍ മുന്നോട്ടു വയ്‌ക്കുന്നത്‌. തീര്‍ച്ചയായും ഇന്നത്തെ പുതിയ ലോകത്ത്‌ ഈ യുവജനക്കാഴ്‌ചപ്പാടിന്‌ അര്‍ഹമായ സ്ഥാനമുണ്ട്‌. ജന ഹൃദയങ്ങളുടെ വികാരം, പ്രതിഷേധിക്കേണ്ട വിഷയങ്ങളുടെ തിരഞ്ഞെടുപ്പ്‌, ഇവയില്‍ കൃത്യമായ തീരുമാനം കൈക്കൊള്ളാന്‍ കഴിയാത്ത മുന്‍നിര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌ അവരുടെ സമരാസൂത്രണങ്ങള്‍ക്ക്‌ മുമ്പ്‌ ഒന്നു ഫേസ്‌ബുക്കിലും വാട്‌സ്‌ അപ്പിലുമെല്ലാം എത്തിനോക്കാം. കാരണം അവിടെ നിന്നും കൃത്യമായ ജനപക്ഷ നിലപാട്‌ അറിയാം. ആ വിഷയങ്ങളുടെ തീവ്രത അളക്കുകയും ആകാം.